10,000 കോടി രൂപയുടെ ഇഎൽഐ പദ്ധതി എവിടെപ്പോയി? പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎൽഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു

ഡൽഹി: ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.
"2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎൽഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്'' രാഹുൽ എക്സിൽ കുറിച്ചു.
2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ എ, ബി, സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പുതിയ ജീവനക്കാര്‍ക്ക് സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി കേന്ദ്രസർക്കാർ പറയുന്നത്. പദ്ധതിക്കു കീഴില്‍ വരുന്ന ജീവനക്കാര്‍ക്ക് മൂന്നു തവണയായി 15,000 രൂപ വരെ ലഭിക്കും. സ്കീം ബിയും സിയും തൊഴിലുടമ സൗഹൃദംകൂടിയാണ്.
ഓരോ അധിക ജീവനക്കാരനും അവരുടെ ഇപിഎഫ്ഒ സംഭാവനയായി രണ്ടു വർഷത്തേക്ക് തൊഴിലുടമകൾക്ക് പ്രതിമാസം 3000 രൂപ വരെ സർക്കാർ തിരികെ നൽകുന്നതാണ് പദ്ധതി. ഇപിഎഫ്ഒ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎൽഐ) പോലുള്ള പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ യുഎഎൻ (യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ) ആധാറുമായി ബന്ധിപ്പിക്കണം.
Adjust Story Font
16

