വോട്ട് കൊള്ള: 'വ്യാജ വോട്ടുകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ചൂണ്ടിക്കാട്ടാമായിരുന്നു'; ബിഎൽഒമാരെ പഴിചാരി തെരഞ്ഞെടുപ്പ് കമ്മീഷൻ
'ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്'

ന്യൂഡൽഹി: വോട്ട് കൊള്ളയിൽ ബിഎൽഒമാരെ പഴിചാരി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ വോട്ടുകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ചൂണ്ടിക്കാട്ടാമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
കേരളത്തിൽ അടക്കം ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വ്യാജ വോട്ടുകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ചൂണ്ടിക്കാട്ടാമായിരുന്നു. അന്ന് അവർ അത് കൃത്യമായി ചെയ്തില്ല. പരാതിപ്പെടേണ്ട സമയത്ത് പരാതിപ്പെടണമെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് കേൾക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കും. വോട്ടർമാരുടെ അനുമതി ഇല്ലാതെയാണ് ചില രേഖകൾ പുറത്തുവന്നത്. ചില വോട്ടർമാർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചു. വോട്ട് കൊള്ള എന്ന മുദ്രാവാക്യം ഭരണഘടനയ്ക്ക് എതിരാണ്. ചില പാർട്ടികൾ വോട്ടർമാരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു. എല്ലാ പാർട്ടികൾക്കും പട്ടികയുടെ കരട് പരിശോധിക്കുവാൻ സമയം നൽകിയതാണ്. അപ്പോൾ വിമർശനം ഉന്നയിക്കാത്തവരാണ് ഇപ്പോൾ ചില ആരോപണങ്ങളുമായി വരുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ഇല്ല. കൃത്യമായ തെളിവുകൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകൾ ലഭിച്ചിട്ടില്ല. വോട്ടെടുപ്പിന് മുൻപാണ് വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികളുടെ ഒപ്പ് ശേഖരിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുന്നത്. അതിനുശേഷം ഉള്ള തുറന്നുപറച്ചുകൾ എങ്ങനെ വിശ്വസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു.
Adjust Story Font
16

