''വിമാനാപകടത്തില്‍ ബ്ലാക്ക് ബോക്‌സ് നിര്‍ണായകം'' എന്താണ് ബ്ലാക്ക് ബോക്‌സ്, പ്രവര്‍ത്തനം ഇങ്ങനെ
ബ്ലാക്ക് ബോക്‌സിന് രണ്ടുഭാഗങ്ങളുണ്ട്

വിമാനാപകടം ഏത് കാലത്ത് നടന്നാലും വാര്‍ത്തകളിലെ പ്രധാന തലക്കെട്ടാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തി എന്നത്. ബ്ലാക്ക് ബോക്‌സിന് വളരെ പ്രധാന്യമുണ്ട്. വിമാനദുരന്തം എങ്ങനെ സംഭവിച്ചു എന്നതിന്റെ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ലഭിക്കണം.
ബ്ലാക്ക് ബോക്‌സ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഇതിന്റെ നിറം ബ്ലാക്കാണെന്ന് കരുതാം. എന്നാല്‍ ബ്ലാക്ക് ബോക്‌സിന്റെ നിറം ബ്ലാക്ക് അല്ല. തിളങ്ങുന്ന ഓറഞ്ച് നിറമാണ് ബ്ലാക്ക് ബോക്‌സിന്. എത്ര അപകടകരമായ ദുരന്തത്തെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ബ്ലാക്ക് ബോക്‌സ് എന്ന ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. വിമാനാപകടത്തിന്റെ അവസാന നിമിഷം എന്താണ് സംഭവിച്ചത് എന്ന നിര്‍ണായക വിവരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുക. പല അന്വേഷണങ്ങളിലും നിര്‍ണായകമാകുന്നത് ബ്ലാക്ക് ബോക്‌സ് ആണ്.
വിമാനത്തെ സംബന്ധിച്ചിടത്തോളം ബ്ലാക്ക് ബോക്‌സ് വെറുമൊരു ഉപകരണം മാാത്രമല്ല. ഒരു കേസില്‍ പാക്ക് ചെയ്ത രണ്ട് ഘടകങ്ങളാണിത്. ഒന്നാമത്തേത് ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, രണ്ടാമത്തെതാണ് കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍. എഫ്ഡിആറില്‍ ഫ്‌ളൈറ്റിന്റെ ടെക്‌നിക്കല്‍ ഡാറ്റകളാണ് റെക്കോര്‍ഡ് ചെയ്യുക. സ്പീഡ്, ഉയരം, എഞ്ചിന്റെ കാര്യക്ഷമത, നാവിഗേഷന്‍ വിശദാംശങ്ങള്‍ തുടങ്ങി ടെക്‌നിക്കല്‍ ഡാറ്റകളാണ് ഇതില്‍ റെക്കോര്‍ഡ് ചെയ്യുക. അതിനാല്‍ ഇത്തരം കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിയും. കോക്പിറ്റിലെ ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യുന്നതാണ് കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍. പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഫ്‌ളൈറ്റ് ഡെക്കിലെ മറ്റ് ശബ്ദങ്ങളുമെല്ലാം റെക്കോഡ് ചെയ്യുക സിവിആറിലാണ്.
ഈ റെക്കോര്‍ഡറുകള്‍ക്ക് 25 മണിക്കൂര്‍ ഫ്‌ളൈറ്റ് ഡാറ്റയും 2 മണിക്കൂറുള്ള വോയ്‌സ് റെക്കോഡിങ്ങും സൂക്ഷിച്ചു വെക്കാനുള്ള ക്ഷമതയുണ്ട്. അതിനാല്‍ വിമാനപകടം നടക്കുമ്പോള്‍ ഏറ്റവും പ്രധാന്യത്തോടെ അന്വേഷിക്കുക ബ്ലാക്ക് ബോക്‌സിനെയാണ്. എന്താണ് സംഭവിച്ചത് എന്നതിന്റെ പൂര്‍ണമായ ചിത്രം നല്‍കാന്‍ ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ക്ക് മാത്രമാണ് സാധിക്കുക. സാങ്കേതിക തകരാറാണോ അല്ലെങ്കില്‍ മാനുഷിക പിഴവാണോ അപകടത്തിന്റെ കാരണമെന്ന് അതിലൂടെ കണ്ടെത്താം. കൂടാതെ സുരക്ഷാ പ്രോട്ടോകോളുകള്‍ മെച്ചപ്പെടുത്താനും ഭാവിയില്‍ സമാനമായ അപകടങ്ങള്‍ ഇല്ലാതിരിക്കാനും ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ സഹായിക്കും.
ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ അതിനാല്‍ എല്ലാ വാണിജ്യ വിമാനങ്ങളിലും ബ്ലാക്ക് ബോക്‌സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തകര്‍ച്ചയില്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ബ്ലാക്ക് ബോക്‌സ് വിമാനത്തിന്റെ ടെയില്‍ ഭാഗത്തായാണ് സ്ഥാപിച്ചിട്ടുള്ളത്. എത്ര പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. അപകടത്തില്‍ വെള്ളത്തിനടിയിലേക്ക് പതിച്ചാലും 30 ദിവസം വരെ ബ്ലാക്ക് ബോക്‌സില്‍ നിന്നും സിഗ്നല്‍ ലഭിക്കും. തിരച്ചിലില്‍ ഇത് സഹായകമാകും. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയാലും അതില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് അപകടകാരണം കണ്ടെത്താന്‍ ഒരു മാസം സമയം വരെ വേണം. അപകടത്തിന്റെ ആഘാതം അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. പക്ഷെ അപകടകാരണം കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയേ മതിയാകൂ.
Adjust Story Font
16

