Quantcast

'ഇന്ത്യയ്ക്കൊപ്പം, എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നു'; പഹൽഗാം ആക്രമണത്തിൽ യുഎസ്

നഷ്ടപ്പെട്ടവരുടെ ജീവനും പരിക്കേറ്റവരുടെ തിരിച്ചുവരവിനും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നതായി ബ്രൂസ് കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    25 April 2025 9:09 AM IST

Pahalgam Attack
X

വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണത്തെ അലപപിച്ച് അമേരിക്ക. ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഎസ് ആവശ്യപ്പെട്ടു.

"പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കിയതുപോലെ, അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു. എല്ലാ ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നു," സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് ടാമി ബ്രൂസ് വ്യാഴാഴ്ച പറഞ്ഞു. നഷ്ടപ്പെട്ടവരുടെ ജീവനും പരിക്കേറ്റവരുടെ തിരിച്ചുവരവിനും വേണ്ടി തങ്ങൾ പ്രാർത്ഥിക്കുന്നതായി ബ്രൂസ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിന് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് അമേരിക്ക കരുതുന്നുണ്ടോ എന്നും രാജ്യങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ വാഷിംഗ്ടൺ എന്തെങ്കിലും പങ്കു വഹിക്കുന്നുണ്ടോ എന്നും ചോദിച്ചപ്പോൾ, സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഈ വിഷയം എടുത്തുകാണിച്ചതെന്നും എന്നാൽ ഇപ്പോൾ കൂടുതൽ അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ലെന്നും ബ്രൂസ് വ്യക്തമാക്കി.

"എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്, തീർച്ചയായും, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. നിങ്ങൾ കരുതുന്നതുപോലെ ഞങ്ങൾ അത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കശ്മീരിന്‍റെയൊ ജമ്മുവിന്‍റെയോ അവസ്ഥയെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ഒരു നിലപാട് എടുക്കുന്നില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കശ്മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഭീകരതയ്ക്കെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,' എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം പാകിസ്താനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചത് പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകൾ നീക്കംചെയ്യാനും കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു.

പാകിസ്താനുമായി നയതന്ത്ര യുദ്ധത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ബദൽ നടപടികളുമായി പ്രതിരോധിക്കുകയാണ് പാകിസ്താൻ. ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ ഉടൻ അടക്കാനും ഷിംല കരാർ മരവിപ്പിക്കാനുമാണ് പാകിസ്താന്‍റെ തീരുമാനം. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സുരക്ഷ പിൻവലിച്ച നടപടിക്ക് പിന്നാലെയാണ് പാകിസ്താൻ നീക്കങ്ങൾ ആരംഭിച്ചത്.

TAGS :

Next Story