Quantcast

മധ്യപ്രദേശിൽ നര്‍മദ നദീതീരത്ത് 340ലധികം തിരിച്ചറിയൽ കാര്‍ഡുകൾ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം വേണമെന്ന് കോൺഗ്രസ്

അയൽജില്ലയായ ഇൻഡോർ റാവു നിയമസഭാ മണ്ഡലത്തിൽപ്പെട്ടവരുടെതാണ് കാര്‍ഡുകളെന്നാണ് നിഗമനം

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-10-26 06:19:02

Published:

26 Oct 2026 9:12 AM IST

മധ്യപ്രദേശിൽ നര്‍മദ നദീതീരത്ത് 340ലധികം തിരിച്ചറിയൽ കാര്‍ഡുകൾ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം വേണമെന്ന് കോൺഗ്രസ്
X

ഖാർഗോൺ: മധ്യപ്രദേശിലെ ഖാര്‍ഗോൺ ജില്ലയിൽ 340ലധികം വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മണ്ഡലേശ്വർ പട്ടണത്തിലെ നർമ്മദ നദിയുടെ തീരത്താണ് തിരിച്ചറിയൽ കാര്‍ഡുകൾ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

അയൽജില്ലയായ ഇൻഡോർ റാവു നിയമസഭാ മണ്ഡലത്തിൽപ്പെട്ടവരുടെതാണ് കാര്‍ഡുകളെന്നാണ് നിഗമനം. നദീതീരത്ത് നടന്ന ശുചീകരണ പ്രവർത്തനത്തിനിടെയാണ് പ്രദേശവാസികൾ കാര്‍ഡുകൾ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ, കണ്ടെടുത്ത കാർഡുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് രവി നായിക് പാർട്ടി പ്രവർത്തകരോടൊപ്പം മണ്ഡലേശ്വർ പൊലീസ് സ്റ്റേഷനിൽ എത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത നായിക് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വോട്ടര്‍ ഐഡി കാര്‍ഡുകൾ ഉപേക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ നദിയിൽ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നും പരാതിയിൽ പറയുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിൽ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും നായിക് മുന്നറിയിപ്പ് നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷൻ ചുമതലയുള്ളയാളോട് നിർദേശിച്ചിട്ടുണ്ടെന്ന് മണ്ഡലേശ്വർ സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് ശ്വേത ശുക്ല പറഞ്ഞു

TAGS :

Next Story