കാറിൽ വച്ച് മൂന്ന് പേർ മരിച്ചതിൽ 'ബാബ'യുടെ റോൾ എന്ത്?; പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ടു പേർ ആരൊക്കെ ?
ഞായറാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട കാറിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയത്

- Published:
10 Feb 2026 1:00 PM IST

ന്യുഡൽഹി: ഡൽഹി നഗരത്തിലെ ഫ്‌ലൈ ഓവറിൽ നിർത്തിയിട്ട കാറിൽ നിന്ന് മൂന്നു പേരുടെ മൃതദേഹം കണ്ടെത്തിയതിലെ അന്വേഷണം പുതിയ തലത്തിലേക്ക്. ആത്മഹത്യയെന്ന് ആദ്യ ഘട്ടത്തിൽ കരുതിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ അപ്രതീക്ഷിതമായ ചില ബന്ധങ്ങളാണ് തെളിയുന്നത്. കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു പേർക്കും ബന്ധമുള്ള 'ബാബ' എന്ന് വിളിക്കുന്ന ആത്മീയ നേതാവിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
കാർ നിർത്തിയിട്ടിരുന്ന ഫ്‌ലൈ ഓവറിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണം ബാബയിലേക്ക് എത്തിച്ചിരിക്കുന്നത്. മരിച്ചിരുന്ന മൂന്നു പേർക്കൊപ്പമുള്ള ബാബയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരാളുടെ ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. സംഭവത്തിൽ രണ്ടു പേരെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ബാബയും മറ്റൊരാളും സംഭവം പുറത്തറിയുന്നതിന് മുമ്പ് കാറിന് അടുത്തെത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരുമായി ഇയാൾക്ക് എന്ത് ബന്ധമാണുള്ളതെന്നും മരണത്തിന് തൊട്ടുമുമ്പ് ഇയാൾ എന്തിനാണ് ഇവരോടൊപ്പം ഉണ്ടായിരുന്നതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. രണ്ടു പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പീരഗഡി ഫ്‌ലൈ ഓവറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആദ്യം ഫയർഫോഴ്‌സാണ് സ്ഥലത്തെത്തിയത്. മൂന്നു പേർ മരിച്ച് കിടക്കുന്നത് കണ്ടതോടെ ഫയർഫോഴ്‌സ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കാറിന്റെ പൂട്ട് തകർത്ത് പരിശോധിച്ചപ്പോൾ രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും അനക്കമില്ലാത്ത ശരീരങ്ങളാണ് ഉള്ളിൽ കണ്ടത്. രൺധീർ (76), ശിവ് നരേഷ് സിംഗ് (47), ലക്ഷ്മി ദേവി (40) എന്നിവരാണ് മരിച്ചത്. മരിച്ച നിലയിൽ കണ്ടെത്തിയവരുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
ആത്മഹത്യയെന്ന വാദം മരിച്ചവരുടെ കുടുംബം ആദ്യം തന്നെ തള്ളിയിരുന്നു. എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരോ മാനസിക പ്രയാസമുള്ളവരോ അല്ല മരിച്ചവരാരും തന്നെയെന്നാണ് ബന്ധുക്കളുടെ നിലപാട്. മൃതദേഹത്തിന് സമീപത്ത് നിന്ന് സോഫ്റ്റ് ഡ്രിങ്കിന്റെ കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കുപ്പിയിൽ വെളുത്ത നിറത്തിലുള്ള ദ്രാവകം ഉണ്ടായിരുന്നുവെന്നും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുപ്പിയും ഗ്ലാസും ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
Adjust Story Font
16
