Quantcast

അന്ന് സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തന്‍, ഇന്ന് രാഹുലിന്‍റെ വിമര്‍ശകന്‍; തിരുത്തല്‍വാദി പടിയിറങ്ങുമ്പോള്‍...

ഗുലാംനബി ആസാദിന്‍റെ രാജിയും കോൺഗ്രസിന്റെ വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ട്...

MediaOne Logo

Web Desk

  • Updated:

    2022-08-26 11:18:48.0

Published:

26 Aug 2022 8:25 AM GMT

അന്ന് സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തന്‍, ഇന്ന് രാഹുലിന്‍റെ വിമര്‍ശകന്‍; തിരുത്തല്‍വാദി പടിയിറങ്ങുമ്പോള്‍...
X

ഇന്ദിരാഗാന്ധിയുടെ കാലത്ത് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന നേതാവാണ് ഗുലാംനബി ആസാദ്. കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം ആവശ്യപ്പെട്ട ജി23 നേതാക്കളില്‍ പ്രധാനി. ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ റിമോട്ട് കൺട്രോൾ ഭരണം കോണ്‍ഗ്രസിനെ തകർത്തെന്നാണ് രാജിക്കത്തിലെ പ്രധാന വിമർശനം. താൻ നൽകിയ നിർദേശങ്ങൾ 9 വർഷമായി ചവറ്റുകൂനയിലാണെന്നും ഗുലാംനബി ആസാദിന് പരാതിയുണ്ട്.

ആരാണ് ഗുലാംനബി ആസാദ്?

ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയില്‍ റഹ്മത്തുള്ള ഭട്ടിന്റെയും ബസ ബീവിയുടേയും മകനായി 1949 മാര്‍ച്ചിലാണ് ജനനം. കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശം. രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ, ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ നേതാവാണ് ഗുലാംനബി ആസാദ്. സഞ്ജയ് ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സംഘടനയിലും മന്ത്രിസഭയിലും പാര്‍ലമെന്‍റിലും നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചു.

1973ൽ ഭലസ്സയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചാണ് ഗുലാംനബി ആസാദ് രാഷ്ട്രീയത്തില്‍ സജീവമായത്. രണ്ട് വർഷത്തിന് ശേഷം ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 1980ൽ അദ്ദേഹം അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി.

രണ്ടു തവണ ലോക്‌സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിനെ കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് വലിയ വിവാദങ്ങങ്ങള്‍ക്കും ചർച്ചകള്‍ക്കും ഇടയാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹം പാര്‍ട്ടിയുമായി കൂടുതല്‍ അകന്നത്. ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയാണ് ഗുലാംനബി ആസാദ്. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലും അംഗമായിട്ടുണ്ട്.

അകല്‍ച്ചയ്ക്ക് കാരണമെന്ത്?

രാഹുല്‍ ഗാന്ധിയുടെ നയങ്ങളോട് കടുത്ത എതിര്‍പ്പ് ഗുലാംനബി ആസാദ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. സഞ്ജയ് ഗാന്ധിയിൽ നിന്നും മുഫ്തി മുഹമ്മദ് സയ്യിദിൽ നിന്നും രാഷ്ട്രീയം പഠിച്ചയാളാണ് താനെന്നും മറ്റുള്ളവരുടെ പാഠങ്ങൾ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ഒരിക്കല്‍ ഗുലാംനബി ആസാദ് പറയുകയുണ്ടായി. തങ്ങൾ കോൺഗ്രസിന്റെ സഹ ഉടമകളാണെന്നും കുടിയാന്മാരല്ലെന്നും ആനന്ദ് ശര്‍മയും വ്യക്തമാക്കുകയുണ്ടായി. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അവരുടെ വിശ്വസ്തരേക്കാളും നന്നായി രാഷ്ട്രീയം അറിയാമെന്നാണ് ഇരുവരുടെയും വിശ്വാസം. പതിറ്റാണ്ടുകളായി പാർട്ടിയെ വിശ്വസ്തതയോടെ സേവിച്ചിട്ടും രാഹുൽ ഗാന്ധിയുടെ സ്വാധീനം വര്‍ധിച്ചതോടെ പാര്‍ട്ടിയില്‍ പാർശ്വവത്കരിക്കപ്പെട്ടുവെന്ന് ഗുലാംനബി ആസാദിന് പരാതിയുണ്ട്.

രാജിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ത്?

ഗുലാംനബി ആസാദിന്‍റെ രാജിയും കോൺഗ്രസിന്റെ വരാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. കോൺഗ്രസ് ഇപ്പോൾ ഒരു പ്രത്യേക അവസ്ഥയിലാണ്. പാർട്ടി അധ്യക്ഷനാകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒരു നേതാവും താൽപ്പര്യപ്പെടുന്നില്ല. എന്നാൽ മിക്കവാറും എല്ലാ നേതാക്കളും പാർട്ടി അധ്യക്ഷന്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളാകാൻ ആഗ്രഹിക്കുന്നു.

രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ പാളയത്തിൽ നിന്നുള്ള ആരെങ്കിലുമോ പാർട്ടി അധ്യക്ഷനായാൽ ഗുലാംനബി ആസാദും തിരുത്തല്‍വാദികളും കൂടുതല്‍ ഒറ്റപ്പെട്ടേക്കും. വ്യക്തിപരമായ അകൽച്ചയുടെ മാത്രം കാര്യമല്ലിത്. പാർട്ടിയെ തങ്ങള്‍ അംഗീകരിക്കാത്ത ദിശയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതകള്‍ കൂടി തിരുത്തല്‍വാദികള്‍ മുന്നില്‍ക്കാണുന്നുണ്ട്. ആ ദിശ പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്തുമെന്നും ഗുലാംനബി ആസാദ് കരുതുന്നു.

ഗുലാംനബിയുടെ കുറ്റപത്രം

രാജിക്കത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുലാംനബി ആസാദ് നടത്തിയത്. സോണിയാ ഗാന്ധി പേരിന് മാത്രം അധ്യക്ഷയാണ്. തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ അനുയായികളോ ആണ്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നില്ല. താൻ നൽകിയ നിർദേശങ്ങൾ 9 വർഷമായി ചവറ്റുകൂനയിലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ തിരിച്ചടി നേരിട്ടു. രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ അധികാരമുള്ളത്. 2019 മുതൽ പാർട്ടിയുടെ സ്ഥിതി ഏറെ വഷളായി. പാർട്ടിക്ക് വേണ്ടി ജീവിച്ച മുതിർന്ന നേതാക്കൾ പ്രവർത്തക സമിതിയിൽ അവഹേളിക്കപ്പെട്ടു. റിമോർട്ട് കൺട്രോൾ ഭരണം യു.പി.എ സർക്കാരിനെയും കോൺഗ്രസിനെയും വഷളാക്കിയെന്നും രാജിക്കത്തില്‍ പറയുന്നു.

രാജിയുടെ പ്രത്യാഘാതമെന്ത്?

ജമ്മു കാശ്മീരിലെ മുൻ മുഖ്യമന്ത്രിയായ ഗുലാംനബി ആസാദിന് കോണ്‍ഗ്രസില്‍ വിശ്വസ്തരുണ്ട്. അദ്ദേഹത്തോടൊപ്പം ചില അനുയായികളും രാജിവച്ചിട്ടുണ്ട്. ആസാദ് അടുത്തതായി എന്ത് ചെയ്യും എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാനമാണ്. സ്വന്തം പാർട്ടി രൂപീകരിക്കുകയോ ബി.ജെ.പിയിൽ ചേരുകയോ ചെയ്താൽ അത് കോൺഗ്രസിന് തിരിച്ചടിയാകും. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സാമൂഹ്യ സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഗുലാംനബി ആസാദ് കഴിഞ്ഞ വര്‍ഷം പറയുകയുണ്ടായി. എന്താണ് അടുത്ത പദ്ധതിയെന്ന് ഗുലാംനബി ആസാദ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story