Quantcast

സ്‌റ്റൈലായി തലൈവർക്ക് സെഞ്ചുറി സമർപ്പിച്ച് വെങ്കിടേഷ് അയ്യർ

മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച വെങ്കിടേഷ് അയ്യർ തമിഴ്‌സിനിമയിലെ ഇതിഹാസ നടൻ രജനികാന്തിന്റെ കടുത്ത ആരാധകനാണ്

MediaOne Logo

Web Desk

  • Updated:

    2021-12-12 13:41:21.0

Published:

12 Dec 2021 6:27 PM IST

സ്‌റ്റൈലായി തലൈവർക്ക് സെഞ്ചുറി സമർപ്പിച്ച് വെങ്കിടേഷ് അയ്യർ
X

വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനായി നേടിയ സെഞ്ചുറി 71ാം ജന്മദിനം ആഘോഷിക്കുന്ന സിനിമനടൻ രജനികാന്തിന് സമർപ്പിച്ച് ഇന്ത്യൻ ഔൾറൗണ്ടർ വെങ്കിടേഷ് അയ്യർ. ചണ്ഡിഗഢിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ നേടിയ സെഞ്ചുറിയാണ് അയ്യർ തലൈവർക്ക് സമർപ്പിച്ചത്. 113 പന്തിൽ 151 റൺസ് നേടിയ താരം രജനികാന്തിന്റെ സവിശേഷമായ സല്യൂട്ട് ചെയ്തും തലേക്കെട്ടിന്റെ ആംഗ്യം കാണിച്ചുമാണ് സമർപ്പണം അറിയിച്ചത്. താരം നേടിയ 151 റൺസ് 50 ഓവറിൽ മധ്യപ്രദേശിന് 332 റൺസ് നേടാൻ സഹായിച്ചിരുന്നു. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടന്ന ഡി ഗ്രൂപ്പിന്റെ നാലാം റൗണ്ട് മത്സരത്തിലായിരുന്നു താരം കൗതുകമുണർത്തുന്ന ഇഷ്ടം പ്രകടിപ്പിച്ചത്. സെഞ്ചുറി സമർപ്പണത്തിന്റെ വിഡിയോ അയ്യരുടെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. വെങ്കിടേഷ് അയ്യർ ആർക്കാണ് സെഞ്ചുറി സമർപ്പിക്കുന്നതെന്ന് മനസ്സിലാക്കാനാകുമോയെന്ന ചോദ്യത്തോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച വെങ്കിടേഷ് അയ്യർ തമിഴ്‌സിനിമയിലെ ഇതിഹാസ നടൻ രജനികാന്തിന്റെ കടുത്ത ആരാധകനാണ്. രജനികാന്തിനോടുള്ള ഇഷ്ടം താരം മുമ്പും പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അയ്യരുടെ കോച്ച് ദിനേശ് ശർമ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. രജനിയോട് കടുത്ത ആരാധനയുള്ള താരം അദ്ദേഹത്തിന്റെ എല്ലാ ചിത്രവും കണ്ടിട്ടുണ്ടെന്നും ചില സമയത്ത് നടനെ പോലെ നടിക്കാറുണ്ടെന്നുമായിരുന്നു കോച്ച് പറഞ്ഞിരുന്നത്.

ഇന്ത്യ 3-0 ത്തിന്‌ വിജയം നേടിയ ന്യൂസിലാൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ അയ്യർ കളിച്ചിരുന്നു. ഐപിഎല്ലിൽ താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിർത്തിയിട്ടുണ്ട്. 2022ലെ ടൂർണമെൻറിലേക്കുള്ള ലേലത്തിന് മുമ്പേ എട്ടു കോടിക്കാണ് താരത്തെ ടീം നിലനിർത്തിയത്. 2021 ൽ അയ്യർ ടീമിനായി 370 റൺസ് നേടിയിരുന്നു. 26 കാരനായ താരം ഇന്ത്യൻ ജേഴ്‌സിയിൽ മൂന്നു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

രജനികാന്തിന്റെ ജന്മദിനത്തിൽ മലയാള സിനിമാ നടന്മാരായ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ആശംസകൾ അറിയിച്ചിട്ടുണ്ട്. രജനിയോടൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ആശംസ പറഞ്ഞത്. തമിഴ് സിനിമയിലെ ധനുഷ്, വിജയ്‌സേതുപതി, കമൽ ഹാസൻ തുടങ്ങിയ നിരവധി നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്.

Next Story