Quantcast

ആരാണ് അജിങ്ക്യ ഷിന്‍ഡെ? സിജെപിയുടെ തുടര്‍സമര നായകന്‍, പ്രഖ്യാപിച്ച് ദീപ്കെ

ഡല്‍ഹിയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായിരുന്നതിനാല്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോയിലാണ് അഭിജീത് ദീപ്‌കെ സമരത്തിൻ്റെ ചുമതലയില്‍ അജിങ്ക്യ ഷിന്‍ഡെയെ നിയോഗിക്കുന്നതായി അറിയിച്ചത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-10-10 09:20:45

Published:

10 Oct 2026 1:27 PM IST

who is cjps ajinkya shinde
X

ന്യൂഡല്‍ഹി: സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്‌കെയും സഹ കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് റങ്കയും അറസ്റ്റിലായതോടെ സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല സിജെപി ദേശീയ സംഘടനാ ചുമതലയുള്ള നേതാവായ അജിങ്ക്യ ഷിന്‍ഡെക്ക്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന ജന്തര്‍ മന്തര്‍ 2.0 പ്രക്ഷോഭത്തെ അജിങ്ക്യ ഷിന്‍ഡെ നയിക്കുമെന്ന് അഭിജിത് ദീപ്‌കെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹിയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായിരുന്നതിനാല്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോയിലാണ് അഭിജീത് ദീപ്‌കെ സമരത്തിന്റെ ചുമതലയില്‍ അജിങ്ക്യ ഷിന്‍ഡെയെ നിയോഗിക്കുന്നതായി അറിയിച്ചത്.


മഹാരാഷ്ട്രയില്‍ ആം ആദ്മി പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു 35കാരനായ അജിങ്ക്യ ഷിന്‍ഡെ. എഎപിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ഷിന്‍ഡെ, ഗോവയുടെ സഹ ചുമതലക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സിജെപിയുടെ സജീവ പ്രവര്‍ത്തകനാകുകയും ദേശീയ സംഘടനാ ചുമതലക്കാരനായി നിയമിതനാകുകയുമായിരുന്നു.

അഭിജീത് ദീപ്കെ, അശുതോഷ് റങ്ക തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. നേരത്തെ നടന്ന ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ ആസൂത്രണത്തിലും പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനും ഷിന്‍ഡെ നേതൃത്വം നല്‍കിയിരുന്നു.

ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അഭിജിത് ദീപ്‌കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേതാക്കള്‍ ഇല്ലാതെയും പ്രതിഷേധം തുടരുമെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സിജെപി പ്രതികരിച്ചു.

തങ്ങളെ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് നടപടി അടിയന്തരാവസ്ഥ കാലത്ത് പോലും കാണാത്ത നടപടിയാണെന്ന് അഭിജിത് ദീപ്‌കെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചു. ഭരണകൂടം അമിതാധികാരം ഉപയോഗിച്ച് ഭരണഘടനാപരമായ ഒരു മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുകയാണെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസും പ്രതികരിച്ചു.

TAGS :

Next Story