രജനിയും കമലും പരാജയപ്പെട്ടിടത്ത് വിജയ് കുതിച്ചതെങ്ങനെ?; തമിഴകത്ത് വീണുടഞ്ഞ് ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങൾ, ടിവികെയുടെ ജയത്തിന് പിന്നിൽ?
തമിഴ്നാട്ടിൽ 106 സീറ്റുമായി ടിവികെ അവിശ്വസനീയ പ്രകടനം കാഴ്ച വെച്ചപ്പോൾ 74 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ് ഇത്തവണ ഡിഎംകെ

- Published:
4 May 2026 11:05 PM IST

ചെന്നൈ: സിനിമാ മേഖലയിൽ ചിരപരിചിതമായ മുഖം ഉയർത്തിക്കാട്ടി, പൊതുജനമധ്യത്തിലേക്ക് കടന്നുചെല്ലുന്ന താരപ്പകിട്ടിന്‍റെ രാഷ്ട്രീയം തമിഴ് മണ്ണിന് അത്ര അപരിചിതമൊന്നുമല്ല. എംജിആർ, ജയലളിത പോലുള്ള താരരാജാക്കന്മാരെ ഏറ്റെടുത്ത ചരിത്രമുള്ള തമിഴ്നാടിന് പക്ഷെ, കമൽ ഹാസൻ, രജനീകാന്ത് പോലുള്ള താരങ്ങളെ അധികം വാഴാൻ അനുവദിക്കാതെ തിരിച്ചയച്ച ചരിത്രവുമുണ്ട് അവകാശപ്പെടാൻ. താരങ്ങളെയും സ്ക്രീനിലെ ഔറയെയും പരിഗണിക്കാതെ വോട്ട് കുത്തിയിരുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ പുത്തൻ ഉദയമായി ഉയർന്നുവന്നിരിക്കുകയാണ് നടൻ വിജയിയുടെ തമിഴക വെട്രി കഴകം. തമിഴ്നാട്ടിൽ 106 സീറ്റുമായി ടിവികെ അവിശ്വസനീയ പ്രകടനം കാഴ്ച വെച്ചപ്പോൾ 74 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ് ഇത്തവണ ഡിഎംകെ.
കമൽ ഹാസനും രജനീകാന്തും മുട്ടുമടക്കിയ ഇടങ്ങളിൽ എന്താണ് ഇളയ ദളപതി ചെയ്തുകൂട്ടിയത്? രണ്ട് വർഷം മുൻപുമാത്രം ഉദയംകൊണ്ട പാർട്ടി എങ്ങനെയാണ് ദ്രാവിഡമണ്ണിന്‍റെ ഉയരങ്ങളിലേക്ക് കയറിയത്? പരിശോധിക്കാം.
തന്നെ വിശ്വസിച്ച് കൂടെയിറങ്ങിയ പൊതുജനങ്ങൾക്ക് വ്യക്തമായ സന്ദേശം കൈമാറാൻ സാധിച്ചുവെന്നതാണ് വിജയിയുടെ വിജയം. എഴുപതിലേറെ സിനിമകളിലെ മുഖ്യകഥാപാത്രമായ താരം, താനൊരിക്കലും താൽക്കാലികമായ ആവശ്യങ്ങൾക്കോ കാര്യസാധനത്തിനോ വന്നതല്ലെന്നും തമിഴ് ജനതയുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമായി സാധ്യമായത്രയും കൂടെയുണ്ടാകുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനായി എന്നതാണ് സുപ്രധാന ഘടകം. വിജയി പയറ്റിയ അതേ തന്ത്രം പക്ഷേ, രജനീകാന്തിനും കമൽ ഹാസനും പ്രാവർത്തികമാക്കാൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. തന്‍റെ പിന്നിൽ അണിചേർന്ന ജനങ്ങളുമായി കൃത്യമായി സംവദിക്കാൻ ഇരുവർക്കും വേണ്ടവിധത്തിൽ സാധിച്ചിരുന്നില്ല. ഒരു രാഷ്ട്രീയപാർട്ടിയുമായി തെല്ലൊന്ന് ചലിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അധികകാലം മുന്നോട്ട് പോകാൻ രജനിക്ക് കഴിഞ്ഞില്ല. ഇതേകാര്യം തന്നെയാണ് കമൽ ഹാസന്‍റെ കാര്യത്തിലുമുണ്ടായത്.
മക്കൾ നീതി മയ്യം എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി 2019 ലോക്സഭയിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും നില മെച്ചപ്പെടുത്താൻ കമലിന് സാധിച്ചില്ല. സ്വതന്ത്രമായി മുന്നോട്ടുപോകുന്നതിൽ ദയനീയമായി പരാജയപ്പെട്ട കമൽ പക്ഷേ, ഡിഎംകെ പിന്തുണയിൽ രാജ്യസഭയിലെത്തുകയും ചെയ്തു. അതേസമയം, ഇരുവരുടേതിന് സമാനമായ രീതിയിലുള്ള പ്രോജ്ജ്വലമായ തുടക്കമായിരുന്നില്ല വിജയിയുടേത്. കോളിവുഡിലേതിന് സമാനമായി പതിഞ്ഞ തുടക്കം. എന്നാൽ, ഇന്നദ്ദേഹം തമിഴ് രാഷ്ട്രീയത്തിന്‍റെ തലപ്പത്തേക്ക് ധൈര്യസമേതം നടന്നുകയറുകയാണ്.
മറ്റ് ദ്രാവിഡ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണ് ടിവികെയെന്ന് വോട്ടർമാർക്കിടയിൽ വിജയകരമായി പ്രചാരണം നടത്താനായെന്നതാണ് മറ്റൊരു ഘടകം. ഡിഎംകെയെയും എഐഡിഎംകെയെയും ഒറ്റയടക്ക് പുറന്തള്ളാനായത് ആ ഘടകത്തിന്മേലാണ്. താൻ അഴിമതിക്കും കുടുംബവാഴ്ച്ക്കും എതിരാണെന്ന പൊതുധാരണ വോട്ടർമാർക്കിടയിൽ നിർമിച്ചെടുക്കാനും ഇതിലൂടെ വിജയിക്ക് സാധിച്ചു. തങ്ങളുടെ ലക്ഷ്യത്തിലേക്ക് പതിയ നടന്നടുക്കാനുള്ള ശ്രമത്തിനിടെ ഡിഎംകെയെക്കും എഐഡിഎംകെയ്ക്കും എതിരെ നീങ്ങാതിരിക്കാൻ കമൽ ഹാസനും രജനീകാന്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വോട്ടർമാർക്കിടയിൽ തങ്ങളുടെ ലക്ഷ്യം ഒന്നാണെന്ന തരത്തിൽ തന്നെ അവർ പ്രചാരണം നടത്തി. വിജയി നടത്തിയ പ്രചാരണറാലികളിൽ പങ്കെടുത്തതേതിനേക്കാൾ പങ്കാളിത്തം ഇരുവരുടേയും പരിപാടികളിലുണ്ടായെങ്കിലും ഇതൊന്നും വോട്ടായി മാറിയിരുന്നില്ല. ഇവിടെയാണ് വിജയി വ്യത്യസ്തനാകുന്നത്.
2024-ൽ തന്‍റെ പാർട്ടി രൂപീകരിക്കുന്നതിന് മുൻപായി ദ്രാവിഡ രാഷ്ട്രീയത്തെ വിജയ് പൂർണമായും മനസിലാക്കാൻ ശ്രമിച്ചെന്ന് വേണം മനസിലാക്കാൻ. 2020-ന്‍റെ തുടക്കം മുതൽ സിനിമയിലൂടെയും പൊതുപരിപാടികളിലൂടെയും തന്‍റെ രാഷ്ട്രീയനിലപാടുകൾ വിജയ് വെളിപ്പെടുത്താൻ ആരംഭിച്ചിരുന്നു. തന്‍റെ പ്രേക്ഷകരിൽ നിന്നും ഫാൻസിൽ നിന്നുമുള്ള ഫീഡ്ബാക്കുകൾക്കായി കാതോർക്കാനും അദ്ദേഹം മടിച്ചില്ല.
എല്ലാത്തിനുമുപരി, തമിഴിലെ മറ്റ് സൂപ്പർ സ്റ്റാറുകളെ അപേക്ഷിച്ച്, പ്രായഭേദമന്യേ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ച നടനാണ് വിജയിയെന്ന് നിസ്സംശയം പറയാനാകും. തന്‍റെ രാഷ്ട്രീയ അരങ്ങേറ്റം പ്രഖ്യാപിക്കുമ്പോൾ രജനീകാന്തിന്‍റെ പ്രായം 70-ഉം കമലിന്‍റെ പ്രായം 65-ഉം ആണ്. എന്നാൽ, ഇരുവരേയും അപേക്ഷിച്ച്, അൽപം നേരത്തെ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയ വിജയിക്ക് ജെൻസി വോട്ടർമാരെ കാര്യമായി സ്വാധീനിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. രണ്ട് കോടിയിലേറെ ജൻ-സി വോട്ടർമാർ അദ്ദേഹത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ തന്നെ അവകാശവാദം. 40 വയസ് പ്രായമുള്ളവരും നിർണായക സംഭാവനകൾ നൽകിയതായാണ് പ്രാഥമിക വിവരം.
അഥവാ, വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റമെന്നത് കേവലം സിനിമയുടെ താരപരിവേശം വിറ്റുകൊണ്ട് സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നില്ലെന്ന് ചുരുക്കം. ഡിഎംകെയോടോ മറ്റ് രാഷ്ട്രീയ പാർട്ടികളോടോയുള്ള വിരോധം കാരണമായിരുന്നില്ലെന്ന് വ്യക്തം. അതെ, ഇന്നത്തെ വിജയിയുടെ പ്രകടനമെന്നത് വെറുമൊരു തിരക്കഥയല്ല, മറിച്ച് ഒരു പുതിയ രാഷ്ട്രീയ ചരിത്രമാണെന്നാണ്. ദശകങ്ങളോളം തമിഴ് രാഷ്ട്രീയത്തെ ഭരിച്ച ദ്രാവിഡ കക്ഷികൾക്ക് വലിയൊരു വെല്ലുവിളിയാണ് വിജയ് ഉയർത്തിയിരിക്കുന്നത്.
Adjust Story Font
16
