'ഓടിച്ചെന്നപ്പോൾ ഗേറ്റ് കടന്ന് ഒരാൾ നടന്നുവരുന്നു, അയാള്‍ക്ക് പിന്നിൽ തീ ആളിപ്പടരുകയായിരുന്നു'; വിശ്വാസിന്‍റെ അവിശ്വസനീയ രക്ഷപ്പെടല്‍ വിഡിയോ
അഗ്നി ഗോളങ്ങൾക്കിടയിൽ നിന്ന് മൊബൈൽ ഫോണും കയ്യിൽ പിടിച്ച് പുറത്തേക്ക് വരുന്ന വിശ്വാസിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ 242 ജീവനുകളാണ് നഷ്ടമായത്. പൂര്‍ണമായും അഗ്നിക്കിരയായ ആ വിമാനത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 39 കാരനായ വിശ്വാസ് കുമാര്‍ രമേശായിരുന്നു അത്. വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് വിശ്വാസ് കുമാര്‍ നടന്നുവരുന്ന ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍മീഡിയയിലാകെ വൈറലായിരുന്നു. അഗ്നി ഗോളങ്ങൾക്കിടയിൽ നിന്ന് മൊബൈൽ ഫോണും കയ്യിൽ പിടിച്ച് പുറത്തേക്ക് വരുന്ന വിശ്വാസിന്റെ വീഡിയോ പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം പങ്കുവെക്കുകയും ചെയ്തു.എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നും വിശ്വാസ് കുമാര്‍ ആ വിമാനത്തിലുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നടക്കമുള്ള നിരവധി കമന്‍റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം,വിശ്വാസിന്റെ രക്ഷപ്പെടലിനെക്കുറിച്ച് ദൃക്‌സാക്ഷിയായ ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന സതീന്ദർ സിംഗ് സന്ധു പറയുന്നതിങ്ങനെ...
'അഹമ്മദാബാദിലെ മെഡിസിറ്റിയിലെ മറ്റ് ജീവനക്കാർക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ഞങ്ങൾ. പെട്ടന്നാണ് പുറത്ത് വലിയൊരു സ്‌ഫോടനം ശബ്ദം കേൾക്കുന്നത്. പുറത്തേക്ക് ഓടിയെത്തിയപ്പോൾ, ഹോസ്റ്റൽ കെട്ടിടത്തിന്റെ ഗേറ്റിൽ നിന്ന് ഒരാൾ പുറത്തേക്ക് വരുന്നത് കണ്ടു, അയാളുടെ പിറകിൽ തീ ആളിക്കത്തുന്നുണ്ടായിരുന്നു'. സന്ധു ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
'നടന്നത് വലിയ അപകടമാണെന്ന് കണ്ട് ആംബുലൻസുകളോടൊക്കെ സജ്ജമാകാൻ ഞങ്ങൾ വിവരം നൽകിയിരുന്നു. ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വാച്ച്മാനെയാണ് റോഡിൽ പരിക്കേറ്റ നിലയിൽ ആദ്യം കണ്ടത്.
അദ്ദേഹത്തെ എടുത്ത് ആംബുലൻസുകളിലൊന്നിൽ അയച്ചു. അപ്പോഴാണ് കത്തുന്ന ഹോസ്റ്റൽ കെട്ടിടത്തിന് സമീപമുള്ള ഗേറ്റിലൂടെ ഒരാൾ പുറത്തേക്ക് വരുന്നത് ഞങ്ങൾ കണ്ടത് ഞാൻ അദ്ദേഹത്തെ സമീപിച്ചു, പക്ഷേ അദ്ദേഹം പെട്ടെന്ന് തിരിഞ്ഞു അപകടസ്ഥലത്തേക്ക് നടക്കാൻ തുടങ്ങി. അദ്ദേഹത്തെ ആശുപത്രിയിലാക്കാനുള്ള ശ്രമങ്ങളെ വിശ്വാസ് കുമാർ ആദ്യം തടഞ്ഞു. തന്റെ സഹോദരൻ തീയിൽ വെന്തുരുകയാണെന്നായിരുന്നു അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നത്'-സന്ധു പറഞ്ഞു.
'ഹോസ്റ്റൽ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളാണെന്നാണ് ഞങ്ങൾ കരുതിയത്. വിമാനത്തിൽ നിന്ന് പുറത്തുവന്ന യാത്രക്കാരനാണെന്ന് ഞങ്ങൾക്ക് അപ്പോഴറിയില്ലായിരുന്നു. ഞങ്ങളദ്ദേഹത്തെ സമാധാനിപ്പിച്ചു. ആംബുലൻസിലൊന്നാലാക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് അയച്ചു.മുഖത്തും കൈകളിലും കാലുകളിലും പരിക്കുകളുണ്ടായിരുന്നു. ശരീരത്തിലുടനീളം പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു, നടക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ്, ആ വിമാനത്തിൽ താൻ ഉണ്ടായിരുന്നുവെന്ന് വിശ്വാസ് ആംബുലൻസിലുണ്ടായിരുന്നവരോട് പറഞ്ഞത്. താനും സഹോദരനും യുകെയിലേക്ക് പോകുകയാണെന്നും താൻ 11A സീറ്റിൽ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ വിമാനത്തിൽ നിന്ന് എങ്ങനെ പുറത്ത് കടന്നുവെന്ന് ഓർമയില്ലെന്നും വിശ്വാസ് പറഞ്ഞു. വിമാനത്തിൽ നിന്ന് സഹോദരൻ അജയിനെ രക്ഷിക്കണമെന്ന് മാത്രമായിരുന്നു വിശ്വാസ് ആവർത്തിച്ചിരുന്നത്'.-സന്ധു പറഞ്ഞു.
അപകടത്തിൽ മരിച്ച AI-171 വിമാനത്തിലെ 241 പേരിൽ അജയും ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനാണ് വിശ്വാസ് കുമാർ രമേശും സഹോദരനും.നിലവില്‍ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വിശ്വാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെയുള്ള പ്രമുഖ നേതാക്കൾ വിശ്വാസിനെ സന്ദർശിച്ചിരുന്നു.
169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാർ, ഒരു കനേഡിയൻ എന്നിവരുൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. രണ്ട് പൈലറ്റുമാരും ഉൾപ്പെടെ 12 ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16

