Quantcast

ആന്ധ്രയിലെ 'അത്ഭുത' വിജയത്തിന് പിന്നിൽ അട്ടിമറിയോ?; പോളിംഗ് കണക്കുകളിൽ വൻ പൊരുത്തക്കേടുകളെന്ന് പരകാല പ്രഭാകർ

'ദി വയർ' ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് പരകാല പ്രഭാകർ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-02-23 08:16:19.0

Published:

23 Feb 2026 1:44 PM IST

ആന്ധ്രയിലെ അത്ഭുത വിജയത്തിന് പിന്നിൽ അട്ടിമറിയോ?; പോളിംഗ് കണക്കുകളിൽ വൻ പൊരുത്തക്കേടുകളെന്ന് പരകാല പ്രഭാകർ
X

അമരാവതി: 2024-ലെ ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ വിജയത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധൻ പരകാല പ്രഭാകർ. തെരഞ്ഞെടുപ്പ് കമ്മീഷൻ , ആന്ധ്രാ ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർ വിവിധ ഘട്ടങ്ങളിലായി പുറത്തുവിട്ട പോളിംഗ് കണക്കുകളിലെ വൻ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പരകാല പ്രഭാകർ ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നത്. 175-ൽ 164 സീറ്റുകളാണ് എൻഡിഎ നേടിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നിൽ 'അത്ഭുത'ത്തേക്കാൾ വലിയ 'അട്ടിമറി' നടന്നിരിക്കാൻ സാധ്യതയെന്നാണ് പരകാല പ്രഭാകർ പറയുന്നത്. ദി വയർ ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് പരകാല പ്രഭാകർ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പോളിംഗ് സമയത്തിന് ശേഷം സംഭവിച്ചത് എന്ത്?

തെരഞ്ഞെടുപ്പ് നടന്ന 2024 മെയ് 13-ന് പോളിംഗ് ദിവസം വൈകുന്നേരം 5 മണി വരെ 68.04% വോട്ടുകൾ പോൾ ചെയ്തു എന്നാണ് ആന്ധ്രാപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞത്. ഒരുപാട് ആളുകൾ പോളിം​ഗ് ചെയ്യാനുണ്ട്. പോളിംഗ് നീളാൻ സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു. രാത്രി എട്ടുമണി ആയപ്പോൾ പോളിംഗിൽ വർധനവ് കേവലം 0.08 ശതമാനം മാത്രമായിരുന്നു. അതിന് ശേഷമാണ് പോളിംഗ് ശതമാനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. രാത്രി 11.45 ആയപ്പോഴേക്കും പോളിംഗ് ശതമാനം 76.50 ആയി ഉയർന്നു. എട്ടുമണിക്കും 11.45 നും ഇടക്കുള്ള മൂന്നു മണിക്കൂർ 45 മിനുട്ടിൽ പോളിംഗിൽ ഉണ്ടായത് 8.38 ശതമാനത്തിൻ്റെ വർധനവാണ്. മെയ് 17 ന് അന്തിമ കണക്ക് പുറത്തുവിട്ടപ്പോൾ പോളിംഗ് ശതമാനം വീണ്ടും ഉയർന്ന് 80.66 ശതമാനമായി. അർദ്ധരാത്രിക്ക് ശേഷം 3,500 ബൂത്തുകളിലായി മാത്രം ഏകദേശം 17,19,482 വോട്ടുകൾ രേഖപ്പെടുത്തിയതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് ഓരോ ബൂത്തിലും അർദ്ധരാത്രിക്ക് ശേഷം ശരാശരി 491-ലധികം വോട്ടുകൾ വീതം രേഖപ്പെടുത്തി.




ആന്ധ്രാപ്രദേശ് സിഇഒ പുറത്തിറക്കിയ പ്രസ്താവന പ്രകാരം പുല‍ർച്ചെ രണ്ട് മണിക്കാണ് അവസാന വോട്ട് പോൾ ചെയ്യപ്പെട്ടത്. സിഇഒ പുറത്തുവിട്ട കണക്കുകളും പറഞ്ഞ സമയം പരിശോധിച്ചാൽ അർധരാത്രിക്ക് ശേഷം ഓരോ ബൂത്തിലും പോൾ ചെയ്യപ്പെട്ടത് 491 വോട്ടുകളാണ്. 12 മണിക്കും രണ്ടു മണിക്കും ഇടയിൽ 491 വോട്ടുകൾ ഒരു ബൂത്തിൽ പോൾ ചെയ്യപ്പെടണമെങ്കിൽ മിനുട്ടിൽ 3.6 വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടാവണം. അതായത് ഓരോ 20 സെക്കൻഡിലും ഒരു വോട്ട്. അതിൻ്റെ സാധ്യതയാണ് പരകാല പ്രഭാ​ക‍ർ ചോദ്യം ചെയ്യുന്നത്.

ആന്ധ്രാപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് നടന്നിരുന്നത്. അങ്ങനെ നോക്കുമ്പോൾ 20 സെക്കൻ്റിൽ ഒരു വോട്ട് എന്നത് അസാധ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. വോട്ടർ പട്ടിക പരിശോധിക്കാനും വിരലിൽ മഷി പുരട്ടാനും വിവിപാറ്റ് സ്ലിപ്പുകൾ പുറത്തുവരാൻ വേണ്ട 14 സെക്കൻഡ് സമയത്തിനും ശേഷം ഒരു വോട്ടർക്ക് വോട്ട് ചെയ്യാൻ വെറും 6 സെക്കൻഡ് മാത്രമാണ് ലഭിക്കുക. ഇത് അസാധ്യമാണെന്നും അദ്ദേഹം പറയുന്നു.




51 ലക്ഷം വോട്ടുകളുടെ വൻ വർദ്ധനവ്

പോളിംഗ് ദിവസം വൈകുന്നേരം 5 മണിക്ക് ലഭിച്ച കണക്കും അന്തിമ കണക്കും തമ്മിൽ ആകെ 51,83,249 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. ഇത് സംസ്ഥാനത്തെ 175 മണ്ഡലങ്ങളിലായി ഭാഗിച്ചാൽ ഓരോ മണ്ഡലത്തിലും ശരാശരി 29,618 വോട്ടുകൾ അധികമായി വരും. ഇത്രയും വലിയൊരു വോട്ട് വിഹിതം തെരഞ്ഞെടുപ്പ് ഫലത്തെ കീഴ്മേൽ മറിക്കാൻ പര്യാപ്തമാണ്. ഈ വോട്ട് വർദ്ധനവ് ചില പ്രത്യേക മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ, അത് ചില സ്ഥാനാർത്ഥികൾക്ക് അനായാസ വിജയം നൽകാനും മറ്റു ചിലരെ വൻ പരാജയത്തിലേക്ക് തള്ളാനും കാരണമായേക്കാം.

പോളിം​ഗ് ശതമാനത്തിലും പൊരുത്തക്കേട്

ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ പോളിം​ഗ് ശതമാനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കും സിഇഒ പുറത്തുവിട്ട കണക്കുകൾ തമ്മിൽ അന്തരമുണ്ട്. സിഇഒ കണക്ക് പ്രകാരം അന്തിമ പോളിം​ഗ് ശതമാനം 81.86 ആണ്. ഇഎസ്ഐ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോ‍ർട്ട് പ്രകാരം അന്തിമ പോളിം​ഗ് ശതമാനം 81.79 ആണ്. പോസ്റ്റൽ ബാലറ്റുകളുടെ കാര്യത്തിലും കമ്മീഷന്റെ വിവിധ റിപ്പോർട്ടുകൾ തമ്മിൽ പൊരുത്തക്കേടുണ്ട്.

ചോദ്യം ചെയ്യപ്പെടുന്ന ജനവിധി

കസ്റ്റഡി മരണങ്ങളും രാഷ്ട്രീയ അതിക്രമങ്ങളും പോലെ തന്നെ ഗൗരവകരമായ ഒരു ജനാധിപത്യ പ്രതിസന്ധിയാണ് മാറുകയാണ് ആന്ധ്രയിലെ ഈ തെരഞ്ഞെടുപ്പ് കണക്കുകൾ മാറുകയാണെന്ന് പരകാല പ്രഭാകർ പറയുന്നു. സുതാര്യമായ രീതിയിൽ ഈ സംശയങ്ങൾക്ക് മറുപടി നൽകാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകാത്ത പക്ഷം 2024-ലെ ജനവിധി 'മോഷ്ടിക്കപ്പെട്ടത്' ആണെന്ന ആരോപണം ശക്തമായി നിലനിൽക്കും. വീഡിയോ ഗ്രാഫി രേഖകളും പ്രിസൈഡിംഗ് ഓഫീസർമാരുടെ ഡയറിയും പരിശോധനയ്ക്കായി തുറന്നുകൊടുക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമെന്നും അദ്ദേഹം ഉയർത്തുന്നുണ്ട്.



TAGS :

Next Story