Quantcast

കൃത്യമായി ആസൂത്രണം ചെയ്ത ബിസിനസ് തന്ത്രം; അർണബിന്റെ മോദി- ബിജെപി വിമർശനത്തിന് പിന്നിൽ...

കാതലായ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിൽ വിമർശനങ്ങളുണ്ടാകുന്നില്ല. വർഗീയത പോലുള്ള വിഷയങ്ങളിൽ അർണബ് ഒന്നും മിണ്ടുന്നില്ല.

MediaOne Logo

Web Desk

  • Published:

    27 Dec 2025 11:51 AM IST

What Behind the Criticism of Arnab Goswami Against Modi-BJP |
X

ന്യൂഡൽഹി: പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളേയും രൂക്ഷമായി ആക്രമിക്കുകയും കേന്ദ്രത്തെയും ബിജെപി സർക്കാരിനെയും കണ്ണടച്ച് പിന്തുണയ്ക്കുകയും അവരെ എതിർക്കുന്നവരെ ചാനലിലൂടെ അധിക്ഷേപിക്കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്തിരുന്ന റിപ്പബ്ലിക് ടിവി മേധാവി അർണബ് ​ഗോസ്വാമിയുടെ പെട്ടെന്നുള്ള യു-ടേണിന് പിന്നിലെന്ത് എന്ന ചോദ്യമാണ് അന്തരീക്ഷമാകെ. മോദി സർക്കാരിനും ബിജെപിക്കുമെതിരെ വിമർശനവുമായി രം​ഗത്തെത്തിയ അർണബിന്റെ ചുവടുമാറ്റത്തിന് പിന്നിൽ പെട്ടെന്നുണ്ടായ തിരിച്ചറിവല്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് ഒരു രാഷ്ട്രീയ ഉണർവ് അല്ലെന്നും ആസൂത്രിതമായ ബിസിനസ് തന്ത്രമാണെന്നും അർണബ് ഗോസ്വാമിയുടെ നീക്കങ്ങൾ അറിയാവുന്ന ആളുകൾ വ്യക്തമാക്കിയെന്ന ന്യൂസ് ലോൺ‌ഡ്രി/ന്യൂസ് മിനിറ്റ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർ‌ത്തകനും എഴുത്തുകാരനുമായ പരൺജോയ് ഗുഹ താകുർത്ത.

ഇൻഡിഗോ വിമാന പ്രതിസന്ധിയായിരുന്നു അർണബിന്റെ ഈയടുത്തകാലത്തെ വിമർശനങ്ങളുടെ തുടക്കം. ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലായിരുന്നു അത്. അതുവരെ ടിവി ചാനലുകളിൽ ആരും തന്നെ ഈ വിഷയം കാര്യമായി ഏറ്റെടുത്തിരുന്നില്ല. എന്നാൽ റിപ്പബ്ലിക് ടിവി അത് ചെയ്തു. ആ നീക്കം ഫലം കണ്ടു. ആ ആഴ്ചയിൽ തന്നെ റിപ്പബ്ലിക് ടിവിയുടെ ടിആർപി നിരക്ക് കുത്തനെ ഉയർന്നു. ഭരണകൂടത്തിനെതിരെയാണെങ്കിലും ആക്രമണാത്മക മാധ്യമപ്രവർത്തനം വിറ്റഴിക്കപ്പെടുമെന്ന് ഇതിലൂടെ അർണബ് തെളിയിച്ചു.

ഇതോടെ അർണബ് അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഡൽഹിയിലെ വായുമലിനീകരണത്തിലായിരുന്നു അർണബ് മോദി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ആരവല്ലി പർവതനിരയെ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെയും അർണബ് ശബ്ദമുയർത്തി. മധ്യപ്രദേശിലെ ഒരു ബിജെപി നേതാവ് മകന്റെ വിവാഹത്തിൽ പടക്കങ്ങൾക്കായി 70 ലക്ഷം രൂപ ചെലവാക്കിയപ്പോൾ അതേ സംസ്ഥാനത്ത് ഗർഭിണികൾ ചികിത്സ കിട്ടാതെ മരിക്കുന്നതായും അർണബ് ആരോപിച്ചു. ഇതൊക്കെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങി. ആളുകൾ അർണബിനെ പ്രശംസിക്കുന്നോ ചോദ്യം ചെയ്യുന്നോ എന്നതിലുപരി അദ്ദേഹം ചർച്ചാവിഷയമായി എന്നതാണ് ശ്രദ്ധേയമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇൻസൈഡർമാർ പറയുന്നതനുസരിച്ച്, ആരവല്ലി വിഷയത്തിലെ അർണബിന്റെ ഇടപെടൽ വെറും റേറ്റിങ്ങുകളിൽ ഊന്നിയതല്ല. അതിന് ഒരു പ്രത്യേക കോർപ്പറേറ്റ് സ്വഭാവം കൂടിയുണ്ടായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ സമയത്ത് പ്രത്യേകിച്ചും, അദാനി ഗ്രൂപ്പിനെ പരസ്യമായി പ്രതിരോധിച്ചവരിൽ ഒരാളായിരുന്നു അർണബ്. എന്നാൽ ഇന്ന് ആ ബന്ധസമവാക്യം മാറി. അദാനി ഗ്രൂപ്പ് എൻഡിടിവി ഏറ്റെടുത്തതോടെ, അവർ റിപ്പബ്ലിക് ടിവിയുടെ നേരിട്ടുള്ള എതിരാളിയായി മാറി. നിലവിൽ വലിയ സാമ്പത്തിക നേട്ടത്തിൽ മുന്നേറുന്ന എൻഡിടിവി, അർണബിന്റെ ചാനലിൽ നിന്നുൾപ്പെടെ മാധ്യമപ്രവർത്തകരെ തങ്ങളുടെ ന്യൂസ്റൂമിലേക്ക് എത്തിക്കുകയും കമ്പനികൾക്ക് വിപണിയെ തകർക്കുന്ന പരസ്യ പാക്കേജുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

അദാനി– എൻഡിടിവി നീക്കം തങ്ങളെ വാണിജ്യപരമായി ബാധിക്കുകയാണെന്ന് റിപ്പബ്ലിക്കിലെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ, അർണബ് ആരവല്ലി വിഷയത്തിൽ കേന്ദ്രത്തെ ആക്രമിക്കുന്നതായി തോന്നുമ്പോഴും യഥാർഥത്തിൽ അദ്ദേഹം ലക്ഷ്യമിടുന്നത് അദാനിയെയാണെന്നും വ്യക്തം.

എന്നാൽ, നീക്കങ്ങൾ പലതും റിപ്പബ്ലിക് ന്യൂസ് റൂമിനുള്ളിൽ ചർച്ച ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിറ്റോറിയൽ പോളിസി മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ പോലും വ്യക്തമാക്കുന്നു. മീറ്റിങ്ങുകളിൽ അർണബ് വ്യക്തമായി ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നാണ് ഒരു റിപ്പോർട്ടർ പറഞ്ഞത്. അപ്പോഴും, അർണബ് ബിജെപി സർക്കാരിനെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ക്ലിപ്പുകൾ വൈറലാകുന്നത് തുടർന്നു. ടിആർപി കുതിച്ചുയർന്നു. പരസ്യ നിരക്കുകൾ മുകളിലേക്ക് ഉയർന്നു.

അർണബിന്റെ പുതിയ നീക്കത്തെ മോദി സർക്കാരുമായുള്ള അലിഖിത ഉടമ്പടി എന്നാണ് റിപ്പബ്ലിക്കിലെ പുതിയ ക്രമീകരണങ്ങളെയും മാറ്റത്തേയും കുറിച്ച് ബോധ്യമുള്ളവർ വിശേഷിപ്പിക്കുന്നത്. അവിടെ ഇത്തരം ഇടയ്ക്കിടെയുള്ള വിമർശനങ്ങൾ അനുവദനീയമാണ്. എന്നാൽ കാതലായ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിൽ വിമർശനങ്ങളുണ്ടാകുന്നില്ല. വർഗീയത പോലുള്ള വിഷയങ്ങളിൽ അർണബ് ഒന്നും മിണ്ടുന്നില്ല. അത്തരം വിഷയങ്ങളിൽ അർണബ് എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഉയരുന്ന ചോദ്യം.

ഇൻഡിഗോ, ആരവല്ലി വിഷയങ്ങളിലെ വീഡിയോ ക്ലിപ്പുകൾ വൈറലായിക്കൊണ്ടിരിക്കുന്ന അതേ സമയത്താണ്, തമിഴ്നാട്ടിലെ തിരുപ്പറംകുന്ദ്രം ദീപം വിവാദത്തിൽ ആർ‌എസ്‌എസ് സൈദ്ധാന്തികനായ ഗുരുമൂർത്തിയെ അർണബ് അഭിമുഖം ചെയ്യുകയും ജസ്റ്റിസ് ജി.ആർ സ്വാമിനാഥനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തതെന്ന് മറക്കരുത്. രാജ്യം ചർച്ച ചെയ്യുന്ന വോട്ട്കൊള്ള, ആൾക്കൂട്ടക്കൊല, വിദ്വേഷ ആക്രമണങ്ങൾ, അഴിമതി തുടങ്ങിയ വിഷയങ്ങളിലും അർണബിന് ഒന്നും പറയാനില്ല എന്നതും ഇപ്പോഴത്തെ വിമർശന ശരങ്ങളുടെ ഉദ്ദേശ്യശുദ്ധിയിലേക്ക് സംശയമുന നീളുന്നതാണ്.


TAGS :

Next Story