എന്താണ് 'മോൻത'?; ആരാണ് ചുഴലിക്കാറ്റിന് പേരിടുന്നത്?
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓരോ ചുഴലിക്കാറ്റുകള്‍ക്കും പേരിടുന്നത്

representative image
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോൻത' ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡിഷ,ആന്ധ്ര,തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. മഴക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്.
എന്താണ് മോൻത? ആരാണ് പേരിട്ടത് ?
വടക്കേ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ന്യൂഡൽഹിയിലെ റീജിയണൽ സ്‌പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്റർ (RSMC) ആണ്. ലോക കാലാവസ്ഥാ സംഘടന (WMO) യുടെയും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ, പസഫിക് സാമ്പത്തിക സാമൂഹിക കമ്മീഷന്റെയും (ESCAP) മേൽനോട്ടത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ആണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്.
തായ്‌ലാൻഡാണ് 'മോൻത' എന്ന പേരിട്ടത്.സുഗന്ധമുള്ള പുഷ്പം,അല്ലെങ്കിൽ മനോഹരമായ പുഷ്പം എന്നാണ് മോൻത എന്നതിന്റെ അർഥം.
ചുഴലിക്കാറ്റുകളെ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കാൻ പലപ്പോഴും കൃത്യമായി അവക്ക് പേരുണ്ടെങ്കിലേ സാധിക്കൂ..അതുകൊണ്ടാണ് ചുഴലിക്കാറ്റുകൾക്ക് വ്യത്യസ്തമായ പേരുകൾ നൽകുന്നത്. 2000ത്തിലാണ് ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്.
ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്ലൻഡ്, യെമൻ, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നിവയാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന രാജ്യങ്ങൾ. ഓരോ രാജ്യവും 13 പേരുകൾ നിർദേശിക്കും. ഇങ്ങനെ രാജ്യങ്ങൾ സമർപ്പിച്ച 169 പേരുകളിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോൾ അതിന് പേര് തെരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പട്ടികയിൽ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഈ അടിസ്ഥാനത്തിൽ രാജ്യങ്ങൾ നിർദേശിച്ച പേര് നൽകും. ഇപ്പോൾ വന്ന ചുഴലിക്കാറ്റിന് തായ്‌ലൻഡ് പേരു നൽകിക്കഴിഞ്ഞു. ഇനി അടുത്ത ഊഴം യുഎഇക്കാണ്. പട്ടിക പ്രകാരം, അടുത്ത ചുഴലിക്കാറ്റിന് സെൻ യാർ എന്നായിരിക്കും പേര്.അതിന് ശേഷം അതിനുശേഷം ദിത്വ (യെമൻ), അർണാബ് (ബംഗ്ലാദേശ്), മുറാസു (ഇന്ത്യ) എന്നിവയായിരിക്കും ചുഴലിക്കാറ്റുകൾക്കിടുന്ന പേരുകൾ.
പേരിടാനുമുണ്ട് ചില മാനദണ്ഡങ്ങൾ
1900-കളുടെ മധ്യത്തിൽ ചുഴലിക്കാറ്റുകൾക്ക് സ്ത്രീ നാമങ്ങൾ മാത്രമേ നൽകിയിരുന്നുള്ളൂ, പിന്നീട് 1900-കളുടെ അവസാനത്തിന് മുമ്പ് ദക്ഷിണാർദ്ധഗോളത്തിലെ ചുഴലിക്കാറ്റുകൾക്ക് പുരുഷ നാമങ്ങൾ നൽകിയിരുന്നുവെങ്കിലും ഇപ്പോഴിടുന്ന പേരുകൾ നിക്ഷപക്ഷമാണ്.
രാജ്യങ്ങളിടുന്ന പേരുകൾക്ക് ചില കർശന മാനദണ്ഡങ്ങളുണ്ട്. പേര് നിക്ഷ്പക്ഷമായിരിക്കണം.ഏതെങ്കിലും ജനവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തതായിരിക്കണം. പരമാവധി എട്ട് അക്ഷരങ്ങൾ മാത്രമേ ഉണ്ടാകൂ.
ജാതി,മതം വർഗം,വർണം രാഷ്ട്രീയം തുടങ്ങിയവയുമായുള്ള വിവേചനങ്ങൾ ഒഴിവാക്കണം.ഉച്ചരിക്കാൻ എളുപ്പമായിരിക്കണം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പാലിച്ചാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്.
Adjust Story Font
16

