'യാത്രയിലുടനീളം കൈ കാലുകളിൽ വിലങ്ങുവെച്ചു, വാഷ്‌റൂമിൽ പോകാൻപോലും ബുദ്ധിമുട്ടി': യുഎസിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാര്‍ പറയുന്നു
'' കൃത്യമായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ പോലും സമ്മതിച്ചില്ല . നിരന്തരം ആവശ്യപ്പെട്ടിട്ടാണ് വാഷ്‌റൂമിലേക്ക് പോകാൻ തന്നെ അനുവദിച്ചത്''

ചണ്ഡീഗഡ്: യാത്രയിലുടനീളം കൈകാലുകളില്‍ വിലങ്ങ് വെച്ചിരുന്നതായി അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ 104 ഇന്ത്യക്കാരിലൊരാളായ ജസ്പല്‍ സിങാണ് ഇക്കാര്യം ന്യൂസ് ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തിയത്. അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷമാണ് വിലങ്ങുകള്‍ എടുത്തുമാറ്റിയതെന്നും അദ്ദേഹം പറയുന്നു. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ഹർദോർവാൾ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ജസ്പല്‍ സിങ്.
'' 40 മണിക്കൂറോളം ഞങ്ങളുടെ കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിപ്പിച്ചു. കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ല. സീറ്റിൽ നിന്ന് ഒരിഞ്ച് അനങ്ങാൻ പോലും സമ്മതിച്ചില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടാണ് വാഷ്റൂമിലേക്ക് പോകാന്‍ തന്നെ അനുവദിച്ചത്. ശൗചാലയത്തിന്റെ വാതിൽ തുറന്ന് ഞങ്ങളെ അകത്തേക്ക് തള്ളിവിടുകയായിരുന്നു'- നാടുകടത്തപ്പെട്ടവരിലൊരാളായ ഹർവീന്ദർ സിങ് പറഞ്ഞു. ശാരീരികമായി മാത്രമല്ല, യാത്ര മാനസികമായും തളർത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം ബുധനാഴ്ചയാണ് അമൃത്സര്‍ വിമാനത്താവളത്തിലിറങ്ങിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി ഡൊണാൾഡ് ട്രംപ് സർക്കാർ നാടുകടത്തുന്ന ആദ്യ ബാച്ച് ഇന്ത്യക്കാരുടെ സംഘമാണ് ഇന്നലെ എത്തിയത്. ഇവരിൽ 33 പേർ ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും 30 പേർ പഞ്ചാബിൽ നിന്നും, മൂന്ന് പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ യുഎസിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. യുഎസിൽ നിന്ന് നാടുകടത്തപ്പെടുന്ന സമയത്ത് ഇന്ത്യക്കാരുടെ കൈകൾ വിലങ്ങുവെച്ച ചിത്രങ്ങൾ കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് സങ്കടമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വ്യക്തമാക്കിയിരുന്നത്.
Adjust Story Font
16