'ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനൊപ്പം തന്നെ തുടരും': എൻസിപി അജിത് പവാർ വിഭാഗം
അജിത് പവാറിന്റെയും ശരദ് പവാറിന്റെയും നേതൃത്വത്തിലുള്ള എൻസിപി വിഭാഗങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി സഖ്യം രൂപീകരിച്ചിരുന്നു

- Published:
12 Jan 2026 5:36 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണസഖ്യത്തിനൊപ്പം(മഹായുതി) തന്നെ തുടരുമെന്ന് അജിത് പവാര്‍ വിഭാഗം എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും ശരദ് പവാറിന്റെയും നേതൃത്വത്തിലുള്ള എൻസിപി വിഭാഗങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി സഖ്യം രൂപീകരിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് പ്രഫുല്‍ പട്ടേലിന്റെ പ്രതികരണം. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലും, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുമാണ് ഞങ്ങൾ പ്രവർത്തിക്കുക- അദ്ദേഹം പറഞ്ഞു.
അതേസമയം ഇപ്പോള്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലുള്ള സുപ്രിയ സുലെയും ഭാവിയിൽ തങ്ങളൊടോപ്പം ചേരുമോ എന്ന ചോദ്യത്തിന് സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ മറുപടി. സുപ്രിയ മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് അടക്കമുള്ള ചില മുന്‍സിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കുന്നത്. ജനുവരി 15നാണ് തെരഞ്ഞെടുപ്പ്. പൂനെ മുനിസിപ്പൽ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കാൻ സുപ്രിയയും അജിത് പവാറും ഒന്നിച്ചിരുന്നു. 2023ൽ എൻസിപി പിളർന്നതിനുശേഷം ഇതാദ്യമായിട്ടായിരുന്നു അജിത് പവാറും സുപ്രിയ സുലെയും ഒരുമിച്ചു വേദി പങ്കിട്ടത്.
ശരദ് പവാർ സ്ഥാപിച്ച എൻസിപിയെ അനന്തരവൻ അജിത് പവാറാണ് പിളർത്തിയത്. തുടർന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം എൻഡിഎയിൽ ചേരുകയും അദ്ദേഹം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാവുകയുമായിരുന്നു. അജിത് പവാർ പക്ഷത്തിനു പാർട്ടിയുടെ പേരും ക്ലോക്ക് ചിഹ്നവും ലഭിച്ചപ്പോൾ, ശരദ് പവാർ വിഭാഗം എൻസിപി (ശരദ്ചന്ദ്ര പവാർ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Adjust Story Font
16
