'ഇനി കളിച്ചാല്‍ പണിപാളും'; ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ നിലവില്‍ വന്നാല്‍ ഈ ആപ്പുകള്‍ക്ക് നിരോധനം
ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെ നിയമത്തിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുമാണ് ബില്‍

ന്യൂഡല്‍ഹി: പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്റ് റെഗുലേഷന്‍ ബില്ലിന് ലോക്സഭയുടെ അംഗീകാരം ലഭിച്ചു. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെ നിയമത്തിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025 ലോക്‌സഭയില്‍ പാസായി.
റിയല്‍-മണി ഗെയിമുകള്‍ക്ക് പൂര്‍ണ്ണമായ നിരോധനമാണ് നിര്‍ദ്ദേശിക്കുന്നത്. പണം പ്രതിഫലമായി പ്രതീക്ഷിച്ച് പങ്കെടുക്കാന്‍ പണം നിക്ഷേപിച്ചാണ് ഈ ഗെയിമുകള്‍ കളിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം ഈ നിയമം ബാധകമാകും.
ബില്ല് പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ ചുവടെ നല്‍കിയിരിക്കുന്ന ഗെയിമിങ് ആപ്പുകള്‍ക്കാണ് നിയന്ത്രണമുണ്ടാവുക.
1.ഡ്രീം11 ഇന്ത്യയിലെ ഏറ്റവും വലിയ പ്രമുഖ ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമാണ് ഡ്രീം11. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമില്‍ വെര്‍ച്വല്‍ ടീമുകളെ സൃഷ്ടിക്കുന്നതിനും പണം ലഭിക്കുന്നതിനും ഉപയോക്താക്കള്‍ പണം അടയ്ക്കണം. നൂറ് മില്യണ്‍ ആളുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. കൂടാതെ ആപ്പിന് 4.5/ 5 റേറ്റിങ്ങുമുണ്ട്.
2. മൈ11സര്‍ക്കിള്‍- ഡ്രീം11 സമാനമായ ഫാന്റസി സ്‌പോര്‍ട്‌സ് ആപ്പാണ് മൈ11സര്‍ക്കിള്‍. ടീമുകള്‍ രൂപികരിക്കാനും ക്യാഷ് റിവാര്‍ഡുകള്‍ക്ക് മത്സരിക്കാനും കഴിയും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മൈ11സര്‍ക്കിളിനും നിയന്ത്രണമുണ്ടാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 50 മില്യണ്‍ ആളുകളാണ് മൈ11സര്‍ക്കിള്‍ ഡൗണ്‍ലോഡ് ചെയ്തത്. 4.3/ 5 സ്റ്റാര്‍ റേറ്റിങ്ങുണ്ട് ആപ്പിന്.
3. ഹൗസാറ്റ്- ഫാന്റസി ക്രിക്കറ്റ് ആപ്പ് ക്രിക്കറ്റും മറ്റ് സ്‌പോര്‍ട്‌സ് ഇനങ്ങളും കേന്ദ്രീകരിച്ചുള്ള ഗെയിമിങ് പ്ലാറ്റ്‌ഫോമാണ് ഹൗസാറ്റ്. റിയല്‍ മണി ഗെയിമുകളുടെ നിരോധനം ഹൗസാറ്റിനെ നേരിട്ട് ബാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 10 മില്യണ്‍ ഉപയോക്താക്കളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. 4.6/ 5 റേറ്റിങ്ങുണ്ട്.
എസ്ജി11 ഫാന്റസി , വിന്‍ സോ, ഗെയിംസ്24*7, ജംഗ്ലി റമ്മി, ജംഗ്ലി പോക്കര്‍, പോക്കര്‍ബാസി, ഗെയിംസ് ക്രാഫ്റ്റ്, മൈടീം11, നസറ ടെക്‌നോളജീസ് തുടങ്ങിയ ആപ്പുകള്‍ക്കാണ് ബില്ല് ബാധകമാവുക. പണം നിക്ഷേപിച്ച് കളിക്കാവുന്ന എല്ലാ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും നിരോധനമുണ്ടാകും.
ഇന്ത്യയുടെ 3.7 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് വിപണി വരുമാനത്തിന്റെ ഏകദേശം 86 ശതമാനവും റിയല്‍ മണി ഗെയിമിംഗ് മേഖലയാണ്. 200,000-ത്തിലധികം ജോലി അവസരങ്ങളും പ്രതിവര്‍ഷം 25,000 കോടി രൂപ നികുതിയായും ഇവ നല്‍കുന്നുണ്ട്. ലോക്‌സഭയില്‍ ബില്‍ പാസായി, ഇനി രാജ്യസഭയില്‍ വീണ്ടും വോട്ടെടുപ്പിനും ചര്‍ച്ചയ്ക്കുമായി പരിഗണിക്കും. ഇതിനുശേഷം, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ 2025 നിയമമായി മാറും.
യുവാക്കളില്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ ഉപയോഗം സാമ്പത്തിക നഷ്ട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്നും മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. തുടര്‍ന്നാണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പ്രസ്താവയില്‍ പറയുന്നു.
Adjust Story Font
16

