'എഴുന്നേറ്റ് നിന്ന് കൈ നീട്ടിയാല്‍ ഇരു കൈകളും ചുവരില്‍ തൊടും'; ഒറ്റമുറി ഫ്ലാറ്റിന്‍റെ വാടക 25000 രൂപ; ഞെട്ടിച്ച് ബെംഗളൂരുവിലെ വാടകക്കൊള്ള
നിന്നുതിരിയാൻ പോലും സ്ഥലമില്ലാത്ത ഫ്ലാറ്റിനാണ് ഇത്രയും തുക വാടകയിനത്തിൽ വാങ്ങുന്നത്

ബെംഗളൂരു: ശമ്പളം കൂടുന്നില്ലെങ്കിലും ഇന്നത്തെ കാലത്ത് അടിക്കടി കൂടുന്ന ഒന്നുണ്ട്...അവശ്യസാധനങ്ങളുടെ വിലയും വാടകയും. ഒരു ചെറിയ റൂം ഉണ്ടെങ്കില്‍ വാടകക്ക് കൊടുത്താല്‍ മാസം നല്ലൊരു തുക സമ്പാദിക്കാമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു..നാട്ടിന്‍പുറങ്ങളില്‍ പോലും വീടും ഫ്ലാറ്റുമൊക്കെ വാടകക്ക് കൊടുത്ത് കൊള്ളലാഭം വാങ്ങുന്നവരുണ്ട്. അപ്പോള്‍ പിന്നെ മെട്രോ നഗരമായ ബെംഗളൂരുവിന്‍റെ അവസ്ഥ പറയാനുണ്ടോ...ഒരു ബെഡ് റൂം ഫ്ലാറ്റിന് 25000 രൂപ തൊട്ടാണ് ഇവിടുത്തെ മാസ വാടക.
നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാത്ത ഫ്ലാറ്റിനാണ് ഇത്രയും തുക വാടകയിനത്തില്‍ വാങ്ങുന്നത്. മുറിയുടെ മധ്യഭാഗത്ത് നിന്ന് ഇരുകൈകളും വിടർത്തിയാല്‍ രണ്ട് കൈകളും ചുവരില്‍ തൊടുന്ന അത്ര ചെറിയ ഫ്ലാറ്റിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട...എന്താ ബാല്‍ക്കണി ഇല്ലേ എന്നല്ലേ...ബാല്‍ക്കണിയുണ്ട്...പക്ഷെ പേരിന് മാത്രം. ഒരാള്‍ക്ക് നില്‍ക്കാന്‍ പോലുമുള്ള ഇടമില്ല. റൂമിലേക്ക് അധികം സാധനങ്ങളൊന്നും വാങ്ങണ്ട എന്നതാണ് ഇത്തരം ഫ്ലാറ്റുകളെക്കൊണ്ടുള്ള പ്രയോജനമെന്ന് വീഡിയോയിലുള്ള യുവാവ് തമാശയായി പറയുന്നുണ്ട്. അതുകൊണ്ട് ലാഭിക്കാമെന്നും പറയുന്നു.
നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയത്. തന്‍റെ വീട്ടിലെ ശുചിമുറി ഇതിലും വലുതാണെന്നായിരുന്നു ഒരാളുടെ കമന്‍റ്. ''മുംബൈയും ഇതുപോലെയാണ്. കുറച്ചു നാളുകൾ കഴിയുമ്പോൾ പൂനെ ഇതുപോലെയാകും...ജനസംഖ്യ ഇതുപോലെ വർധിച്ചാൽ നഗരങ്ങളെല്ലാം ഇതുപോലെയാകും'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും വാടകയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഒരു ബെഡ്റൂം ഫ്ലാറ്റിന് നല്‍കേണ്ടി വരുന്നത് 50000 രൂപ മുതല്‍ 70000 രൂപ വരെയാണ്. റോക്കറ്റ് പോലെ കുതിക്കുന്ന വാടക കാരണം പലരും നഗരത്തില്‍ നിന്നും താമസം മാറാന്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ മുംബൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡല്‍ഹിയില്‍ വാടക കുറവാണെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം. സമീപകാല അനറോക്ക് ഡാറ്റ അനുസരിച്ച്, 2019 ലെ 3.5 ശതമാനത്തിൽ നിന്ന് 2024 ലെ ഒന്നാം പാദത്തിൽ 4.15 ശതമാനം വാടക വരുമാനം മുംബൈയ്ക്ക് ലഭിച്ചു. രാജ്യത്തെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാണ് മുംബൈ. ജോലിക്കും ബിസിനസിനുമായി ധാരാളം ആളുകള്‍ ഇവിടേക്കെത്തുന്നു. ഇത് വീടുകളുടെയും ഫ്ലാറ്റുകളുടെയും ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.
Adjust Story Font
16

