ഉത്തരാഖണ്ഡിലെ മരണക്കെണി; ഹെലികോപ്റ്റര്‍ റൂട്ടില്‍ വീണ്ടും അപകടം, ഒടുവില്‍ ജീവന്‍ നഷ്ടമായത് ആറ് പേര്‍ക്ക്
ചാര്‍ ധാം ഹെലികോപ്റ്റര്‍ റൂട്ടില്‍ സമീപ കാലങ്ങളിലായി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൈലറ്റും യാത്രക്കാരും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതില്‍ അന്വേഷണം തുടങ്ങി. അപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഹെലികോപ്റ്ററിലെ ബ്ലാക്ക് ബോക്സും പൈലറ്റിന്റെ ഹിസ്റ്ററിയും എഎഐബി അന്വേഷിക്കും.
പൈലറ്റ് ഹിമാന്‍ഷു സബര്‍വാള്‍, യാത്രക്കാരായ പ്രതാപ്, അരുണ്‍ സലൂങ്കേ, ശങ്കര്‍ ഗൗഡ, സുധീര്‍ കെ, എച്ച്.എസ് നടരാജ് എന്നിവരാണ് മരിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ നിന്നുള്ളയാളാണ് ഹിമാന്‍ഷു. യാത്രക്കാര്‍ ബെംഗളൂരു സ്വദേശികളാണ്. അരുണ്‍ പൊലീസ് സേനാംഗവും ശങ്കര്‍ അഭിഭാഷകനുമാണ്.
യാത്രക്കാരുടെ മരണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അനുശോചനം രേഖപ്പെടുത്തി. മോശം കാലാവസ്ഥയായിട്ടും വിമാനം സര്‍വീസ് നടത്തിയതാണ് അപകടകാരണമായി പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.14 ഓടെ ബദരീനാഥില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു.
കഴിഞ്ഞവര്‍ഷം മോശം കാലാവസ്ഥയില്‍ സര്‍വീസ് നടത്തിയതിന് നടപടി നേരിട്ട 'ട്രാന്‍സ്ഭാരത്' കമ്പനിയാണ് ഇന്നലെയും സര്‍വീസ് നടത്തിയത്. ചാര്‍ ധാം ഹെലികോപ്റ്റര്‍ റൂട്ടില്‍ സമീപ കാലങ്ങളിലായി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2013 ജൂണ്‍ 25: കേദാര്‍നാഥ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍, ആറ് ഐടിബിപി ഉദ്യോഗസ്ഥര്‍, ഒമ്പത് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചു.
2013 ജൂലൈ 24: കേദാര്‍നാഥ് താഴ്‌വരയിലെ ഗരുഡ് ഛാട്ടിക്ക് സമീപം ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും മരിച്ചു.
2017-ല്‍ ബദരീനാഥില്‍ ടേക്ക് ഓഫിനിടെ ഉണ്ടായ അപകടത്തില്‍ ഒരു ചീഫ് എഞ്ചിനീയര്‍ മരിക്കുകയും 2018 ഏപ്രിലില്‍ കേദാര്‍നാഥില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു കാര്‍ഗോ ഹെലികോപ്റ്ററിന് തീപിടിക്കുകയും ചെയ്തു. 2018 മുതല്‍ 2022 വരെ സമാനമായ നിരവധി ലാന്‍ഡിങ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
2022 ഒക്ടോബര്‍: കേദാര്‍നാഥിന് സമീപം ആറ് ഭക്തരും ഒരു പൈലറ്റും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ ഏഴ് പേരും മരിച്ചു.
2023 ഏപ്രില്‍: കേദാര്‍നാഥില്‍ ഒരു യുസിഎഡിഎ ഉദ്യോഗസ്ഥന്‍ ഹെലികോപ്റ്ററിന്റെ ടെയില്‍ റോട്ടര്‍ ഇടിച്ചു മരിച്ചു
2025 മെയ് 8: ഉത്തരകാശിയിലെ ഗംഗ്‌നാനിയില്‍ നിന്ന് ഗംഗോത്രി ധാമിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. മെയ് മാസത്തിന്റെ തുടക്കം മുതല്‍ ജൂണ്‍ ആരംഭം വരെ സമാനമായ മറ്റു ലാന്‍ഡിങ് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2025 ജൂണ്‍ 7: അഞ്ച് തീര്‍ത്ഥാടകരുമായി കേദാര്‍നാഥിലേക്ക് പോയ ഒരു സ്വകാര്യ ഹെലികോപ്റ്റര്‍ ഗുപ്തകാശി-ഗൗരിക്കുണ്ഡ് ഹൈവേയില്‍ തകര്‍ന്നുവീണെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിനുപിന്നാലെയാണ് വീണ്ടും ഉത്തരാഖണ്ഡില്‍ ഒരു അപകടം ഉണ്ടായിരിക്കുന്നത്.
Adjust Story Font
16

