പണി മുടക്കി വാട്സാപ്പ്; മണിക്കൂറുകൾക്ക് ശേഷം തിരിച്ചുവരവ്
മൊബൈൽ, വെബ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാനോ സാധിച്ചില്ല

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാട്സാപ്പ് പണി മുടക്കിയതായി പരാതി. കുറഞ്ഞ സമയത്തേക്ക് ആപ്പിന്റെ സേവനങ്ങൾക്ക് വ്യാപകമായ തടസം നേരിട്ടു. ഇതുമൂലം മൊബൈൽ, വെബ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാനോ സാധിച്ചില്ല.
ഇന്ത്യൻ സമയം ഉച്ചക്ക് 12.00 മണി മുതലാണ് ആപ്പ് പ്രവർത്തനം നിലച്ചത്. ആപ്പ് ഉപയോഗിക്കുന്നതിൽ നേരിട്ട പ്രശ്ന റിപ്പോർട്ടുകളിൽ കുത്തനെ വർധനവ് ഉണ്ടായതായി മോണിറ്ററിംഗ് സൈറ്റായ ഡൗൺഡിറ്റക്ടർ. ഓൺലൈൻ സേവനങ്ങളുടെ സ്ഥിതി ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടറിൽ ഉച്ചക്ക് 1:10 മുതൽ പ്രശ്നന റിപ്പോർട്ടുകളിൽ കുത്തനെ വർധനവ് രേഖപ്പെടുത്തിയാതായി റിപ്പോർട്ട്. 54 ശതമാനം ഉപയോക്താക്കൾ വാട്സാപ്പിന്റെ സെർവറുകളുമായി ബന്ധിപ്പിക്കുന്നതിൽ പ്രശ്‌നം നേരിട്ടതായും, 24 ശതമാനം പേർ വെബ്‌സൈറ്റ് പ്രശ്‌നങ്ങൾ നേരിട്ടതായും, 22 ശതമാനം പേർ മൊബൈൽ ആപ്പിനുള്ളിൽ പ്രശ്നങ്ങൾ നേരിട്ടതായും റിപ്പോർട്ടിൽ പറയുന്നു .
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളും വെബ് വഴി വാട്സാപ്പ് ആക്‌സസ് ചെയ്യുന്നവർക്കും ഇതേ പ്രശ്‌നം റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ ഉള്ള പ്രയാസവും ആപ്പിന്റെ സ്റ്റാറ്റസ് സവിശേഷതയിലെ തടസങ്ങളും വിവരിച്ചുകൊണ്ട് നിരാശരായ ഉപയോക്താക്കൾ കണക്റ്റിവിറ്റി പ്രശ്നങ്ങൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചു
Adjust Story Font
16

