'വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ പിഴചുമത്തും'; ഇൻഫ്ലുവൻസർമാർക്ക് മുന്നറിയിപ്പുമായി സുപ്രിംകോടതി
സോഷ്യൽ മീഡിയയിലെ ഭാഷക്ക് മാർഗനിർദേശം കൊണ്ടുവരണമെന്ന് സുപ്രിംകോടതി നിർദേശിച്ചു

ന്യൂഡൽഹി: വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ ഇൻഫ്ലുവൻസർമാർക്കും യുട്യൂബർമാർക്കും പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സുപ്രിംകോടതി. വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' അവതാരകനായ സമയ് റെയ്‌ന ഉൾപ്പെടെ അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോടായിരുന്നു സുപ്രിംകോടതിയുടെ പ്രതികരണം.
ഇത്തരം പരാമർശം നടത്തിയ യുട്യൂബർമാരും ഇൻഫ്ലുവൻസർമാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കിൽ പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
യുട്യൂബർ രൺവീർ അലഹബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശം. വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാൻ രൺവീർ ഉൾപ്പടെയുള്ള ഇൻഫ്ലുവൻസർമാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലെ ഭാഷക്ക് മാർഗനിർദേശം കൊണ്ടുവരണമെന്ന് കോടതി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് നിർദേശിച്ചു. ഇതിൽ സമൂഹത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിക്കണമെന്നും കോടതി വ്യക്തമാക്കി.
കൊമേഡിയൻ സമയ് റെയ്‌നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അലഹബാദിയ നടത്തിയ പരാമർശം വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
Adjust Story Font
16

