Quantcast

മാലേഗാവ് സ്‌ഫോടനക്കേസ്: എൻഐഎ കോടതി ഇന്ന് വിധി പറയും

ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്.

MediaOne Logo

Web Desk

  • Updated:

    2025-07-31 04:58:49.0

Published:

31 July 2025 8:06 AM IST

മാലേഗാവ് സ്‌ഫോടനക്കേസ്: എൻഐഎ   കോടതി ഇന്ന് വിധി പറയും
X

മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രത്യേക എൻഐഎ കോടതി (മുംബൈ) വ്യാഴാഴ്ച വിധി പറയും. ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരാണ് വിചാരണ നേരിട്ടത്.

രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്. 2008 സെപ്തംബർ 29നാണ് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേർ മരിക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞ സിങ്ങിലേക്ക് നയിച്ചത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്.

2011ല്‍ എൻഐഎ കേസ് ഏറ്റെടുത്തതോടെ, നാലു പേരെ ഒഴി വാക്കുകയും 'മകോക' നിയമം പിൻവലിക്കുകയും ചെയ്തിരുന്നു. പ്രജ്ഞസിങ്ങിനെയും കേസിൽ നിന്ന് ഒഴിവാക്കാൻ എൻഐഎ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. 323 സാക്ഷികളിൽ 30 ഓളം പേർ വിചാരണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരിൽ 37 പേർ വിചാരണക്കിടെ കൂറു മാറുകയും ചെയ്തു.

അതേസമയം കേസില്‍ വിചാരണ നടത്തുന്ന പ്രത്യേക എൻഐഎ കോടതി ജഡ്ജി എ.കെ. ലാഹോട്ടിയെ നാസിക്കിലേക്ക് മാറ്റിയതും വിവാദമായിരുന്നു. കേസിൽ വിധി പറയാനിരിക്കെയായിരുന്നു എ.കെ ലാഹോട്ടിയെ സ്ഥലംമാറ്റിയത്. 2008ൽ നടന്ന സ്ഫോടനക്കേസിൽ 17 വർഷത്തിനിടെ ഇത് അഞ്ചാം തവണയായിരുന്നു ജഡ്ജിമാരെ സ്ഥലംമാറ്റിയത്.

TAGS :

Next Story