Quantcast

കേന്ദ്രസർക്കാരിനും സുപ്രിംകോടതിക്കും ചാനലിൽ വിമർശനം; അർണബ് ഗോസ്വാമിക്ക് എന്ത് പറ്റി?

ഇൻഡി​ഗോ പ്രതിസന്ധിയിൽ ഇന്ത്യ ചോദിക്കുന്നു മോദി സർക്കാർ എന്താണ് ചെയ്യുന്നത്? എന്ന് അർണബ് തുറന്നടിച്ചത് അമ്പരപ്പിക്കുന്ന നീക്കമായിരുന്നു

MediaOne Logo

Web Desk

  • Published:

    22 Dec 2025 11:25 AM IST

കേന്ദ്രസർക്കാരിനും സുപ്രിംകോടതിക്കും ചാനലിൽ വിമർശനം; അർണബ് ഗോസ്വാമിക്ക് എന്ത് പറ്റി?
X

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്ററും പ്രൈംടൈം അവതാരകനുമായ അർണബ് ഗോസ്വാമിയുടെ നയംമാറ്റം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. വൻകിട കുത്തക കമ്പനികളുടെ കയ്യേറ്റത്തിൽ നിന്ന് ആരവല്ലി പർവതനിരയെ സംരക്ഷിക്കാത്തതിൽ കേന്ദ്രസർക്കാരിനും സുപ്രിംകോടതിക്കും എതിരെ രൂക്ഷ വിമർശനമാണ് അർണബ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കേന്ദ്രസർക്കാർ '15 കോടി രൂപ നൽകുന്ന അവതാരകൻ' ഇതിനെക്കുറിച്ച് മിണ്ടില്ലെന്നും എന്നാൽ തനിക്ക് തുറന്നുപറയാൻ മടിയില്ലെന്നും അർണബ് പറഞ്ഞു. ഡിഡി ന്യൂസ് എഡിറ്റർ സുധീർ ചൗധരിയാണ് അർണബ് ഉദ്ദേശിച്ച അവതാരകൻ.

ആരവല്ലി പർവതനിരയെ കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ 'നമ്മൾ വികസിത് ഭാരത് അല്ല, പാരിസ്ഥിതികമായി തകർന്ന ഭാരതമായി മാറും' എന്നാണ് അർണബ് തുറന്നടിച്ചത്. സുപ്രിംകോടതിയുടെ പുതിയ ഉത്തരവിനെ മറയാക്കി സർക്കാർ കോർപറേറ്റുകളെ സഹായിക്കുകയാണെന്നും ശതകോടീശ്വരൻമാർക്ക് ലാഭമുണ്ടാക്കൻ 200 കോടി വർഷം പഴക്കമുള്ള മലനിരകൾ തകർക്കുന്നത് ജനാധിപത്യമല്ലെന്നും അർണബ് ചൂണ്ടിക്കാട്ടി.

പ്രാദേശിക ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്റർ അല്ലെങ്കിൽ അതിൽ കൂടുൽ ഉയരമുള്ള ഭൂപ്രദേശങ്ങളെ മാത്രമേ ആരവല്ലി കുന്നുകളായി കണക്കാക്കൂ എന്നാണ് സുപ്രിംകോടതി സമീപകാല ഉത്തരവിൽ പറഞ്ഞത്. ഇത് പരിസ്ഥിതി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അർണബ് വിമർശനവുമായി രംഗത്തെത്തിയത്.

''നിങ്ങൾക്ക് ആ കുന്നുകളെ തകർക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഞങ്ങൾ ഇന്ത്യൻ പൗരൻമാർക്ക് അതിനെക്കുറിച്ച് മിണ്ടാൻ പാടില്ലേ? ഇതൊരു ജനാധിപത്യ രാജ്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇതൊരു ജനാധിപത്യ ഭരണത്തിന്റെ കീഴിലാണെങ്കിൽ നിങ്ങൾക്ക് 200 വർഷം പഴക്കമുള്ള ഒരു പർവതനിരയെ എങ്ങനെയാണ് തകർക്കാൻ കഴിയുക എന്ന് എനിക്കറിയണം''- അർണബ് പറഞ്ഞു.

''ഇന്ത്യൻ സർക്കാർ 15 കോടി രൂപ നൽകുന്ന അവതാകരൻ ഈ ചോദ്യം ചോദിക്കില്ല. എന്നാൽ നിങ്ങൾക്ക് വേണ്ടി ഞാൻ ഇത് ചോദിക്കും. സുപ്രിംകോടതി ഉത്തരവ് അനുസരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് എന്നാണ് സംസ്ഥാന സർക്കാരുകൾ പറയുന്നത്. ഇത് പുതിയ തന്ത്രമാണ്. ആരവല്ലിയെ തകർക്കാനായി ഞങ്ങൾ ഒന്നും ചെയ്യുന്നില്ല. ഞങ്ങൾ ശിപാർശ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. സുപ്രിംകോടതിയാണ് തീരുമാനിക്കുന്നത് എന്നാണ് അവർ പറയുന്നത്. കോർപറേറ്റുകൾ കോടാനുക്കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്യുന്നു. സർക്കാർ എന്താണ് ചെയ്യുന്നത്? രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ ജലതർക്കം രൂക്ഷമാക്കാൻ ഈ ഖനനം കാരണമാകും''- അർണബ് ചൂണ്ടിക്കാട്ടി.

ആരവല്ലിയെ തകർക്കാൻ പ്രധാനമന്ത്രിയും പരിസ്ഥിതി മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും അർണബ് ആവശ്യപ്പെട്ടു. ഇതിൽ സർക്കാർ പരാജയപ്പെട്ടാൽ നമ്മൾ വികസിത ഭാരതമല്ല, പാരിസ്ഥിതികമായി തകർക്കപ്പെട്ട ഭാരതമായി മാറും. സർക്കാർ ഇടപെടണം. രാജ്യത്തെ മാധ്യമങ്ങൾ അവരുടെ ജോലി ചെയ്യില്ലെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് വിമർശിച്ചില്ലെങ്കിലും പരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവിനെതിരെ അദ്ദേഹം കടുത്ത വിമർശനമുന്നയിച്ചു.

ആദ്യമായല്ല അർണബ് സർക്കാരിനും ബിജെപിക്കുമെതിരെ വിമർശനമുന്നയിക്കുന്നത്. ഡൽഹിയിലെ വായു മലിനീകരണം പരിഹരിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഗോഡി മീഡിയയുടെ ഭാഗമായ ഒരു മാധ്യമപ്രവർത്തകൻ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കേന്ദ്രത്തെ വിമർശിച്ചതിൽ അതിശയം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിരവധിപേർ രംഗത്തെത്തിയിരുന്നു.

മധ്യപ്രദേശിലെ ബിജെപി എംഎൽഎ മകന്റെ വിവാഹത്തിന് 70 ലക്ഷം രൂപ ചെലവാക്കി ധൂർത്ത് നടത്തിയപ്പോൾ അതേ സംസ്ഥാനത്ത് ഗർഭിണികൾ ചികിത്സ കിട്ടാതെ മരിക്കുന്നതും കുട്ടികൾക്ക് ചികിത്സാ പിഴവിലൂടെ എച്ച്‌ഐവി ബാധിക്കുന്നതും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളുടെ ധാർഷ്ട്യത്തെയും അർണബ് വിമർശിച്ചിരുന്നു.

പ്രശ്‌നങ്ങളെ പ്രശ്‌നങ്ങളായി കാണണം. ഇൻഡിഗോ പ്രതിസന്ധിയിൽ മോദി സർക്കാർ എന്ത് ചെയ്യുകയാണ് എന്നാണ് ഇന്ത്യ ചോദിക്കുന്നത് എന്ന അർണബിന്റെ പരാമർശം അമ്പരപ്പിക്കുന്നതായിരുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്ന അർണബിന്റെ സമീപകമാല നയംമാറ്റത്തിൽ അദ്ദേഹത്തെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മോദി സർക്കാരിനെ പുകഴ്ത്തിയവർക്ക് പോലും എതിർത്ത് സംസാരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു എന്ന് പറയുന്നവരുമുണ്ട്.

TAGS :

Next Story