Quantcast

'ഇന്ത്യക്ക് എന്തുകൊണ്ട് ഒരു ദലിത് പ്രധാനമന്ത്രിയുണ്ടായില്ല'; ചോദ്യമുയര്‍ത്തി മായാവതി

'രാഷ്ട്രീയ അവകാശങ്ങളെ കുറിച്ചും നീതിയെ കുറിച്ചും ആരും ചർച്ച ചെയ്യുന്നില്ല, അതിനാലാണ് രാജ്യത്ത് ഇതുവരെ ഒരു ദലിതനും പ്രധാനമന്ത്രിയാകാൻ കഴിയാത്തത്'

MediaOne Logo

ijas

  • Updated:

    2022-10-27 16:32:09.0

Published:

27 Oct 2022 4:27 PM GMT

ഇന്ത്യക്ക് എന്തുകൊണ്ട് ഒരു ദലിത് പ്രധാനമന്ത്രിയുണ്ടായില്ല; ചോദ്യമുയര്‍ത്തി മായാവതി
X

ലഖ്നൗ: ഇന്ത്യന്‍ വേരുകളുള്ള ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് പിന്നാലെ ഉയര്‍ന്ന ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക് യുദ്ധത്തിന് മറുപടിയുമായി ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് മായാവതി. ഇരുദേശീയ പാര്‍ട്ടികളും അനാവശ്യകാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നും ആരും തന്നെ രാജ്യത്തിന് ഒരു ദലിത് പ്രധാനമന്ത്രി വരേണ്ടതിന്‍റെ രാഷ്ട്രീയ അവകാശ നീതിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നും മായാവതി പറഞ്ഞു.

'ഇന്ത്യൻ വംശജനായ ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിയമിതനായ ശേഷം, ഇവിടെ ഇന്ത്യയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ട്വിറ്റർ യുദ്ധം നടക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും എല്ലായിടത്തും ഉന്നയിക്കപ്പെടുന്നു. എന്നാൽ രാഷ്ട്രീയ അവകാശങ്ങളെ കുറിച്ചും നീതിയെ കുറിച്ചും ആരും ചർച്ച ചെയ്യുന്നില്ല, അതിനാലാണ് രാജ്യത്ത് ഇതുവരെ ഒരു ദലിതനും പ്രധാനമന്ത്രിയാകാൻ കഴിയാത്തത്'- മായാവതി പറഞ്ഞു.

രാജ്യതാൽപ്പര്യത്തിനും പൗരന്മാരുടെ നല്ല ഭാവിക്കും വേണ്ടി ഭരണാധികാരികൾ സങ്കുചിതവും ജാതീയവുമായ ചിന്താഗതി മാറ്റിവെക്കണമെന്നും ബി.എസ്.പി മേധാവി കൂട്ടിച്ചേർത്തു. വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അമേരിക്കയും യൂറോപ്പും ഭീകര പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ അവര്‍ പുതിയ പരീക്ഷണങ്ങൾ നടത്തി പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യൻ ഭരണാധികാരികള്‍ അവരുടെ സങ്കുചിതവും ജാതീയവുമായ ചിന്തകൾ രാജ്യത്തിന് വേണ്ടി ഉപേക്ഷിക്കണം'; മായാവതി പറഞ്ഞു.

ദലിതരുടെയും കീഴാളരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും യഥാർത്ഥ സുഹൃത്ത് ആരാണെന്ന് അന്വേഷിക്കേണ്ടതും പരിശോധിക്കേണ്ടതും ആവശ്യമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ പാർട്ടികളുടെ സങ്കുചിത ചിന്തക്കകത്ത് അകപ്പെട്ടിരിക്കുകയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story