Quantcast

ആരാണീ തുറിച്ചുനോക്കുന്ന സ്ത്രീ? ബംഗളൂരുവിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ എന്തിനാണ് ഇവരുടെ ഫോട്ടോ വയ്ക്കുന്നത്?

കർണാടകയിലുടനീളം പതിവായി സഞ്ചരിക്കുന്ന @unitechy എന്ന എക്സ് ഉപയോക്താവാണ് സ്ത്രീയുടെ ചിത്രം പങ്കുവച്ചത്

MediaOne Logo
ആരാണീ തുറിച്ചുനോക്കുന്ന സ്ത്രീ? ബംഗളൂരുവിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ എന്തിനാണ് ഇവരുടെ ഫോട്ടോ വയ്ക്കുന്നത്?
X

ബംഗളൂരു: വലിയ കണ്ണുകളുമായി തുറിച്ചുനോക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചര്‍ച്ചയായിരിക്കുന്നത്. ബംഗളൂരുവിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും ഇവരുടെ ഫോട്ടോ വയ്ക്കുന്നത് എന്തിനാണെന്ന് നഗരത്തിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി എക്സിൽ പോസ്റ്റിട്ടതോടെയാണ് ചര്‍ച്ചകൾക്ക് വഴിതെളിച്ചത്.

കർണാടകയിലുടനീളം പതിവായി സഞ്ചരിക്കുന്ന @unitechy എന്ന എക്സ് ഉപയോക്താവാണ് സ്ത്രീയുടെ ചിത്രം പങ്കുവച്ചത്. ബംഗളൂരുവിന് പുറത്തുള്ള നിര്‍മാണ സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം സാരി ധരിച്ച് സിന്ദൂരം ചാര്‍ത്തിയ വലിയ കണ്ണുകളോടു കൂടിയുള്ള ഒരു സ്ത്രീയുടെ ഫോട്ടോ എല്ലാ കെട്ടിടങ്ങൾക്ക് മുന്നിലും വച്ചിരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. കൗതുകം തോന്നിയ യുവതി സ്ത്രീയുടെ ഫോട്ടോ എടുത്ത് ആരാണിവരെന്ന് ഗൂഗിളിൽ തിരഞ്ഞെങ്കിലും കണ്ടെത്തനായില്ല. സാധാരണയായി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകളിലും കടകളിലുമെല്ലാം പ്രാദേശിക വിശ്വാസപ്രകാരം കണ്ണേറ് തട്ടാതിരിക്കാൻ രാക്ഷസ രൂപങ്ങളോ നോക്കുകുത്തിയോ വയ്ക്കാറുണ്ട്. എന്നാൽ എന്തിനാണ് ഒരു സ്ത്രീ ഫോട്ടോ വയ്ക്കുന്നതെന്നായിരുന്നു ചോദ്യം.

തിങ്കളാഴ്ചയാണ് ഉപയോക്താവ് ഈ പോസ്റ്റിട്ടത്. പെട്ടെന്ന് തന്നെ ഇത് വൈറലാവുകയും 3.2 ദശലക്ഷത്തിലധികം പേര്‍ കാണുകയും പ്രതികരിക്കുകയും ചെയ്തു. പലരും പലതരത്തിലുള്ള വിശദീകരണങ്ങളാണ് നൽകിയത്. ദൃഷ്ടിദോഷം അകറ്റാനും നെഗറ്റീവ് എനര്‍ജിയിൽ നിന്ന് സ്വത്തുവകകൾ സംരക്ഷിക്കാനും ഇന്ത്യയിലുടനീളം ഉപയോഗിക്കുന്ന 'നാസര്‍ ബട്ടു' ആയിട്ടാണ് ചിത്രം പ്രവര്‍ത്തിക്കുന്നതെന്ന് ചിലര്‍ പറഞ്ഞു. ഇതൊരു മീം ആയിരിക്കുമെന്നാണ് ഒരു കൂട്ടര്‍ കണ്ടെത്തിയത്.

ആരാണീ സ്ത്രീ?

ഒടുവിൽ ഗണേഷ് എന്ന ഉപയോക്താവാണ് വൈറലായ സ്ത്രീ ആരാണെന്ന് കണ്ടെത്തിയത്. ''ചിത്രത്തിലുള്ളത് നിഹാരിക റാവു എന്ന യൂട്യൂബറാണ്. കർണാടകയിലെ നൂറുകണക്കിന് ആളുകൾ അവരുടെ കടകളുടെയും വീടുകളുടെയും കൃഷിയിടങ്ങളുടെയും മുന്നിൽ കണ്ണേറ് തട്ടാതിരിക്കാൻ ഇവരുടെ ഫോട്ടോ വയ്ക്കുന്നു. ഇതാണ് ഫെമിനിസത്തിന്‍റെ യഥാര്‍ഥ ശക്തി'' എന്നാണ് ഗണേഷ് കുറിച്ചത്. സ്ത്രീയുടെ ഞെട്ടിക്കുന്ന മുഖഭാവം 2023 ലെ വൈറലായ ഒരു വീഡിയോ ക്ലിപ്പിൽ നിന്നാണ് ഉത്ഭവിച്ചത്. പിന്നീടത് ട്രെന്‍ഡിങ്ങായ മീമായി മാറുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ നാട്ടുകാര്‍ ഈ മീം ദൃഷ്ടിദോഷമകറ്റുക എന്ന വിശ്വാസത്തിൽ ഉപയോഗിക്കാൻ തുടങ്ങുകയായിരുന്നു.

TAGS :

Next Story