Quantcast

'ഇക്കാലമത്രയും 'ഇന്ത്യ' എന്ന പേര് നിങ്ങളിൽ അഭിമാനമുണ്ടാക്കിയിട്ടില്ലേ?'; സെവാഗിനോട് ചോദ്യവുമായി വിഷ്ണു വിശാൽ

പേര് നമ്മുടെ ഉള്ളിൽ അഭിമാനം നിറയ്ക്കുന്നതാകണം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്. ബ്രിട്ടീഷുകാർ നൽകിയ പേരാണ് ഇന്ത്യ' എന്നായിരുന്നു സെവാഗിന്‍റെ കുറിപ്പ്

MediaOne Logo

Web Desk

  • Published:

    5 Sep 2023 12:52 PM GMT

ഇക്കാലമത്രയും ഇന്ത്യ എന്ന പേര് നിങ്ങളിൽ അഭിമാനമുണ്ടാക്കിയിട്ടില്ലേ?; സെവാഗിനോട് ചോദ്യവുമായി വിഷ്ണു വിശാൽ
X

ചെന്നൈ: ടീം ഇന്ത്യയുടെ ലോകപ്പ് ജഴ്‌സിയിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നെഴുതണമെന്ന മുൻ ഇന്ത്യൻ താരം വിരേന്ദര്‍ സെവാഗിന്‍റെ ട്വീറ്റിനോട് പ്രതികരിച്ച് തമിഴ് നടൻ വിഷ്ണു വിശാൽ. ഇന്ത്യ എന്ന പേര് ഇക്കാലമത്രയും നിങ്ങളിൽ അഭിമാനമുണ്ടാക്കിയിട്ടില്ലേ എന്നാണ് വിശാൽ ചോദിച്ചത്.

'സര്‍, എല്ലാ ബഹുമാനത്തോടെയും ഒരു കാര്യം ചോദിച്ചോട്ടെ... ഇന്ത്യ എന്ന പേര് ഈ വർഷങ്ങളിലൊന്നും നിങ്ങളിൽ അഭിമാനം വളർത്തിയിട്ടില്ലേ'.. എന്നാണ് വിശാൽ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ( ട്വിറ്റർ) കുറിച്ചത്. സെവാഗിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം. 'രാക്ഷസന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് നടനാണ് വിഷ്ണു വിശാല്‍.ഇന്ത്യൻ ബാഡ്മിൻഡൻ താരം ജ്വാല ഗുട്ടയുടെ ഭർത്താവ് കൂടിയാണ് വിഷ്ണു വിശാൽ.

'പേര് നമ്മുടെ ഉള്ളിൽ അഭിമാനം നിറയ്ക്കുന്നതാകണം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്. ബ്രിട്ടീഷുകാർ നൽകിയ പേരാണ് ഇന്ത്യ. ഭാരത് എന്ന പേര് ഔദ്യോഗികമായി തിരിച്ചുകിട്ടാൻ കാലതാമസമുണ്ടായി. ലോകകപ്പിൽ നമ്മുടെ കളിക്കാരുടെ നെഞ്ചത്ത് (ജഴ്സിയിൽ) ഭാരത് എന്നുണ്ടാകാൻ ഉറപ്പുവരുത്തണമെന്ന് ബിസിസിഐയോടും ജയ് ഷായോടും അഭ്യർത്ഥിക്കുന്നു' - ?എന്നായിരുന്നു സെവാഗ് എക്സിൽ ( ട്വിറ്റർ) കുറിച്ചത്.

ഹോളണ്ട് രാജ്യത്തിന്റെ പേര് നെതർലാൻഡ്സ് ആക്കി മാറ്റിയത് മാതൃകമായി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. '1996ലെ ലോകകപ്പിൽ നെതർലാൻഡ്സ്, ഹോളണ്ട് എന്ന പേരിലാണ് ഭാരതത്തിൽ കളിക്കാനെത്തിയത്. 2003ൽ നമ്മൾ അവരുമായി ഏറ്റുമുട്ടിയപ്പോൾ അവർ നെതർലാൻഡ്സ് ആയി മാറിയിട്ടുണ്ട്. അതു തുടരുന്നു. ബ്രിട്ടീഷുകാർ നൽകിയ ബർമ എന്ന പേര് അവർ മാറ്റി മ്യാന്മറിലേക്ക് തിരിച്ചുപോയി. മറ്റൊരുപാട് രാഷ്ട്രങ്ങളും അവരുടെ യഥാർത്ഥ പേരിലേക്ക് തിരിച്ചു പോയി' - സെവാഗ് പറഞ്ഞു. രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ പ്രധാനപ്പെട്ട രാഷ്ട്രീയപ്പാർട്ടികൾ തന്നെ സമീപിച്ചിരുന്നതായും സെവാഗ് പറയുന്നു.

സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുന്ന ബിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സേവാഗ് പേരുമാറ്റത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. 'ഭാരത് മാതാ കീ ജയ്' എന്ന് ട്വീറ്റ് ചെയ്ത് അമിതാഭ് ബച്ചനും പേരുമാറ്റത്തിന് പിന്തുണ അറിയിച്ചിരുന്നു.

TAGS :

Next Story