Quantcast

പോർവിളി, കൂട്ടരാജി; രാഷ്ട്രീയ പ്രതിസന്ധിയിൽ പഞ്ചാബ് കോൺഗ്രസ്‌

കൂട്ട രാജിക്കിടെ, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഡൽഹി സന്ദർശനവും കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    28 Sep 2021 3:40 PM GMT

പോർവിളി, കൂട്ടരാജി; രാഷ്ട്രീയ പ്രതിസന്ധിയിൽ പഞ്ചാബ് കോൺഗ്രസ്‌
X

നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി നിൽക്കവെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കു നടുവിലാണ് പഞ്ചാബ് കോൺഗ്രസ്. പാർട്ടിക്ക് എന്തെങ്കിലും പ്രതീക്ഷ വെക്കാവുന്ന ചുരുങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിൽ നിന്നും കൂട്ട രാജിയുടെ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സർക്കാർ പുനസംഘടനയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഇടഞ്ഞ മുതിർന്ന നേതാവ് അമരീന്ദർ സിംഗ് ഉയർത്തിവിട്ട പ്രതിസന്ധിയാണ് പഞ്ചാബ് കോൺഗ്രസിൽ ഇപ്പോഴും പുകയുന്നത്.



അമരീന്ദർ സിംഗിന്റെ രാജിക്കു ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലേറവെ, നാടകീയമായാണ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരിക്കുന്നത്. സിദ്ദുവിനു പിന്നാലെ കൂട്ട രാജിയാണ് പഞ്ചാബിലുണ്ടായത്. പി.സി.സി ട്രഷറും, രണ്ടു കോൺഗ്രസ് മന്ത്രിമാരുമാണ് കഴിഞ്ഞ നാൽപത്തിയെട്ടു മണിക്കൂറുകൾക്കകം സ്ഥാനങ്ങള്‍ വിട്ടൊഴിഞ്ഞിരിക്കുന്നത്. മന്ത്രിമാരായ പർഗത് സിംഗും ജലവിഭവ വകുപ്പ് മന്ത്രി റസിയ സുൽത്താനയുമാണ് ഇതുവരെയായി രാജിവെച്ച മന്ത്രിമാർ. ജലന്തര്‍ കാണ്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പര്‍ഗത് സിങ്. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മലർകോട്‌ലയിൽ നിന്നുള്ള റസിയ സുല്‍ത്താന, പഞ്ചാബ് നിയമസഭയിലെ ഏക മുസ്‍ലിം പ്രതിനിധിയാണ്.

ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദർ സിംഗ് പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്ന സൂചന നേരത്തെ തന്നെ നൽകിയിരുന്നു. ദീർഘകാലമായി നീണ്ടു നിന്ന അമരീന്ദർ - സിദ്ദു പോര് ഒരുവേള പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കോൺഗ്രസ് നേതൃതത്തിന്റെ പദ്ധതികൾക്കാണ് ക്യാപ്റ്റന്റെ രാജിയോടെ കോട്ടം സംഭവിച്ചത്. അമരീന്ദറിന് പകരക്കാരനായി സിദ്ദുവിന്റെ അടുത്ത അനുയായിയായ ചരൺജിത്ത് സിംഗ് ചന്നു മുഖ്യമന്ത്രിയാവുക കൂടി ചെയ്തോടെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രകോപിതനായി. വരുന്ന തെരഞ്ഞെടുപ്പിൽ സിദ്ദുവിനെ തോൽപ്പിക്കാൻ സ്ഥാനാർഥിയെ നിർത്തുമെന്നും അമരീന്ദര്‍ പറഞ്ഞു.

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലെ മൂപ്പിള തർക്കത്തിന് സർക്കാരിന്റെ തുടക്കകാലം മുതലുള്ള പഴക്കമുണ്ട്. എന്നാൽ മുതിർന്ന നേതാവായ അമരീന്ദർ സിംഗിനെ അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ സിദ്ദു ക്യാമ്പിന് സാധിച്ചു. 117 അംഗ നിയമസഭയിലെ 80 കോൺഗ്രസ് എം.എൽ.എമാരിൽ 50 പേരും അമരീന്ദർ രാജിവെക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുകയായിരുന്നു. ഇനിയും അപമാനം സഹിക്കാനാകില്ലെന്നു പറഞ്ഞാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിയുന്നത്. സിദ്ദു രാജ്യരക്ഷക്കു തന്നെ ഭീഷണിയാണെന്നും അമരീന്ദർ പറഞ്ഞിരുന്നു.



പാർട്ടിയും പഞ്ചാബ് ഭരണവും കൈപ്പിടിയിലായി കൂടുതൽ ശക്തനായി വളർന്നുവെന്ന ധാരണക്കിടെ പൊടുന്നനെയായിരുന്നു പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ച് സിദ്ദു ഏവരെയും ഞെട്ടിക്കുന്നത്. പഞ്ചാബിന്റെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യാനില്ലെന്നു പറഞ്ഞായിരുന്നു സിദ്ദുവിന്റെ രാജി പ്രഖ്യാപനം. അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും പാർട്ടിയിൽ തന്നെ തുടരുമെന്നും സിദ്ദു പറഞ്ഞിട്ടുണ്ട്. അധ്യക്ഷ പദവിയിലെത്തി 72 ദിവസങ്ങൾക്കു ശേഷമായിരുന്നു സിദ്ദുവിന്റെ രാജി.

സിദ്ദു പടിയിറങ്ങിയതിനു പിന്നാലെ പി.സി.സി ട്രഷറർ ഗുൽസാർ ഇന്ദർ ചഹൽ, മന്ത്രിമാരായ റസിയ സുൽത്താന, പർഗത് സിംഗ് എന്നിവരും സ്ഥാനങ്ങൾ രാജിവെക്കുകയായിരുന്നു. തന്റെ അടുത്ത അനുയായി ആയിരുന്നവെങ്കിലും, മന്ത്രിസഭ പുനസംഘടനയിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി സിദ്ദു ഭിന്നതയിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍ സിദ്ദുവിന്‍റെ രാജി രാഷ്ട്രീയ നാടകം മാത്രമാണെന്നാണ് അമരീന്ദര്‍ സിംഗിന്‍റെ പ്രതികരണം.

കൂട്ട രാജിക്കിടെ, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഡൽഹി സന്ദർശനവും കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പാർട്ടി വിട്ട അമരീന്ദർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. ഡൽഹിയിലുള്ള അമരീന്ദർ, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകളാണ് പ്രചരിക്കുന്നത്.

എന്നാൽ ഡൽഹി സന്ദർശനവുമായി ബന്ധപ്പെട്ട പ്രചരണങ്ങളെല്ലാം അമരീന്ദർ തള്ളിയിട്ടുണ്ട്. സന്ദർശനം വ്യക്തിപരമാണെന്നും സുഹൃത്തുക്കളെ കാണാനാണ് ഡൽഹിയിലെത്തിയതെന്നുമാണ് ക്യാപ്റ്റൻ പറയുന്നത്. ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് അമരീന്ദർ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രലും ട്വിറ്ററിലൂടെ അറിയിച്ചു.

TAGS :

Next Story