Quantcast

"ആദ്യം കശ്മീർ.. ഇപ്പോഴിതാ ഏക സിവിൽകോഡ്, ബിജെപിയുടെ അജണ്ട ഒന്നിന് പുറകേ ഒന്നായി നടപ്പാക്കുകയാണ്"

ദേശസ്നേഹം നിങ്ങളുടെ കുത്തകയല്ലെന്നും ബിജെപി ബെഞ്ചിനെ ചൂണ്ടിക്കൊണ്ട് വൈകോ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-10 12:19:25.0

Published:

10 Dec 2022 11:11 AM GMT

ആദ്യം കശ്മീർ.. ഇപ്പോഴിതാ ഏക സിവിൽകോഡ്, ബിജെപിയുടെ അജണ്ട ഒന്നിന് പുറകേ ഒന്നായി നടപ്പാക്കുകയാണ്
X

ഡൽഹി: ഏകീകൃത സിവിൽ കോഡ് ബിൽ അവതരണത്തിനിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള എം.ഡി.എം.കെ (മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് വൈകോ. ബിൽ അവതരിപ്പിക്കാൻ ബിജെപി അംഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യം രൂക്ഷ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇതിനിടെയാണ് വൈകോയുടെ പരാമർശങ്ങൾ രാജ്യസഭയിൽ ശ്രദ്ധനേടിയത്.

നിരവധി മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന നിരവധി ദേശീയതകളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ഒരു ദേശീയതയല്ല ഉള്ളത്. ദേശസ്നേഹം നിങ്ങളുടെ കുത്തകയല്ലെന്നും ബിജെപി ബെഞ്ചിനെ ചൂണ്ടിക്കൊണ്ട് വൈകോ പറഞ്ഞു. ഇതോടെ നാടകീയ രംഗങ്ങളാണ് രാജ്യസഭയിൽ അരങ്ങേറിയത്. വൈകോയുടെ പരാമർശങ്ങളെ ഭരണകക്ഷികളായ ബിജെപി എതിർത്തതോടെ രാജ്യസഭയിൽ ബഹളമായി. ഏറെ പാടുപെട്ടാണ് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ സഭയിൽ സമാധാനാന്തരീക്ഷം തിരിച്ചുകൊണ്ടുവന്നത്.

"നിങ്ങൾക്ക് ചിലപ്പോൾ ഭൂരിപക്ഷമുണ്ടായേക്കാം. ഈ മൃഗീയ ഭൂരിപക്ഷവുമായി എല്ലാം നശിപ്പിക്കാൻ ശ്രമിക്കുകയാണ് നിങ്ങൾ. ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ട ഒന്നിനുപുറകെ ഒന്നായി നടപ്പാക്കുകയാണ്. ആദ്യം കശ്മീരിൽ അത് പൂർത്തിയാക്കി, ഇപ്പോൾ ഏകീകൃത സിവിൽ കോഡിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇത് എവിടേക്കാണ് നമ്മെ കൊണ്ടുപോകുന്നത്? എവിടേക്കാണ് ഇത് നമ്മെ നയിക്കുന്നത്? രാജ്യത്തിന്റെ ദുരന്തത്തിലേക്കും ശിഥിലീകരണത്തിലേക്കുമാണ് ഇവ കൊണ്ടെത്തിക്കുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങൾ വല്ലാതെ വേദനിക്കുകയാണ്. അവരുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു."; വൈകോ പറഞ്ഞു.

ഇതോടെ സഭയിൽ എഴുന്നേറ്റ ബിജെപി അംഗങ്ങൾ വീണ്ടും ബഹളവുമായി രംഗത്തെത്തി. എങ്ങനെയാണ് സഭയിൽ ഇങ്ങനെ സംസാരിക്കാനാവുകയെന്നും സംസാരം തുടരാൻ അനുവദിക്കരുതെന്നും അധ്യക്ഷനോട് ബിജെപി എംപിമാർ ആവശ്യപ്പെട്ടു. എന്നാൽ, ഇത് നിഷേധിച്ച ജഗദീപ് ധൻകർ വൈക്കോയ്ക്ക് തുടർന്ന് സംസാരിക്കാൻ അനുമതി നൽകുകയായിരുന്നു. അദ്ദേഹം സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറരുതെന്ന് കർശന താക്കീതും ധൻകർ സഭാംഗങ്ങൾക്ക് നൽകി.

കഴിഞ്ഞ തവണയും ബിൽ അവതരിപ്പിക്കാൻ അവർ ശ്രമിച്ചിരുന്നു. എന്നാൽ, ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനസിലായതോടെ അവർ ഓടിപ്പോവുകയാണ് ചെയ്തത്. എന്നാൽ, ഇപ്പോൾ അവർക്ക് ഭൂരിപക്ഷം ലഭിച്ചതിനാൽ ബില്ലുമായി മുന്നോട്ടുപോവുകയാണ്. ഇത് രാജ്യത്തെ കൂടുതൽ വിപത്തിലേക്കും അപകടത്തിലേക്കും നയിക്കും. അങ്ങേയറ്റം നാണക്കേടിന്റെയും ദുഃഖത്തിന്റെയും ദിവസമാണിത്. വിഷയം ഗൗരവമായി കണക്കിലെടുത്ത് ബിൽ അവതരിപ്പിക്കാൻ അനുവദിക്കരുതെന്നും വൈകോ ആവശ്യപ്പെട്ടു.

ഇന്നലെ ഏകീകൃത സിവിൽകോഡ് സ്വകാര്യ ബില്ലായി രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി കിരോദി ലാൽ മീണയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗത്തിന്റെ ബിൽ. പ്രതിപക്ഷ ബഹളം വകവെക്കാതെയാണ് കിരോദി ലാൽ മീണ ബിൽ അവതരിപ്പിച്ചത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ ഈ സമയം സഭയിൽ ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് വോട്ടിനിട്ട് തള്ളിയതോടെ രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ ബിൽ അവതരിപ്പിക്കാൻ ബിജെപി അംഗത്തിന് അനുമതി നൽകുകയായിരുന്നു.

ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി. ബിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുമെന്നായിരുന്നു സിപിഎം നിലപാട്.കോൺഗ്രസ് അംഗങ്ങൾ സഭയിലില്ലെന്ന് അബ്ദുൽ വഹാബ് എംപി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തി. ഇവരും ബില്ലിനെ രൂക്ഷമായി എതിർക്കുകയാണുണ്ടായത്.ബില്‍ അവതരണത്തിന് ശബ്ദ വോട്ട് വഴിയാണ് അനുമതി ലഭിച്ചത്. 23 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. 63 പേർ അനുകൂലിച്ചപ്പോൾ കിരോദി ലാൽ മീണ ബിൽ അവതരിപ്പിക്കുകയായിരുന്നു.

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് പൊതുനിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഈ വിഷയങ്ങളില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാകില്ല. പല സംസ്ഥാനങ്ങളിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏകീകൃതസിവില്‍ കോഡ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ബിജെപിയുടെ നീക്കം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രതിഷേധം വകവെക്കാതെ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story