Quantcast

ചാടിച്ചാടി നിതീഷ്; മുന്നണി മാറ്റം അഞ്ചാം തവണ

നിതീഷിന്റെ മുന്നണി മാറ്റം രാഷ്ട്രീയ നിരീക്ഷകരെ തെല്ലും അത്ഭുതപ്പെടുന്നില്ല

MediaOne Logo

Web Desk

  • Published:

    9 Aug 2022 11:44 AM GMT

ചാടിച്ചാടി നിതീഷ്; മുന്നണി മാറ്റം അഞ്ചാം തവണ
X

പട്‌ന: രാഷ്ട്രീയം സാധ്യതകളുടെ കലയാണ് എന്ന ആപ്തവാക്യത്തെ അക്ഷരാർത്ഥത്തിൽ കൂടെക്കൊണ്ടു നടന്ന രാഷ്ട്രീയക്കാരനാണ് ജെഡിയു നേതാവ് നിതീഷ് കുമാർ. ബിജെപിയുമായി വഴി പിരിയാൻ തീരുമാനിച്ചതോടെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ അഞ്ചാമത്തെ കാലുമാറ്റത്തിനാണ് നിതീഷ് സന്നദ്ധനാകുന്നത്. എത്തുന്നത് ഒരു കാലത്ത് ബദ്ധവൈരം സൂക്ഷിച്ചിരുന്ന ആർജെഡിയുടെ അരികിലേക്കും.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്ന് നിതീഷ് വിട്ടുനിന്നത് മുതൽ ജെഡിയു എൻഡിഎയിൽനിന്ന് പുറത്തു പോകുന്നുവെന്ന സൂചനകൾ ലഭിച്ചിരുന്നു. നിതീഷ് എൻഡിഎ വിടാൻ തീരുമാനിച്ചാൽ തങ്ങൾ സ്വാഗതം ചെയ്യുമെന്ന ആർജെഡി ഉപാധ്യക്ഷൻ ശിവാനന്ദ് തിവാരിയുടെ പ്രസ്താവനയും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

നിതീഷിന്റെ മുന്നണി മാറ്റം രാഷ്ട്രീയ നിരീക്ഷകരെ തെല്ലും അത്ഭുതപ്പെടുന്നില്ല. കാരണം നാലു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ അഞ്ചു തവണയാണ് നിതീഷ് അപ്പുറവുമിപ്പുറവുമായി ചാടിക്കളിക്കുന്നത്.

ജയപ്രകാശ് നാരായന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ യുവമുഖങ്ങളായിരുന്നു നിതീഷ് കുമാറും ലാലു പ്രസാദ് യാദവും. അക്കാലത്ത് ലാലുവിനെ നിതീഷ് ബഡേ ഭായി (മുതിർന്ന സഹോദരൻ) എന്നാണ് വിളിച്ചിരുന്നത്. 1990 മാർച്ചിൽ ലാലുവിനെ മുഖ്യമന്ത്രി പദത്തിലെത്താൻ സഹായിച്ചത് നിതീഷായിരുന്നു.

എന്നാൽ ജനതാദളിൽ 1994ൽ ലാലുവിനെതിരെ പട നയിച്ചു നിതീഷ്. വെറ്ററൻ സോഷ്യൽ ആക്ടിവിസ്റ്റ് ജോർജ് ഫെർണാണ്ടസിന്റെ സമതാ പാർട്ടിക്കൊപ്പം ചേർന്നു.

വേർപിരിഞ്ഞ ശേഷം സംസ്ഥാനത്ത് നിതീഷിന്റെ ഒന്നാം നമ്പർ രാഷ്ട്രീയ എതിരാളിയായി ലാലു. 1998ൽ ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു മുന്നണി ചെയർമാൻ. രണ്ടായിരത്തില്‍ മുഖ്യമന്ത്രിയായെങ്കിലും ഏഴു ദിവസം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. 2005 ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 2010 ല്‍ വീണ്ടും അധികാരത്തിലെത്തി. എന്നാല്‍ കുലുങ്ങില്ലെന്ന് കരുതിയ ബന്ധം 2013ൽ അവസാനിച്ചു, 13 വർഷത്തിന് ശേഷം. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപി തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ചുവടുമാറ്റം. മതേതര മുഖമുള്ള നേതാവായിരിക്കണം എൻഡിഎയെ നയിക്കേണ്ടത് എന്നാണ് നിതീഷ് പറഞ്ഞിരുന്നത്. ഇനി ബിജെപിയിലേക്ക് പോകുന്നതിലും നല്ലത് പൊടിയായി ഇല്ലാതാകുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

2015ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ നിതീഷ് ബദ്ധവൈരിയായ ലാലുവിന്റെ ആർജെഡിയുമായും കോൺഗ്രസുമായും സഹകരിച്ചു. ചെറുകക്ഷികൾ കൂടി ചേർന്ന മഹാസഖ്യം 243 സീറ്റിൽ 178 സീറ്റിലാണ് വിജയിച്ചത്. ഒരിക്കൽക്കൂടി നിതീഷ് മുഖ്യമന്ത്രിയായി. എന്നാൽ മധുവിധു രണ്ടു വർഷമേ നീണ്ടുള്ളൂ. ഐആർസിടിസി അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിന്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെ ആർജെഡിയും ജെഡിയുവും തമ്മിലുള്ള ബന്ധം മോശമായി. ലാലുവിന്റെ മകൻ തേജസ്വി യാദവും കേസിൽ പ്രതിയായിരുന്നു. ഉപമുഖ്യമന്ത്രി കൂടിയായിരുന്ന തേജസ്വിയിൽനിന്ന് നിതീഷ് വിശദീകരണം ചോദിച്ചതോടെ സ്ഥിതിഗതികൾ സങ്കീർണമായി. നിതീഷിന്റെ ഷോക്കോസ് ആർജെഡി അഭിമാനക്ഷതമായാണ് വിലയിരുത്തിയത്.

ഇതിന് പിന്നാലെ നിതീഷ് ബിജെപി പാളയത്തിൽ തിരിച്ചെത്തി. ജെഡിയു തീരുമാനമറിഞ്ഞ് സ്തബ്ധനായ ലാലു 'അപ്പോൾ നിങ്ങൾ പോകുകയാണ് അല്ലേ' എന്നു മാത്രമാണ് നിതീഷിനോട് ചോദിച്ചതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. മഹാസഖ്യത്തിൽനിന്ന് പുറത്തു കടന്നു ബിജെപിയുടെ സുശീൽ കുമാർ മോദിയെ ഡെപ്യൂട്ടിയാക്കി നിതീഷ് അധികാരത്തിൽ തുടർന്നു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിലിരുന്നാണ് നിതീഷ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 45 അംഗങ്ങളെ മാത്രമേ വിജയിപ്പിക്കാനായുള്ളൂ. ബിജെപിക്ക് കിട്ടിയത് 77 സീറ്റ്. എന്നിട്ടും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. ലോക് ജൻശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനെ ഉപയോഗിച്ച് ബിജെപി കളിക്കുകയായിരുന്നു എന്ന് നിതീഷ് ക്യാംപ് ഉറച്ചുവിശ്വസിക്കുന്നു.

അധികാരത്തിലെത്തിയ ശേഷം ബിജെപിയും ജെഡിയുവും തമ്മിൽ പല തവണ ഉരസലുണ്ടായി. എന്നാൽ മുതിർന്ന നേതാവ് ആർസിപി സിങ്ങിനെ മുൻനിർത്തി ബിജെപി പാർട്ടി പിളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ്, ബിജെപി പാളയത്തെ സ്തബ്ധനാക്കി നിതീഷ് സഖ്യം വിച്ഛേദിക്കുന്നത്.

TAGS :

Next Story