2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; രാജ്യം മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ഡി.കെ ശിവകുമാര്‍
ഈ വർഷം കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളെ ശിവകുമാര്‍ തള്ളിക്കളഞ്ഞു

ബംഗളൂരു: രാജ്യം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. 2028 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടക നിലനിർത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"2029ൽ രാഹുൽ ഗാന്ധി ഈ രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. രാജ്യത്തിന് ഒരു മാറ്റം ആവശ്യമാണ്. ഈ രാജ്യത്ത് നിങ്ങൾക്ക് സുഹൃത്തുക്കളില്ല," ബംഗ്ലാദേശ് പോലുള്ള അയൽക്കാരുമായുള്ള ഇന്ത്യയുടെ ബന്ധത്തിലെ തകർച്ചയെക്കുറിച്ച് ബിജെപിയെ വിമർശിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്ക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഈ വർഷം കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളെ ശിവകുമാര്‍ തള്ളിക്കളഞ്ഞു. എന്നാൽ 'പ്രതീക്ഷയില്ലാതെ ജീവിതമില്ല' എന്ന് പരോക്ഷമായി നേതൃമാറ്റത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. "ലോകത്തിലെ എല്ലാവരും പ്രതീക്ഷയിലാണ് ജീവിക്കുന്നത്. പ്രതീക്ഷയില്ലാതെ ജീവിതമില്ല," മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ശിവകുമാർ പറഞ്ഞു. "മുഖ്യമന്ത്രി സ്ഥാനം പ്രധാനമല്ല. എനിക്ക് സ്വാർത്ഥനാകാൻ ആഗ്രഹമില്ല. കഠിനാധ്വാനം തീർച്ചയായും ഫലം ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ നവംബറിൽ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകൾ വീണ്ടും ഉയര്‍ന്നുവന്നത്. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണുണ്ടായത്. സിദ്ധരാമയ്യയും ശിവകുമാറും ഐക്യത്തോടെ തുടരണമെന്നും ആവശ്യപ്പെട്ടു.
"പാർട്ടി ഹൈക്കമാൻഡിന്‍റെ നിർദേശങ്ങൾക്കനുസൃതമായി ഞങ്ങൾ പ്രവർത്തിക്കുന്നു. അവർ എന്ത് തീരുമാനിച്ചാലും ഞങ്ങൾ അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കർണാടകയ്ക്ക് നല്ല ഭരണം നൽകുക എന്നതാണ് ലക്ഷ്യം. ഐക്യമാണ് ഞങ്ങളെ അധികാരത്തിലെത്തിച്ചത്'' എന്നാണ് ശിവകുമാര്‍ പറഞ്ഞത്.
നിയമസഭയിൽ ആര്‍എസ്എസ് ഗീതം ആലപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് താൻ ബിജെപിയുടെ കാലു വലിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതികരിച്ചത്. ഗാന്ധി കുടുംബത്തോടുള്ള തന്‍റെ വിശ്വസ്തത അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തു. "ഞാൻ കോൺഗ്രസുകാരനായാണ് ജനിച്ചത്, കോൺഗ്രസുകാരനായിത്തന്നെ മരിക്കും. ബിജെപിക്ക് ഒരു പ്രത്യയശാസ്ത്രവുമില്ല. ഗാന്ധി കുടുംബത്തോടുള്ള എന്റെ വിശ്വസ്തത വ്യത്യസ്തമാണ്. ഗാന്ധി കുടുംബം പാർട്ടിയെയും രാജ്യത്തെയും ഒരുമിപ്പിച്ചു നിർത്തി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

