വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിലെ 90 ശതമാനം സീറ്റിൽ ഹിന്ദു സംവരണം വേണമെന്ന് ബജ്‌റംഗ്ദൾ; വെല്ലൂർ മെഡിക്കൽ കോളജിലെ ക്രിസ്ത്യൻ സംവരണം അവസാനിപ്പിക്കണമെന്ന് വിഎച്ച്പി
വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിൽ ഈ വർഷം ആകെയുള്ള 50 സീറ്റിൽ 42ലും മുസ്‌ലിം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഇതിന് പിന്നാലെയാണ് വിഎച്ച്പി, ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയത്

ന്യൂഡൽഹി: ജമ്മുവിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് പ്രവേശനം വിവാദമാക്കി ഹിന്ദുത്വ സംഘടനകൾ. കോളജിലെ 50 സീറ്റിൽ 42ലും പ്രവേശനം നേടിയത് മുസ്‌ലിം വിദ്യാർഥികളാണ്. ഏഴ് ഹിന്ദു വിദ്യാർഥികളും ഒരു സിഖ് വിദ്യാർഥിയും അഡ്മിഷൻ നേടിയിട്ടുണ്ട്. അലോട്ട്‌മെന്റിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് വിഎച്ച്പിയും ജമ്മു ബിജെപിയും ആവശ്യപ്പെടുന്നത്. വൈഷ്‌ണോ ദേവി ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കോളജിൽ ഭൂരിഭാഗവും മുസ്‌ലിം വിദ്യാർഥികൾ പഠിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിഎച്ച്പി നേതാക്കൾ പറഞ്ഞു.
വെല്ലൂർ മെഡിക്കൽ കോളജിൽ ക്രിസ്ത്യൻ വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തിയത് അവസാനിപ്പിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ മതേതര മൂല്യങ്ങൾക്ക് വിരുദ്ധവും വിവേചനപരവുമായ നടപടികളാണ് ഇരുസ്ഥാപനങ്ങളും സ്വീകരിക്കുന്നതെന്നാണ് വിഎച്ച്പിയുടെ ആരോപണം.
''വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ഹിന്ദു തീർഥാടകരുടെ സംഭാവനകൾ ഉപയോഗിച്ചാണ് മെഡിക്കൽ കോളജ് സ്ഥാപിച്ചിരിക്കുന്നത്. അലിഗഢ് യൂണിവേഴ്‌സിറ്റി, ഗുരുനാനാക് ദേവ് സർവകലാശാല, രജൗരിയിലെ ബാബ ഗുലാം ഷാ ബുദ്ധഷാ യുണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ അതത് സമുദായങ്ങളിലെ വിദ്യാർഥികൾക്ക് സംവരണം നൽകുന്നുണ്ട്. വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിൽ ഹിന്ദു വിദ്യാർഥികൾക്ക് 90 ശതമാനം സംവരണം വേണം''- ബജ്‌റംഗ്ദൾ പ്രസിഡന്റ് രാകേഷ് ബജ്‌റംഗി പറഞ്ഞു.
മാതാ വൈഷ്‌ണോ ദേവി ചാരിറ്റബിൾ സൊസൈറ്റിയുടെ ഭരണഘടനയിലാണ് പിഴവ് സംഭവിച്ചത്. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന അലിഗഢ് സർവകലാശാലയിലും ഗുരുനാനാക് സർവകലാശാലയിലും സംവരണം ഉണ്ടെങ്കിലും ഹിന്ദു തീർഥാകരുടെ സംഭാവനകൊണ്ട് മാത്രം പ്രവർത്തിക്കുന്ന വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിൽ ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക് സംവരണം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നും രാകേഷ് ബജ്‌റംഗി ചോദിച്ചു. സംവരണം ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹക്ക് നിവേദനം നൽകുമെന്നും ബജ്‌റംഗി വ്യക്തമാക്കി.
വിഎച്ച്പി ജമ്മു കശ്മീർ, ലഡാക്ക് പ്രസിഡന്റ് രാജേഷ് ഗുപ്തയും സമാനമായ ആവശ്യവുമായി രംഗത്തെത്തി. വൈഷ്‌ണോ ദേവി കോളജിലെ ആദ്യ ബാച്ചിന്റെ പ്രവേശന പട്ടിക ഉടൻ റദ്ദാക്കണം. പ്രവേശനത്തിൽ ഹിന്ദുക്കൾക്ക് സംവരണം ഉറപ്പാക്കാൻ അധികൃതർ ഇടപെടണം. വഖഫ് ബോർഡിൽ ഒരു ഹിന്ദു ജീവനക്കാരനെ എന്നെങ്കിലും നിയമിച്ചിട്ടുണ്ടോ? ഹിന്ദു സമുദായത്തിന്റെ വികാരം ക്ഷേത്ര ഭരണസമിതി മനസ്സിലാക്കണമെന്നും രാജേഷ് ഗുപ്ത പറഞ്ഞു.
കൽക്കി മൂവ്‌മെന്റ് എന്ന സംഘടനയും കോളജിലെ എംബിബിഎസ് പ്രവേശനത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു വിദ്യാർഥികൾക്ക് സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സംഘടയുടെ ബാനറിൽ ഏതാനും ആളുകൾ തിങ്കളാഴ്ച ക്ഷേത്ര ഭരണസമിതി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
അതേസമയം പ്രവേശനം നീറ്റ് സ്‌കോർ അടിസ്ഥാനമാക്കി പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. ദേശീയ, സംസ്ഥാന തലത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം നടത്തിയത്. മതപരമായ യാതൊരു പരിഗണനയും പ്രവേശനത്തിൽ ഉണ്ടായിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.
വൈഷ്‌ണോ ദേവി മെഡിക്കൽ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ സംവരണം സംബന്ധിച്ചും ഹിന്ദുത്വ സംഘടനകൾ ആരോപണമുന്നയിക്കുന്നത്. 1900-ൽ ഒരു അമേരിക്കൻ മിഷനറിയുടെ മകളായ ഡോ. ഇഡ സോഫിയ സ്‌കഡ്ഡർ സ്ഥാപിച്ച സിഎംസി വെല്ലൂർ ഇന്ത്യയിലെ മുൻനിര സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഒന്നാണ്. ഒരു നോൺ-എയ്ഡഡ് ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപന പദവിയും വെല്ലൂർ മെഡിക്കൽ കോളജിനുണ്ട്.
എല്ലാ വർഷവും 100 എംബിബിഎസ് സീറ്റുകളിലേക്കാണ് വെല്ലൂരിൽ പ്രവേശനം നടക്കുന്നത്.നീറ്റ്-യുജി സ്‌കോർ അടിസ്ഥാനമാക്കിയാണ് ഇത്. പ്രവേശനത്തിൽ ഡ്യുവൽ ക്വാട്ട (മാനേജ്‌മെന്റ് ക്വാട്ട, സ്റ്റേറ്റ് ക്വാട്ട) സംവിധാനമാണ് സ്ഥാപനം നടപ്പാക്കുന്നത്. സിഎംസി വെല്ലൂർ 2025-26 പ്രോസ്‌പെക്ടസ് അനുസരിച്ച്, 50 ശതമാനം സീറ്റുകൾ (50 സീറ്റുകൾ) മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് കീഴിലാണ്. ഇതിൽ 38 എണ്ണം ക്രിസ്ത്യൻ വിദ്യാർഥികൾക്കും 10 എണ്ണം സിഎംസി സ്റ്റാഫ് ക്വാട്ടയ്ക്കും, രണ്ട് എണ്ണം ജനറൽ വിഭാഗത്തിലുമാണ്. ബാക്കിയുള്ള 50 ശതമാനം (50 സീറ്റുകൾ) സംസ്ഥാന ക്വാട്ടയ്ക്ക് കീഴിലാണ് അനുവദിച്ചിരിക്കുന്നത്. അതിൽ 30% തമിഴ്നാട് സർക്കാർ സംവരണ നിയമങ്ങൾ പാലിക്കുന്നു, അതേസമയം 20 ശതമാനം ക്രിസ്ത്യൻ വിദ്യാർഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഫലത്തിൽ സിഎംസിയിലെ മൊത്തം എംബിബിഎസ് സീറ്റുകളിൽ ഏകദേശം 60 ശതമാനവും ക്രിസ്ത്യൻ വിദ്യാർഥികൾക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 30 (ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങൾ) പ്രകാരം നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണ് എന്നാണ് ഹിന്ദുത്വ സംഘടനകൾ ആരോപിക്കുന്നത്.
വൈഷ്‌ണോ ദേവി മെഡിക്കൽ കോളജിലും വെല്ലൂർ ക്രിസത്യൻ മെഡിക്കൽ കോളജിലും രണ്ട് രീതിയിലുള്ള മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് മതേതരത്വമല്ലെന്നും വിവേചനവും ഇരട്ട നീതിയുമാണെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 29ഉം 30ഉം എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾ, ഹിന്ദു സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾ എന്നിവരെയും സംരക്ഷിക്കേണ്ടതില്ലേ? ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വേർതിരിവ് അവസാനിപ്പിക്കാൻ സമയമായിെന്നും ബൻസാൽ പറഞ്ഞു.
Adjust Story Font
16

