ബിജെപി ഓഫീസിന് തീയിട്ടു, സിആർപിഎഫ് വാഹനം കത്തിച്ചു; ലഡാക്കിൽ സംസ്ഥാന പദവിയും ഗോത്ര പദവിയും ആവശ്യപ്പെട്ട് വൻ പ്രതിഷേധം
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം

ലഡാക്ക്: സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി ലഡാക്കിൽ വൻ പ്രതിഷേധം. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാർ ബിജെപി ഓഫീസിന് തീയിട്ടു.
സംസ്ഥാന പദവിക്കും ഗോത്ര പദവിക്കുമായി ലഡാക്കിൽ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരം നടന്നുവരികയായിരുന്നു. വാങ്ചുക്കിനൊപ്പം നിരാഹാരം കിടന്ന രണ്ടുപേരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പാന്നാലെയാണ് പ്രതിഷേധം ശക്തമായത്.
പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയിൽ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്. കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്.
Adjust Story Font
16

