Quantcast

ശിവസേന ഹിന്ദുത്വ പാർട്ടിയാണ്; ഉവൈസിയുമായി സഖ്യത്തിനില്ലെന്ന് ഉദ്ദവ് താക്കറെ

ബി.ജെ.പിക്കെതിരെ മഹാരാഷ്ട്രയിലടക്കം പ്രതിപക്ഷകക്ഷികളുമായി സഖ്യത്തിനു തയാറാണെന്ന് എം.ഐ.എം നേതാവും പാർലമെന്റ് അംഗവുമായ ഇംതിയാസ് ജലീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    21 March 2022 10:26 AM GMT

ശിവസേന ഹിന്ദുത്വ പാർട്ടിയാണ്; ഉവൈസിയുമായി സഖ്യത്തിനില്ലെന്ന് ഉദ്ദവ് താക്കറെ
X

അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ശിവസേനാ തലവൻ ഉദ്ദവ് താക്കറെയും. ശിവസേന ഹിന്ദുത്വവാദി പാർട്ടിയാണെന്നും എ.ഐ.എം.ഐ.എമ്മിന്റെ സഖ്യവാഗ്ദാനം പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രതികരിച്ചു. ബി.ജെ.പിക്കെതിരെ മഹാരാഷ്ട്രയിലടക്കം പ്രതിപക്ഷകക്ഷികളുമായി സഖ്യത്തിനു തയാറാണെന്ന് എം.ഐ.എം നേതാവും പാർലമെന്റ് അംഗവുമായ ഇംതിയാസ് ജലീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താക്കറെയുടെ പ്രതികരണം.

ആരാണ് എ.ഐ.എം.ഐ.എമ്മുമായി സഖ്യം ആവശ്യപ്പെട്ടത്? ഇത് ബി.ജെ.പിയുടെ തന്ത്രവും ഗൂഢാലോചനയുമാണ്. എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യബാന്ധവമുണ്ട്. ശിവസേനയെ അപകീർത്തിപ്പെടുത്താനും സേനയുടെ ഹിന്ദുത്വ ആശയത്തിൽ സംശയമുയർത്താനുമാണ് ബി.ജെ.പി എ.ഐ.എം.ഐ.എമ്മിനെ ഏൽപ്പിച്ചിരിക്കുന്നത്-ശിവസേന എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു.

എം.ഐ.എം ഓഫർ

ബി.ജെ.പിയുടെ 'ബി' ടീമല്ല തങ്ങളെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(എ.ഐ.എം.ഐ.എം) എം.പിയും മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ ഇംതിയാസ് ജലീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻ.സി.പിയുമായും കോൺഗ്രസുമായും പാർട്ടി സഖ്യത്തിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു.

എ.ഐ.എം.ഐ.എം കാരണമാണ് ബി.ജെ.പി ജയിക്കുന്നതെന്നാണ് എപ്പോഴും ആരോപിക്കപ്പെടാറുള്ളത്. ഇതു പാർട്ടിക്കെതിരെയുള്ള വെറും ആരോപണമാണോ അതല്ല ഞങ്ങളുമായി അവർ കൈകോർക്കാൻ തയാറാകുമോ എന്ന കാര്യമാണ് അറിയേണ്ടത്. എല്ലാ പാർട്ടികൾക്കും മുസ്ലിം വോട്ട് വേണം. എന്തിന് എൻ.സി.പി മാത്രം? തങ്ങൾ മതേതര പാർട്ടിയാണെന്നാണ് കോൺഗ്രസ് പറയാറുള്ളത്. അവർക്കും വേണം മുസ്ലിം വോട്ട്. അവരോട് കൈകോർക്കാൻ ഞങ്ങൾ തയാറാണ്. ബി.ജെ.പി രാജ്യത്തിന് വലിയ നാശമാണ് സൃഷ്ടിച്ചിട്ടുള്ളത്. അവരെ തോൽപ്പിക്കാൻ വേണ്ട എന്തു നടപിക്കും ഞങ്ങൾ ഒരുക്കമാണ്- ഇംതിയാസ് ജലീൽ വ്യക്തമാക്കി.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ എസ്.പിയുമായും ബി.എസ്.പിയുമായും സഖ്യചർച്ച നടത്തിയ കാര്യവും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, അവർക്ക് മുസ്ലിം വോട്ടുകൾ വേണമെന്നും ഉവൈസിയെ പറ്റില്ലെന്നും ഇംതിയാസ് ജലീൽ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നുള്ള എ.ഐ.എം.ഐ.എം ലോക്സഭാ അംഗമാണ് ഇംതിയാസ്.

Summary: We are Hindutvavadis, will never strike alliance with AIMIM, says Shivsena leader and Maharashtra CM Uddhav Thackeray

TAGS :

Next Story