Quantcast

അനുമതിയില്ലെന്ന് ആരോപണം; പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടി, 100 മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

വിവിധ ജില്ലകളിലെ അംഗീകൃതവും അനധികൃതവുമായ മദ്രസകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നൽകിയ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    14 Sept 2026 7:50 AM IST

അനുമതിയില്ലെന്ന് ആരോപണം; പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടി, 100 മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്
X

കൊൽക്കത്ത: അടിസ്ഥാന സൗകര്യങ്ങളോ മതിയായ അംഗീകാരമോ ഇല്ലെന്ന് ആരോപിച്ച് പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. സംസ്ഥാനവ്യാപകമായി നടത്തിയ സർവേയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം. 100 മദ്രസകൾക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകിയതായി അധികൃതർ വ്യക്തമാക്കി.

ആവശ്യമായ അംഗീകാരങ്ങളുള്ള മദ്രസകൾക്ക് തുടർന്നും പ്രവർത്തിക്കാമെന്ന് ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഖുദിറാം ടുഡു വ്യക്തമാക്കി. സർക്കാർ, സ്വകാര്യ മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങൾ, അനുമതികൾ, മാനേജ്മെന്റ് സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി ജൂൺ ആദ്യം മുതലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വകുപ്പ് നേരിട്ട് സർവേ ആരംഭിച്ചത്.

വിവിധ ജില്ലകളിലെ അംഗീകൃതവും അനധികൃതവുമായ മദ്രസകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നൽകിയ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച സ്ഥാപനങ്ങളുടെ മറുപടി പരിശോധിച്ച ശേഷമാകും ഇവയ്ക്കുമേൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മദ്രസകളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അറസ്റ്റിലായ പലരും ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപകരായി ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി ദിലീപ് ഘോഷ് ആരോപിച്ചു.

"മദ്രസകൾക്കെതിരെ നിരന്തരം പരാതികൾ ലഭിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിയമപ്രകാരവും സർക്കാർ അനുമതിയോടെയും പ്രവർത്തിക്കുന്ന മദ്രസകൾക്ക് തുടർന്നും പ്രവർത്തിക്കാം. എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ മദ്രസകൾ തുറന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സർക്കാർ അനുവദിക്കില്ല," ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ എല്ലാ മദ്രസകളെയും ഒരേപോലെ സംശയത്തിന്റെ മുനയിൽ നിർത്തരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

TAGS :

Next Story