Quantcast

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി

മെയ് ആറിന് സുപ്രിംകോടതി കേസ് വീണ്ടും പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    29 April 2024 2:02 PM GMT

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രിംകോടതി
X

കൊൽക്കത്ത: പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ സി.ബി.ഐ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 24,000 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ പുറപ്പെടുവിപ്പിച്ചത്.

പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2016ൽ നടന്ന സംസ്ഥാന തല സെലക്ഷൻ റിക്രൂട്ട്മെന്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിയമനങ്ങൾ അസാധുവാണെന്നും ഹൈക്കോടതി പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് തൃണമൂൽ കോൺഗ്രസ് സർക്കാർ വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കകം പുതിയ നിയമന പ്രക്രിയ ആരംഭിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെയും ബംഗാൾ സർക്കാർ സുപ്രിം കോടതിയിൽ ചോദ്യം ചെയ്തു. മെയ് ആറിന് സുപ്രിംകോടതി കേസ് വീണ്ടും പരിഗണിക്കും. മുൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും ചില സർക്കാർ ഉദ്യോഗസ്ഥരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

TAGS :

Next Story