ആരുടെ നിർദേശപ്രകാരമാണിത്? ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവം വിടാതെ ആർജെഡി
ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷ വർധിപ്പിക്കണമെന്നും ആര്‍ജെഡി

വിവിപാറ്റ് സ്ലിപ്പുകൾ റോഡിൽ കിടക്കുന്ന നിലയിൽ Photo - @RJDforIndia/x
പറ്റ്ന: ബിഹാറിലെ സമസ്തിപുരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ആര്‍ജെഡി. സമസ്തിപുരിലെ കെഎസ്ആർ കോളജിന് സമീപമാണ് റോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടത്.
ആരുടെ നിർദേശപ്രകാരമാണ് വിവിപാറ്റ് സ്ലിപ്പുകൾ വലിച്ചെറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിന് ഉത്തരം നൽകുമോയെന്നും ആർജെഡി നേതൃത്വം ചോദിച്ചു. ‘ജനാധിപത്യത്തിലെ കൊള്ളക്കാരുടെ’ നിർദേശപ്രകാരമാണോ ഇതെല്ലാം സംഭവിക്കുന്നതെന്നും ആർജെഡി എക്സ് പോസ്റ്റിൽ ചോദിക്കുന്നു.
അതിനിടെ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർജെഡി എംപി മനോജ് കെ ഝാ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തെഴുതി.
സമസ്തിപുരിലെ സറൈരഞ്ജൻ മണ്ഡലത്തിലാണ് റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിവിപാറ്റ് സ്ലിപ്പുകൾ പിടിച്ചെടുത്തുവെന്നും സംഭവത്തിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമസ്തിപുർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുഷ്വാഹ പറഞ്ഞു.
സമസ്തിപുർ ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലം സന്ദർശിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
Adjust Story Font
16

