Quantcast

ബജ്‌റംഗ്ദൾ നേതാവിന്റെ കൊല: മംഗളൂരുവിൽ വിഎച്ച്പി ബന്ദ്; ബസിന് നേരെ കല്ലേറ്

ദക്ഷിണ കന്നട ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണർ എംപി മുല്ലൈ മുഹിലൻ നിരോധാജ്ഞ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-05-02 06:32:18.0

Published:

2 May 2025 9:50 AM IST

ബജ്‌റംഗ്ദൾ നേതാവിന്റെ കൊല: മംഗളൂരുവിൽ വിഎച്ച്പി ബന്ദ്; ബസിന് നേരെ കല്ലേറ്
X

മംഗളൂരു: ബജ്‌റംഗ്ദൾ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ വിഎച്ച്പി ബന്ദ്. കൊലപാതകത്തെ അപലപിച്ചും നീതി ആവശ്യപ്പെട്ടും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ മംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ദക്ഷിണ കന്നട ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണർ എംപി മുല്ലൈ മുഹിലൻ നിരോധാജ്ഞ പ്രഖ്യാപിച്ചു. വിഎച്ച്പി -ബജ്‌റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടി ബജ്‌പെയിൽ വെച്ചാണ് ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആറിന് പ്രാബല്യത്തിൽ വന്ന നിരോധം തിങ്കളാഴ്ച രാവിലെ ആറ് വരെ തുടരും. മംഗളൂരു പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ പൊലീസ് കമ്മീഷണർ അനുപം അഗർവാൾ ഇന്ന് രാവിലെ ആറ് മുതൽ ചൊവ്വാഴ്ച രാവിലെ ആറ് വരേയും നിരോധനാജ്ഞ പുറപ്പെടുവിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ മേൽനോട്ടം വഹിക്കുന്നതിനുമായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) ആർ ഹിതേന്ദ്ര മംഗളൂരുവിലെത്തി. സങ്കീർണ മേഖലകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ നഗരത്തിൽ രണ്ട് സ്വകാര്യ ബസുകൾക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. കോഹിനൂർ, മേഴ്സി എന്നീ പേരുകളിലുള്ള ബസുകളുടെ ചില്ലുകൾക്ക് കല്ലേറിൽ കേടുപാടുകൾ സംഭവിച്ചു. മംഗളൂരു യൂണിവേഴ്സിറ്റി കോളേജിന് സമീപം ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അക്രമം. രാവിലെ യാത്രക്കാർ തീരെ കുറവായതിനാൽ ആളപായമില്ല. കല്ലേറിനെത്തുടർന്ന് മുൻകരുതൽ നടപടിയായി നഗരത്തിലെ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവച്ചു.

TAGS :

Next Story