Quantcast

'അത് ബി.ബി.സിയിൽ കേട്ടിട്ടുണ്ട്'; അന്ന് ബ്രിട്ടീഷ് ചാനലിന്റെ വിശ്വാസ്യത എടുത്തു പറഞ്ഞ് മോദി

2013ൽ ന്യൂസ്18 ചാനൽ സംഘടിപ്പിച്ച പ്രഥമ തിങ്ക് ഇന്ത്യ ഡയലോഗിലായിരുന്നു മോദിയുടെ പ്രസംഗം

MediaOne Logo

Web Desk

  • Published:

    25 Jan 2023 8:38 AM GMT

Narendra Modi, Prime minister
X

Narendra Modi 

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തുടനീളം ചർച്ചയാകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് ചാനലിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2013 പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ന്യൂസ് 18 ചാനൽ സംഘടിപ്പിച്ച പ്രഥമ തിങ്ക് ഇന്ത്യ ഡയലോഗിൽ നടത്തിയ പ്രസംഗത്തിൽ ബി.ബി.സിയുടെ വിശ്വാസ്യതയെ കുറിച്ചാണ് മോദി വാചാലനാകുന്നത്. ആകാശവാണി, ദൂരദർശൻ തുടങ്ങിയ സർക്കാർ മാധ്യമങ്ങളേക്കാൾ ജനത്തിന് വിശ്വാസം ബി.ബി.സി പോലുള്ള വിദേശമാധ്യമങ്ങളിലാണ് എന്നും അതാണ് വിശ്വാസ്യത എന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിശ്വാസ്യത തിരിച്ചു കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ സ്വയം വിമര്‍ശനം നടത്തണമെന്ന് ആവശ്യപ്പെടുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ;

'ഇത് നമ്മുടെ മാധ്യമലോകമാണ്. നമ്മുടെ നാട്ടിൽ ആകാശവാണിയും ദൂരദർശനും വർത്തമാനപ്പത്രങ്ങളുമുണ്ടായിരുന്നു. അന്ന് എന്തായിരുന്നു സാധാരണക്കാർക്കിടയിലെ സംസാരം. ബി.ബി.സിയിൽ കേട്ടിട്ടുണ്ട് എന്നാണ് അവർ അന്ന് പറഞ്ഞിരുന്നത്. അഥവാ, അവർക്ക് നമ്മുടെ നാട്ടിലെ ആകാശവാണിയിലും ദൂരദർശനിലും വിശ്വാസമില്ല. വലിയ ചെലവു കൊടുത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളിൽ വിശ്വാസമില്ല. അതിന് പകരം അവർ പറയുന്നത്, ഞാൻ ബി.ബി.സിയിൽ കേട്ടിട്ടുണ്ട് എന്നാണ്. വിശ്വാസ്യത എന്നത് ഇതാണ്.' - മോദി പറഞ്ഞു.

സംവിധാനങ്ങളുള്ള വിശ്വാസം നഷ്ടമാകുന്നത് അപകടകരമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'സർക്കാർ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടമാകുന്നത് വലിയ അപകടമാണ് എന്നു ഞാൻ വിശ്വസിക്കുന്നു. വ്യവസ്ഥയിൽ എന്ന് വിശ്വാസം നഷ്ടമാകുന്നുവോ അന്ന് വ്യക്തികൾ മറ്റു വഴികൾ തേടുന്നു. ന്യായാധിപ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ സ്വന്തം കൈ കൊണ്ട് നിയമം നടപ്പാക്കുന്നു. ഇതു കാരണമായി എല്ലാ സംവിധാനങ്ങളും ക്ഷയിച്ചു പോകുന്നു.' - മോദി പറഞ്ഞു.



ബി.ബി.സി ഡോക്യുമെന്ററി വിവാദം

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നടന്ന ഗുജറാത്ത് വംശഹത്യയെ കുറിച്ച് ദ മോഡി ക്വസ്റ്റ്യന്‍ എന്ന പേരില്‍ രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബി.ബി.സി പുറത്തുവിട്ടത്. ആദ്യ ഭാഗം ഇറങ്ങിയപ്പോൾ തന്നെ വിവാദങ്ങൾ ഉടലെടുത്തു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഡോക്യുമെന്ററി പിൻവലിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതോടെ വിവാദത്തിന് ചൂടേറി.

മുഖ്യമന്ത്രിയായിരിക്കെ കലാപം തടയാൻ നരേന്ദ്രമോദി ഒന്നും ചെയ്തില്ല എന്നാണ് ഡോക്യുമെന്ററിൽ ആരോപിക്കുന്നത്. അക്രമാസക്തമായ ഹിന്ദു ആൾക്കൂട്ടം മുസ്‌ലിം വിഭാഗത്തിനു നേരെ അതിക്രമം അഴിച്ചുവിട്ടപ്പോൾ പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു, ഇതു ഭരണകൂടത്തിന്റെ ഒത്താശയോടെ ആയിരുന്നു എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ. കലാപത്തിൽ മോദിക്ക് പങ്കില്ലെന്നും അത് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയതാണ് എന്നും ഡോക്യുമെന്ററിൽ ബിജെപി നേതാക്കൾ പറയുന്നുണ്ട്.

വിവാദങ്ങൾക്കിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബി.ബി.സി ബുധനാഴ്ച പുറത്തുവിട്ടു. 2019ൽ മോദി അധികാരത്തിൽ വന്ന ശേഷമുള്ള വിവാദ പൗരത്വ നിയമഭേദഗതി അടക്കമുള്ള കാര്യങ്ങളാണ് ഈ ഭാഗത്തിലുള്ളത്.




Summary: What Narendra Modi says about BBC in Network 18 Think India Dialogue 2013

TAGS :

Next Story