കൂലി തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഡെറാഡൂണിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വയോധിക ദമ്പതികളെയും വീട്ടുജോലിക്കാരിയെയും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്ലംബർ അറസ്റ്റിൽ. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വിഷ്ണു ലോക് കോളനിയിലാണ് സംഭവം. 75കാരിയായ രജനി കപൂർ, ഭർത്താവ് 80കാരനായ രമേഷ് കപൂർ, ഇവരുടെ വീട്ടുജോലിക്കാരി 48കാരിയായ തിലിയ ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ രാജ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി ഡെറാഡൂണിൽ താമസിക്കുന്ന ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി കപൂർ ദമ്പതികളുടെ വീട്ടിൽ പ്ലംബിങ് ജോലികൾ ചെയ്തുവരികയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കും മൂന്നിനുമിടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ബാത്ത്റൂമിലും അടുക്കളയിലും പ്ലംബിങ് ജോലികൾ ചെയ്യാൻ ദമ്പതികൾ രാജ് കുമാറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ജോലി പൂർത്തിയാക്കിയ ശേഷം കൂലി നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
തുടർന്ന് ഇയാൾ വീട്ടിൽ നിന്ന് പോയെങ്കിലും മോഷണം നടത്താനുള്ള ഉദ്ദേശ്യത്തോടെ വീണ്ടും തിരിച്ചെത്തിയെന്നാണ് പൊലീസ് പറയുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ദമ്പതികളെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപത്തെ വീട്ടിൽ ജോലി ചെയ്തിരുന്ന ഷീല ഇടപെടാൻ എത്തിയപ്പോൾ അവരെയും ആക്രമിച്ചെന്നാണ് പൊലീസ് ആരോപണം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ രാജ് കുമാറിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വീട്ടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്ക്രൂഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയുടെ കൈവശത്തുനിന്ന് സ്വർണമാലയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഒറ്റയ്ക്ക് വയോധിക ദമ്പതികളുടെ വീട്ടിലേക്ക് എത്തുന്നതും പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ റായ്പൂർ പൊലീസ് സ്റ്റേഷനിൽ കൊലപാതകക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
Adjust Story Font
16

