സവർക്കർക്ക് ബാരിസ്റ്റർ ബിരുദം നൽകാൻ ഇംഗ്ലണ്ടിനോട് ആവശ്യപ്പെടുമെന്ന് ദേവന്ദ്ര ഫഡ്‌നാവിസ്
സവർക്കർ നടത്തിയ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ ബാരിസ്റ്റർ ബിരുദം ബ്രിട്ടീഷുകാർ തടഞ്ഞുവെക്കുകയായിരുന്നു എന്നും ഫഡ്‌നാവിസ് പറഞ്ഞു.

മുംബൈ: സവർക്കർക്ക് ബാരിസ്റ്റർ ബിരുദം നൽകാൻ ഇംഗ്ലണ്ടിനോട് ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സവർക്കർ നടത്തിയ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ ബാരിസ്റ്റർ ബിരുദം ബ്രിട്ടീഷുകാർ തടഞ്ഞുവെക്കുകയായിരുന്നു എന്നും ഫഡ്‌നാവിസ് പറഞ്ഞു.
ബാരിസ്റ്റർ ബിരുദം തിരികെ ലഭിക്കുന്നതിനായി സർവകലാശാല വിശദമായ ഒരു നിർദേശം തയ്യാറാക്കണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇംഗ്ലണ്ടിലെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കത്തിടപാടുകൾ നടത്തുകയും മരണാനന്തരം അദ്ദേഹത്തിന് ബാരിസ്റ്റർ ബിരുദം നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. മുംബൈ യൂണിവേഴ്‌സിറ്റിയിലെ സവർക്കർ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടനിലെ ഗ്രേസ് ഇന്നിൽ സവർക്കർ അദ്ദേഹത്തിന്റെ നിയമപഠനം പൂർത്തിയാക്കിയിരുന്നു. എന്നാൽ ബ്രിട്ടീഷ് രാജ്ഞിയോട് കൂറ് കാണിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ചതിനാൽ ബാരിസ്റ്റർ ബിരുദം നിഷേധിക്കുകയായിരുന്നു. അത് അദ്ദേഹത്തിന്റെ ബുദ്ധിശക്തിയോടുള്ള അനീതി മാത്രമായിരുന്നില്ല, വിട്ടുവീഴ്ചയില്ലാത്ത ദേശസ്‌നേഹത്തിന്റെ തെളിവ് കൂടിയായിരുന്നു.
സവർക്കറെ മാഫി വീർ വിളിക്കുന്നവർക്ക് അദ്ദേഹം ഏകാന്ത തടവിൽ കഴിഞ്ഞ തടവറയിൽ 11 മണിക്കൂർ എങ്കിലും കഴിയാനാവുമോ എന്ന് ചോദിച്ചു. അങ്ങനെ ചെയ്താൽ അവർക്ക് പത്മശ്രീ നൽകാൻ താൻ തയ്യാറാണെന്നും സവർക്കർ പറഞ്ഞു. സവർക്കർ ഒരു ബാരിസ്റ്ററായിരുന്നു. അദ്ദേഹം ഒരു അപേക്ഷ നൽകുമ്പോൾ 'നിങ്ങളോട് ആത്മാർഥതയോടെ' എന്ന് എഴുതുമായിരുന്നു. ഇപ്പോഴാണെങ്കിലും അത് അങ്ങനെ തന്നെയാണ് എഴുതുക. അതിനെ മാപ്പപേക്ഷയായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
കലിന ക്യാമ്പസിൽ സവർക്കർ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ വികസിപ്പിക്കുന്നതിനായി 100 കോടി ഗ്രാൻഡ് അനുവദിക്കാൻ മുംബൈ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

