Quantcast

ബിജെപി സീറ്റ് തരാത്തതല്ല, ഞാന്‍ വേണ്ടെന്ന് പറഞ്ഞതാണ് : അണ്ണാമലൈ

കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ അണ്ണാമലൈക്കും വിശ്വസ്തര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല

MediaOne Logo
Wasnt denied ticket by BJP, chose not to contest Tamil Nadu polls: Annamalai
X

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. തനിക്ക് സീറ്റ് തരാത്തതല്ലെന്നും വേണ്ടെന്ന് പറഞ്ഞതാണെന്നുമാണ് അണ്ണാമലൈയുടെ വിശദീകരണം. തെരഞ്ഞെടുപ്പില്‍ അണ്ണാമലൈയുടെ വിശ്വസ്തര്‍ക്കും സീറ്റ് ലഭിച്ചിട്ടില്ല.

'ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ലെന്ന കാര്യം നേരത്തെ തന്നെ കോര്‍ കമ്മിറ്റിയെ അറിയിച്ചതാണ്. എനിക്ക് പാര്‍ട്ടി സീറ്റ് തരാത്തതല്ല. ഞാന്‍ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതാണ്. അതാണ് സത്യം' -അണ്ണാമലൈ പറഞ്ഞു. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനുശേഷം നേതൃത്വം എങ്ങനെ തനിക്ക് സീറ്റു നല്‍കുമെന്നും അണ്ണാമലൈ ചോദിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്ന 27 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. പട്ടികയില്‍ അണ്ണാമലൈക്കും അദ്ദേഹത്തിന്റെ അടുത്ത നേതാക്കള്‍ക്കും സ്ഥാനമില്ലാത്തത് വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ, കോയമ്പത്തൂരിലെ ചില മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് അണ്ണാമലൈയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

തമിഴ്‌നാട്ടില്‍ എന്‍ഡിഎയിലെ പ്രധാന കക്ഷിയായ എഐഎഡിഎംകെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ അണ്ണാമലൈ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി അണ്ണാമലൈ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

TAGS :

Next Story