'തലക്ക് വിലയിട്ടത് ഒരു കോടി'; ആരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ചലപതി
ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്

ഹൈദരാബാദ്: ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്ത് മാവോയിസ്റ്റുകൾക്കെതിരെ നടത്തിയ ഏറ്റവും വിജയകരമായ ഓപ്പറേഷനെന്നാണ് സുരക്ഷാസേന ഇതിനെ വിശേഷിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ചലപതി എന്ന പേരിലറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവുമുണ്ടായിരുന്നു എന്നതാണ് ഇതിന് കാരണം. മാവോയിസ്റ്റ് പാർട്ടി സെൻട്രൽ കമ്മറ്റിയിലെ മുതിർന്ന അംഗമായ ചലപതിയുടെ തലക്ക് ഒരുകോടി രൂപയാണ് സുരക്ഷാസേന വിലയിട്ടിരുന്നത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ജനിച്ച ചലപതി. ഏകദേശം 27 വർഷം മുമ്പാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുന്നത്. ചലപതിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. സാധാരണ മാവോയിസ്റ്റ് കേഡറായി പ്രവർത്തനം തുടങ്ങിയ ഇയാൾ ഘട്ടം ഘട്ടമായാണ് പാർട്ടിയിലെ ഉന്നത നേതൃത്വത്തിലേക്ക് എത്തിയത്.
തന്ത്രപരമായ ആക്രമണങ്ങളിൽ മികവ് പുലർത്തിയ ഇയാൾ ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ബസ്തർ വനമേഖലയായിരുന്നു ചലപതിയുടെ പ്രധാന പ്രവർത്തനകേന്ദ്രം. എകെ 47, എസ്എൽആർ തുടങ്ങിയ തോക്കുകളോടെയുള്ള 12 മുതൽ 15 വരെ മാവോയിസ്റ്റുകളെയാണ് ഇയാളുടെ സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ചലപതിക്കായി ഒരുക്കിയ സുരക്ഷ മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യത്തിന്റെ തെളിവാണ്. അതുകൊണ്ടുതന്നെയാണ് ഇയാളുടെ തല്ക്ക് സുരക്ഷാസേന ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നത്. രാജ്യം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ആഭ്യന്തര തീവ്രവാദികളിൽ ഏറ്റവും പ്രധാനപ്പെട്ട പേരായിരുന്നു ചലപതിയുടേത്.
Adjust Story Font
16

