അസമിൽ വീണ്ടും വ്യാപക കുടിയൊഴിപ്പിക്കൽ; രണ്ട് ദിവസത്തിനിടെ വീടുകൾ നഷ്ടമായത് 1100ലേറെ മുസ്‌ലിം കുടുംബങ്ങൾക്ക്
അദാനിയുടെ പവർ പ്ലാന്റുകളുടെ നിർമാണത്തിനായി ഭൂമി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കൽ നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്

ഗുവാഹത്തി: അസമിൽ കയ്യേറ്റം ആരോപിച്ച് ബിജെപി സർക്കാറിന്റെ നേതൃത്വത്തിൽ വീണ്ടും വ്യാപക കുടിയൊഴിപ്പിക്കൽ. രണ്ട് ദിവസത്തിനിടെ നാഗോൺ, ഗോലാഘട്ട്, ഹോജായ് ജില്ലകളിലായി 1100ലേറെ മുസ്‌ലിം കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കിയെന്നാണ് റിപ്പോർട്ട്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിംകളാണ്.
ഒഴിപ്പിക്കൽ നടപടികൾക്കിടെ 50 വർഷത്തിലേറെ പഴക്കമുള്ളവ ഉൾപ്പെടെ പത്തിലധികം പള്ളികളും പൊളിച്ചുനീക്കിയതായി റിപ്പോർട്ടുകളുണ്ട്. നാഗോൺ ജില്ലയിലെ ലുതുമാരി ലോങ്ജപ് റിസർവ് ഫോറസ്റ്റിൽ മാത്രം 600ലേറെ മുസ്‌ലിം കുടുംബങ്ങളുടെ വീടുകളാണ് അധികൃതർ തകർത്തത്.
ബുൾഡോസറുകൾ ഉപയോഗിച്ചാണ് വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുനീക്കിയത്. നടപടിക്കെതിരെ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. നാട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചാണ് ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അദാനിയുടെ പവർ പ്ലാന്റുകളുടെ നിർമാണത്തിനായി ഭൂമി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കൽ നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വർഷങ്ങളായി താമസിക്കുന്നവരെ ഒഴിപ്പിക്കുമ്പോൾ അവർക്ക് ആവശ്യമായ പുനരധിവാസ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അസമിലെ വിദ്യാർഥി സംഘടനകളടക്കമുള്ളവർ ആവശ്യപ്പെട്ടു.
Adjust Story Font
16

