'എന്തൊരു മോശം പ്രവൃത്തിയാണിത്'; ട്രെയിനിൽ കച്ചവടം നടത്തുന്നവരിൽ നിന്നും വിദഗ്ധമായി സാധനങ്ങൾ മോഷ്ടിച്ച് യാത്രക്കാരൻ, വീഡിയോ
ഓരോ തവണ സാധനങ്ങൾ മോഷ്ടിക്കുമ്പോഴും യാത്രക്കാരൻ ചിരിക്കുകയും കൂടെയുള്ളവർ ഇത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്

- Updated:
2026-03-01 06:51:02.0

മുംബൈ: ട്രെയിനിൽ കച്ചവടം നടത്തുന്നവരിൽ നിന്നും ഒരു യാത്രക്കാരൻ സാധനങ്ങൾ മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. കച്ചവടക്കാര്‍ അറിയാതെ ലഘുഭക്ഷണങ്ങളും വെള്ളക്കുപ്പികളും മോഷ്ടിക്കുന്ന വീഡിയോ 'ഒപ്രസര്‍' എന്ന ഉപയോക്താവാണ് പങ്കുവച്ചിരിക്കുന്നത്.
ട്രെയിനിലെ മുകളിലത്തെ ബർത്തിൽ (Upper Berth) ഇരിക്കുന്ന ഒരു യാത്രക്കാരൻ താഴെ ഇടനാഴിയിലൂടെ നടന്നുപോകുന്ന കച്ചവടക്കാരുടെ കൊട്ടയിൽ നിന്നും പെട്ടികളിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്നതാണ് വീഡിയോയിലുള്ളത്.കച്ചവടക്കാർ അറിയാതെ മാംഗോ ജ്യൂസ് പാക്കറ്റുകൾ, സമൂസ, കുപ്പിവെള്ളം എന്നിവ ഇയാൾ തട്ടിയെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഓരോ തവണ സാധനങ്ങൾ മോഷ്ടിക്കുമ്പോഴും ഇയാൾ ചിരിക്കുകയും കൂടെയുള്ളവർ ഇത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പലതവണ ഇതാവര്‍ത്തിക്കുന്നുണ്ട്. ഓരോ കച്ചവടക്കാരനും കടന്നുപോകുമ്പോൾ, യാത്രക്കാരൻ പണം നൽകാതെ കൊട്ടയിൽ നിന്ന് സാധനങ്ങൾ എടുക്കുകയാണ്. ഇത്തരത്തിൽ മോഷ്ടിച്ച എഗ്ഗ് ബിരിയാണി കഴിക്കുന്നതും വീഡിയോയിലുണ്ട്.
ഇത് ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് അടിസ്ഥാനപരമായ മര്യാദയോ ലജ്ജയോ ഇല്ലാത്തതുകൊണ്ടാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്ന് പലരും കുറിച്ചു. തുച്ഛമായ ലാഭത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട കച്ചവടക്കാരെ ഇത്തരത്തിൽ പരിഹസിക്കുന്നത് ക്രൂരതയാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെയും (RPF) റെയിൽവേ മന്ത്രാലയത്തെയും ടാഗ് ചെയ്തുകൊണ്ട് ഇയാൾക്കെതിരെ കർശന നടപടി വേണമെന്ന് നെറ്റിസൺസ് ആവശ്യപ്പെടുന്നു.
Adjust Story Font
16
