Quantcast

'ഇവിടെ ജീവിക്കാൻ എനിക്കൊരു ആധാര്‍ കാര്‍ഡ് ഉണ്ടാക്കണമെന്നുണ്ട്, അത്രയധികം ഈ രാജ്യത്തെ മിസ് ചെയ്യും'; ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെ വികാരനിര്‍ഭരനായി അമേരിക്കൻ ടൂറിസ്റ്റ്

ഇന്ത്യയില്‍ ചിലവഴിച്ച നല്ല നിമിഷങ്ങളെ സ്മരിച്ചുകൊണ്ട് ടൂ വീലറില്‍ ഇരുന്നുകൊണ്ടുള്ള ചെറുപ്പക്കാരന്റെ വീഡിയോയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ

MediaOne Logo

Web Desk

  • Published:

    30 Dec 2025 10:47 AM IST

ഇവിടെ ജീവിക്കാൻ എനിക്കൊരു ആധാര്‍ കാര്‍ഡ് ഉണ്ടാക്കണമെന്നുണ്ട്, അത്രയധികം ഈ രാജ്യത്തെ മിസ് ചെയ്യും; ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെ വികാരനിര്‍ഭരനായി അമേരിക്കൻ ടൂറിസ്റ്റ്
X

ന്യൂഡല്‍ഹി: ലോകമൊന്നടങ്കം ചുറ്റിക്കറങ്ങി തിരികെ നാട്ടിലേക്കെത്തുന്ന ഇന്ത്യക്കാരില്‍ ചിലര്‍ സ്വന്തം നാടിനെ കുറിച്ച് പലപ്പോഴും കുറ്റം പറയാറുണ്ട്. മറ്റ് നാടുകളില്‍ കണ്ടതും അനുഭവിച്ചതുമായ സംസ്‌കാരങ്ങളും സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍ എന്ന തോന്നിലിന്റെ പുറത്തായിരിക്കും മിക്കവാറും ഈ കുറ്റംപറച്ചിലുകള്‍. മറ്റ് സംസ്‌കാരങ്ങള്‍ ശീലിച്ച് നമ്മുടെ നാട്ടിലെത്തുന്ന ചില വിദേശികളും ഇന്ത്യന്‍ സംസ്‌കാരത്തെയും ചില രീതികളെയും പലപ്പോഴായി വിമര്‍ശിക്കാറുമുണ്ട്.

എന്നാലിതാ, അതില്‍ നിന്നൊക്കെയും തികച്ചും വ്യത്യസ്തമായി ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ മടങ്ങിപ്പോകാന്‍ മനസ്സുകൊണ്ട് കൂട്ടാക്കാതെ വൈകാരികമായി പ്രതികരിക്കുകയാണ് ചെറുപ്പക്കാരനായ ഒരു യുഎസ് സഞ്ചാരി. ഇന്ത്യയില്‍ ചിലവഴിച്ച നല്ല നിമിഷങ്ങളെ സ്മരിച്ചുകൊണ്ട് ടൂ വീലറില്‍ ഇരുന്നുകൊണ്ടുള്ള ചെറുപ്പക്കാരന്റെ വീഡിയോയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ നല്ല നിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് ഇയാള്‍.

'ഞാന്‍ ഗാബുരുജി. ഇന്ത്യയില്‍ ജീവിക്കാന്‍ എനിക്കൊരു ആധാര്‍ കാര്‍ഡ് ഉണ്ടാക്കണമെന്നുണ്ട്. എനിക്കിന് എട്ട് മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂ. ചെറിയ വിതുമ്പലോട് കൂടിയല്ലാതെ എനിക്ക് ഈ വീഡിയോ അവസാനിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല.' ചെറുപ്പക്കാരന്‍ വ്യക്തമാക്കി.

ഇന്ത്യയെ കുറിച്ചുണ്ടായിരുന്ന മുന്‍ധാരണകളെല്ലാം എങ്ങനെയാണ് അതിജീവിച്ചതെന്നും ഇയാള്‍ പറയുന്നുണ്ട്. 'ഇന്ത്യയിലെ എല്ലാം തൊട്ട് തഴുകി പോകണമെന്നുണ്ടായിരുന്നു. ഞാനൊരു വെള്ളക്കാരന്‍ ആയതിനാലാണ് അതിന് സാധിച്ചതെന്നായിരിക്കും അവര്‍ പറയുക. എന്നാല്‍, അങ്ങനെയല്ല. ഇവിടെ എല്ലാമുണ്ട്'. അവന്‍ കൂട്ടിച്ചേര്‍ത്തു.

'വീട് വൃത്തിയാക്കാന്‍ ആളെ തിരയുകയാണോ?ഇവിടെയുണ്ട്. മോട്ടോര്‍ സൈക്കിളില്‍ ഇന്ത്യ മൊത്തം ചുറ്റണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങളെ കൊണ്ടുപോകാന്‍ ഇവിടെ ആളുകളുണ്ട്. പാതിരാത്രിയിലും സ്ട്രീറ്റ് ഫുഡ് കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നിയാല്‍ അതിനും നിങ്ങള്‍ക്കിവിടെ ആളുകളെ കാണാനാകും'. ചെറുപ്പക്കാരന്‍ പറഞ്ഞു.

വികാരനിര്‍ഭരമായ വാക്കുകളോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്. 'സന്തോഷിപ്പിച്ചതിന് നന്ദി. അടുത്ത സന്ദര്‍ശനം വരേയ്ക്കും ഇന്ത്യയെ അങ്ങേയറ്റം ഞാന്‍ മിസ്സ് ചെയ്യും'. വീഡിയോ അവസാനിപ്പിച്ചു.

സഞ്ചാരിയുടെ വീഡിയോയ്ക്ക് താഴെ അഭിനന്ദനപ്രവാഹവുമായി നിരവധിപേരാണ് ഒത്തുകൂടിയത്. 'ഇതാണ് ഞങ്ങളുടെ ഇന്ത്യ. നാടുവിട്ടാലും അവിസ്മരണീയമായ ഞങ്ങളുടെ ഇന്ത്യ'. ഒരാള്‍ എഴുതി. 'നിങ്ങള്‍ക്ക് ഇന്ത്യ വിടാം, എന്നാലും ഇന്ത്യ നിങ്ങളെ ഒരിക്കലും വിടുകയില്ല'. മറ്റൊരാളുടെ അഭിപ്രായം.

വീഡിയോക്ക് താഴെ സമാനമായ അനുഭവം തങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് നിരവധി വിദേശസഞ്ചാരികളും പോസ്റ്റ് ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ്.

TAGS :

Next Story