Quantcast

മദ്രസകളിൽ ശ്രീരാമനെക്കുറിച്ച് പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

ആദ്യഘട്ടത്തിൽ നാല് മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസിൽ ഉൾപ്പെടുത്തുക. പിന്നീട് വഖഫ് ബോർഡിന് കീഴിലുള്ള 117 മദ്രസകളിലേക്കും അത് വ്യാപിപ്പിക്കും.

MediaOne Logo

Web Desk

  • Published:

    28 Jan 2024 4:27 PM GMT

Uttarakhand Waqf Board says its madrasas will teach Lord Ram’s story
X

ഡൽഹി: ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്ത മദ്രസകളിൽ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കുമെന്ന് ചെയർമാൻ ഷദാബ് ഷംസ്. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ നാല് മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസിൽ ഉൾപ്പെടുത്തുക. പിന്നീട് വഖഫ് ബോർഡിന് കീഴിലുള്ള 117 മദ്രസകളിലേക്കും അത് വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ ഡെറാഡൂൺ, ഹരിദ്വാർ, ഉദ്ദം സിങ് നഗർ, നൈനിറ്റാൾ എന്നിവിടങ്ങളിലെ ഓരോ മദ്രസകളിലാണ് ശ്രീരാമനെക്കുറിച്ച് പഠിപ്പിക്കുക.

''രാജ്യം മുഴുവൻ അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ആഘോഷിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മാർച്ച് മുതൽ വഖഫ് ബോർഡിന് കീഴിലെ നാല് ആധുനിക മദ്രസകളിൽ ശ്രീരാമ കഥ പഠിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വിഖ്യാത കവിയും തത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാൽ ശ്രീരാമനെ 'ഇമാമെ ഹിന്ദ്' എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മുസ്‌ലിംകൾ ശ്രീരാമനെ പിൻപറ്റണം, കാരണം നമ്മൾ അറബികളല്ല. നമ്മൾ മതം മാറിയവരാണ്. ആരാധനാ രീതികൾ മാറ്റിയെങ്കിലും നമ്മുടെ പൂർവികരെ മറക്കരുത്''-ഷദാബ് ശംസ് പറഞ്ഞു.

ശ്രീരാമൻ എല്ലാവരുടേതുമാണ്. പിതാവിന്റെ വാക്ക് പാലിക്കാൻ സർവസ്വവും ഉപേക്ഷിച്ച ശ്രീരാമനെപ്പോലെ ഒരു മകനെ ആരാണ് ആഗ്രഹിക്കാത്തത്? ലക്ഷ്മണനെപ്പോലെ ഒരു സഹോദരനേയും സീതയെപ്പോലെ ഒരു ഭാര്യയേയും ആരാണ് ആഗ്രഹിക്കാത്തത്? ഒരു ഭാഗത്ത് നമുക്ക് ഇത്തരം കഥാപാത്രങ്ങൾ ഉള്ളപ്പോൾ മറുഭാഗത്ത് അധികാരത്തിനായി സഹോദരനെ കൊല്ലുകയും പിതാവിനെ ജയിലിലടക്കുകയും ചെയ്ത ഔറംഗസീബുണ്ട്. ഒരു കാരണവശാലും നമ്മൾ ഔറംഗസീബിനെക്കുറിച്ച് പഠിപ്പിക്കരുത്. ശ്രീരാമനെക്കുറിച്ചു പ്രാവചകൻ മുഹമ്മദിനെക്കുറിച്ചുമാണ് പഠിപ്പിക്കേണ്ടതെന്നും ഷദാബ് പറഞ്ഞു.

വഖഫ് ബോർഡിന് കീഴിലെ മദ്രസകളിൽ എൻ.സി.ഇ.ആർ.ടി സിലബസും സംസ്‌കൃത പഠനവും ഏർപ്പെടുത്തുമെന്ന് ഷദാബ് ശംസ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. മദ്രസകളിൽ യൂണിഫോം ഏർപ്പെടുത്തും. രാവിലെ 6.30ന് പ്രഭാത നമസ്‌കാരം നടക്കും. തുടർന്ന് ഒരു മണിക്കൂർ ഖുർആൻ പഠനം. എട്ട് മണി മുതൽ രണ്ട് വരെ സാധാരണ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പോലെ പ്രവർത്തിക്കുമെന്നും ഷദാബ് പറഞ്ഞു.

TAGS :

Next Story