'സസ്യാഹാരികൾ വംശീയവാദികൾ'; കുനാൽ കപൂറിന് വിമര്‍ശനം, എന്തൊരു മണ്ടനെന്ന് സോഷ്യൽമീഡിയ
സസ്യാഹാരത്തെക്കുറിച്ചുള്ള വിവാദപരമായ പരാമർശങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ കുനാലിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്

മുംബൈ: സസ്യാഹാരികളെ വംശീയവാദികളെന്ന് വിളിച്ച നടനും സംവിധായകനുമായ കുനാൽ കപൂറിന് വിമര്‍ശനം. പ്രശസ്ത നടൻ ശശി കപൂറിന്‍റെ മകനും രൺബീര്‍ കപൂറിന്‍റെ അമ്മാവനുമാണ് കുനാൽ. സസ്യാഹാരത്തെക്കുറിച്ചുള്ള വിവാദപരമായ പരാമർശങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ കുനാലിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
നടി പൂജ ഭട്ടിന്‍റെ പോഡ്കാസ്റ്റിലെ സംഭാഷണത്തിനിടെയാണ് കുനാലിന്‍റെ വിവാദ പരാമര്‍ശം. “സസ്യാഹാരികൾ വംശീയവാദികളാണെന്ന് ഞാൻ കരുതുന്നു” എന്ന് കുനാൽ പറഞ്ഞപ്പോൾ താനൊരു വംശീയവാദിയാണോ എന്ന് പൂജ ചോദിച്ചു. ഒരു നോൺ വെജിറ്റേറിയൻ എന്ന നിലയിൽ താനെപ്പോഴും ഒഴിവാക്കപ്പെടുന്നതായി കുനാൽ മറുപടി നൽകി. തന്‍റെ വീട്ടിൽ അതിഥികൾ വന്നാൽ അവര്‍ക്ക് സസ്യാഹാരവും മാംസാഹാരവും വിളമ്പാറുണ്ടെന്നും എന്നാൽ ഇതേ പരിഗണന തനിക്ക് ഒരു വെജിറ്റേറിയൻ കുടുംബത്തിൽ നിന്നും ലഭിക്കാറില്ലെന്നും കുനാൽ വിശദീകരിച്ചു.
പോഡ്‍കാസ്റ്റ് പുറത്തുവന്നതോടെ നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ കുനാലിനെതിരെ രംഗത്തെത്തി. " കപൂര്‍ കുടുംബം മുഴുവൻ വലിയ കുഴപ്പത്തിലാണ്! ഈ അസംബന്ധങ്ങളെല്ലാം പറഞ്ഞുപരത്തുന്നതിൽ എന്താണ് അർത്ഥം, ബ്രോ!" എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. വംശീയത എന്നാൽ വിവേചനപരമോ ഒഴിവാക്കലോ അല്ലെന്നും മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
അതിനിടയിൽ ചിലര്‍ കുനാലിനെ പിന്തുണച്ചും കമന്‍റ് ചെയ്തു. കുനാൽ ഇത് തമാശയായി പറഞ്ഞതാകാമെന്നും മാധ്യമങ്ങൾ അത് വളച്ചൊടിച്ചുവെന്നും ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു. സൽക്കാരങ്ങൾ നടക്കുമ്പോൾ സസ്യാഹാരികൾക്കായി പലരും പ്രത്യേകമായി ഭക്ഷണം കരുതാറുണ്ടെന്നും എന്നാൽ നോൺ വെജുകാര്‍ക്ക് സസ്യാഹാരികളായ കുടുംബങ്ങൾ നടത്തുന്ന ഒത്തുചേരലുകളിൽ അങ്ങനെയൊരു പരിഗണന ലഭിക്കാറില്ലെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.
രാമായണ എന്ന ചിത്രത്തിന് വേണ്ടി താൻ നോൺ വെജ് കഴിക്കുന്നത് നിര്‍ത്തിയെന്ന് രൺബീര്‍ കപൂര്‍ പറഞ്ഞിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ 'ഡൈനിങ് വിത്ത് ദി കപൂര്‍സ്' എന്ന വീഡിയോ പുറത്തിറങ്ങിയതോടെ താരത്തിന്‍റെ പരാമര്‍ശം വിവാദമാവുകയും ചെയ്തു. ഇതിൽ, അർമാൻ ജെയ്ൻ കപൂർ അതിഥികൾക്ക് ഫിഷ് കറി റൈസും ജംഗ്ലി മട്ടണും വിളമ്പുന്നത് കാണാനാകും. നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റീമ ജെയിൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർക്കൊപ്പം രൺബീർ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, രൺബീർ എന്താണ് കഴിക്കുന്നതെന്ന് വീഡിയോയിലില്ല. ഈ വീഡിയോ വൈറലായതോടെയാണ് വിമര്‍ശനങ്ങൾ തുടങ്ങിയത്.
Adjust Story Font
16

