'സോണിയാ ഗാന്ധി രാജീവ് ഗാന്ധിയുടെ മടിയിൽ ഇരുന്നതിനാണോ ചില അമ്മാവന്മാർക്ക് സമനില തെറ്റുന്നത്?'; വിമർശകര്‍ക്ക് മറുപടിയുമായി സൊനാക്ഷി സിൻഹ
പുരുഷാധിപത്യപരമായ ദാമ്പത്യങ്ങളാൽ മനസ്സ് ഇത്രയധികം വികലമായിപ്പോയതുകൊണ്ടാണ് ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഇത്രമേൽ സ്നേഹത്തിലായിരിക്കുന്നത് ഇവർക്കൊരു സാമൂഹിക ലംഘനമായി തോന്നുന്നത്

- Published:
18 Nov 2026 1:49 PM IST

മുംബൈ: രാജീവ് ഗാന്ധിയും സോണിയയും തമ്മിലുള്ള പ്രണയത്തിന്റെ ആഴത്തെക്കുറിച്ച് മകൻ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കുമ്പോഴെല്ലാം അച്ഛന്റെ മടിയിൽ അമ്മ ഇരിക്കുമായിരുന്നുവെന്ന രാഹുലിന്റെ വാക്കുകളാണ് ബിജെപി ഏറ്റുപിടിച്ചിരിക്കുന്നത്.
പൊതുവേദിയിൽ പാലിക്കേണ്ട മര്യാദകളും മാന്യതയും രാഹുൽ ഗാന്ധി ലംഘിച്ചുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സൊനാക്ഷി സിൻഹ രംഗത്തെത്തി.ഭര്‍ത്താവിന്റെ മടിയിൽ ഭാര്യ ഇരിക്കുന്നതിനെ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് നടി ചോദിക്കുന്നു. ഭാവിയിൽ തന്റെ കുട്ടികൾക്ക് വലിയൊരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും താരം തമാശയായി പറഞ്ഞു.
“ഉച്ചഭക്ഷണ സമയത്ത് സോണിയാ ഗാന്ധി രാജീവ് ഗാന്ധിയുടെ മടിയിൽ ഇരിക്കാറുണ്ടായിരുന്നു എന്നതിന്റെ പേരിലാണോ ഇപ്പോൾ ചില അമ്മാവന്മാർക്ക് സമനില തെറ്റുന്നത്? കടുകുമണിയോളം പോന്ന തലച്ചോറിൽ ചിന്തിക്കാൻ മറ്റൊന്നുമില്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. സ്നേഹശൂന്യമായ, പുരുഷാധിപത്യപരമായ ദാമ്പത്യങ്ങളാൽ മനസ്സ് ഇത്രയധികം വികലമായിപ്പോയതുകൊണ്ടാണ് ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഇത്രമേൽ സ്നേഹത്തിലായിരിക്കുന്നത് ഇവർക്കൊരു സാമൂഹിക ലംഘനമായി തോന്നുന്നത്.”
ഈ പോസ്റ്റിനൊപ്പം സോനാക്ഷി സ്വന്തമായി രസകരമായ ഒരു അടിക്കുറിപ്പും നൽകിയിരുന്നു: “ഓഹ്... എന്റെ ഭാവി മക്കൾക്ക് അവരെ കാത്തിരിക്കുന്നത് എന്താണെന്ന് ഒരു പിടിയുമില്ല. തയ്യാറായി ഇരുന്നോളൂ മക്കളെ (നിങ്ങൾ ഇപ്പോൾ എവിടെയാണെങ്കിലും ശരി).”
സോണിയയുടെ ഓര്‍മക്കുറിപ്പായ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് രാഹുൽ തന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വ്യക്തിപരമായ ഓര്‍മകൾ പങ്കുവെച്ചത്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് മാതാപിതാക്കൾ എത്രമാത്രം വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നതെന്ന് രാഹുൽ ഓർമിച്ചു. ''ഊണുമേശയിൽ പപ്പയുണ്ടാകും ..പപ്പയുടെ മടിയിൽ മമ്മിയും' എല്ലാം കുടുംബത്തിലും ഇങ്ങനെയാണെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കളുടെ വീടുകൾ സന്ദര്‍ശിക്കാൻ തുടങ്ങിയപ്പോഴാണ് ഓരോ കുടുംബത്തിലും സ്ഥിതി വ്യത്യസ്തമാണെന്ന് മനസിലായത്.
Fear, anger and hatred have woven a web in the hearts of BJP and RSS supporters that stops them from experiencing and expressing love.
As a true Hindu, it is my duty to free them from this web, so that they too can start to experience the breathtaking beauty and joy of love and belonging in their lives.
Satyam Shivam Sundaram.
— Rahul Gandhi (@RahulGandhi) November 17, 2026
ഇതുകേട്ട് ചിരിച്ചുകൊണ്ട് ചെറിയൊരു ചമ്മലോടെ തലയാട്ടുന്ന സോണിയെയും വേദിയിൽ കാണാം. എന്നാൽ രാഹുല്‍ ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം സ്വന്തം അമ്മയെപ്പോലും പരസ്യമായി നാണംകെടുത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു. കുടുംബബന്ധങ്ങളിലെ ബഹുമാനത്തെക്കുറിച്ചും പൊതുജീവിതത്തിലെ ലക്ഷ്മണരേഖയെക്കുറിച്ചും രാഹുലിന് ധാരണയില്ലെന്ന് യുപി ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരിയും വിമര്‍ശിച്ചു.
തൊട്ടുപിന്നാലെ ചുട്ടമറുപടിയുമായി രാഹുലും രംഗത്തെത്തി. കർണാടകയിലെ ഹൊയ്സലേശ്വര ക്ഷേത്രത്തിലെ ശിവപാർവ്വതി ശില്പത്തിന്റെ ചിത്രമാണ് രാഹുൽ എക്സിൽ പങ്കുവച്ചത്. ഇതിൽ ശിവന്റെ മടിയിൽ പാര്‍വതി ഇരിക്കുന്നതാണ്. ഭയവും ദേഷ്യവും വിദ്വേഷവും ബിജെപി-ആർഎസ്എസ് അനുഭാവികളുടെ ഹൃദയങ്ങളിൽ വല നെയ്തിരിക്കുകയാണെന്നും, അതുകൊണ്ടാണ് സ്നേഹം അനുഭവിക്കാനും പ്രകടിപ്പിക്കാനും സാധിക്കാത്തതെന്നും രാഹുൽ കുറിച്ചു.''ഒരു യഥാര്‍ഥ ഹിന്ദു എന്ന നിലയിൽ ഇതിൽ നിന്നും അവരെ മോചിപ്പിക്കേണ്ടത് എന്റെ കടമാണ്. അങ്ങനെ അവര്‍ക്കും അവരുടെ ജീവിതത്തിൽ സ്നേഹത്തിന്റെ അതിശയിപ്പിക്കുന്ന സൗന്ദര്യവും സന്തോഷവും അനുഭവിക്കാൻ തുടങ്ങും. സത്യം ശിവം സുന്ദരം." എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പോസ്റ്റ്.
എന്നാൽ പോസ്റ്റിന് പിന്നാലെ, വിമർശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് കോൺഗ്രസ് അനുകൂലികൾ ബിജെപിക്കെതിരായ ആക്രമണം കൂടുതൽ ശക്തമാക്കി. “സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിലും പങ്കാളികൾ പരസ്പരം അഗാധമായി പ്രണയിച്ചുകൊണ്ടിരിക്കാനും, യാതൊരു മടിയും കൂടാതെ ആ സ്നേഹം പ്രകടിപ്പിക്കാനും പരസ്പരം ചേർത്തുപിടിക്കാനും കഴിയുന്നത്.
അതുപോലെ കണ്ടുമുട്ടിയ ആദ്യ ദിവസം ലോകം നിശ്ചലമായതുപോലെ ഇപ്പോഴും പരസ്പരം നോക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികൾ വളരുന്നത് – മനോഹരം മാത്രമല്ല, അതൊരു വിപ്ലവം കൂടിയാണ്. സ്നേഹം ഒരു അനുഗ്രഹമാണ്, അതൊരു ഭാഗ്യമാണ്. ചിലർക്ക് ഒരിക്കലും ലഭിക്കാത്ത ഒരു സമ്മാനമാണത്; അത് ലഭിച്ചവർ ഒരിക്കലും അത് മറച്ചുവെക്കരുത്.” കോൺഗ്രസിന്റെ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ചെയർപേഴ്സൺ സുപ്രിയ ശ്രീനേത് എക്സിൽ കുറിച്ചു.
Adjust Story Font
16
