Quantcast

എന്തുകൊണ്ട് നേരത്തെ വിരമിച്ചു? കാരണം വ്യക്തമാക്കി മേജര്‍ ഋഷഭ് സിങ് സംബ്യാല്‍

വിരമിക്കാനുള്ള തൻ്റെ തീരുമാനത്തിന് കുടുംബത്തിൻ്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Sept 2026 11:56 AM IST

what is behind major rishabh singh sambyal retire
X

ന്യൂഡല്‍ഹി: സൈന്യത്തില്‍ നിന്ന് സ്വമേധയാ വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സൈനിക സഹായി (എഡിസി) ആയിരുന്ന പാരാ സ്പെഷല്‍ ഫോഴ്സ് ഓഫീസര്‍ മേജര്‍ ഋഷഭ് സിങ് സംബ്യാല്‍. 12 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കാലാവധി പൂര്‍ത്തിയാക്കും മുമ്പ് 31കാരനായ മേജര്‍ വിരമിച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഋഷഭ് സിങ് സംബ്യാലിന്റെ വിരമിക്കലിനെ ചൊല്ലി ഏറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇവയ്ക്ക് ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.

വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് വിരമിച്ചതെന്നാണ് മേജര്‍ ഋഷഭ് സിങ് സംബ്യാല്‍ വ്യക്തമാക്കിയത്. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി നല്‍കുന്നുമുണ്ട്. സൈന്യത്തില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നു. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് വിരമിച്ചത്. ഉടനെയൊന്നും വിവാഹിതനാവില്ലെന്നും വിവാഹിതനാവുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

താന്‍ വിരമിച്ചത് വിദേശിയെ വിവാഹം കഴിക്കാനാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് മേജര്‍ പറഞ്ഞു. എന്നാല്‍ എനിക്ക് അങ്ങനെയൊരു പ്ലാനില്ല. ഉടനെയൊന്നും വിവാഹം കഴിക്കില്ല. തനിക്ക് ഗേള്‍ഫ്രണ്ട് ഇല്ലെന്നും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളെ കുറിച്ചും സൈനിക യൂണിഫോമിനെ കുറിച്ചും തന്റെ കഠിനാധ്യാനത്തെ കുറിച്ചുമെല്ലാം മേജര്‍ ഋഷഭ് പറഞ്ഞു. വിരമിക്കാനുള്ള തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിക്കൊപ്പം സഹായിയായി പ്രവര്‍ത്തിക്കുന്ന വേളയിലെ മേജര്‍ ഋഷഭിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. നിരവധി ഔദ്യോഗിക പരിപാടികളിലും വിദേശപര്യടനങ്ങളിലുമെല്ലാം മേജര്‍ ഋഷഭ് രാഷ്ടപതിയെ അനുഗമിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ കാര്യങ്ങളിലുള്ള അതീവ ശ്രദ്ധയും കരുതലും മേജര്‍ ഋഷഭിനെ വേറിട്ടുനിര്‍ത്തിയിരുന്നു. 'നാഷണല്‍ ക്രഷ്' എന്നാണ് മേജര്‍ ഋഷഭിനെ പല ദേശീയമാധ്യമങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story