Quantcast

ശംഭു അതിർത്തിയിൽ സമരം ചെയ്യുന്നവരുടെ പാസ്പോർട്ട് റദ്ദാക്കാൻ നിർദേശം; കടുത്ത നടപടിയുമായി ഹരിയാന പൊലീസ്

സമരത്തിന്‍റെ അടുത്ത ഘട്ടം കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിക്കും

MediaOne Logo

Web Desk

  • Published:

    29 Feb 2024 4:23 AM GMT

Farmers’ protest
X

ഡല്‍ഹി: സമരം ചെയ്യുന്ന കർഷകർക്കെതിരെ കടുത്ത നടപടിയുമായി ഹരിയാന പൊലീസ്. ശംഭു അതിർത്തിയിൽ സമരം ചെയ്യുന്നവരുടെ പാസ്പോർട്ട് റദ്ദാക്കാൻ നിർദേശം . തിരിച്ചറിഞ്ഞവരുടെ വിവരങ്ങൾ ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

ദേശീയ തലസ്ഥാനത്തേക്കുള്ള മാർച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിൽ നിന്നുള്ള കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി, ശംഭു പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു.വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.

അതേസമയം സമരത്തിന്‍റെ അടുത്ത ഘട്ടം കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിക്കും.സമരത്തിനിടെ വെടിയേറ്റ് മരിച്ച യുവ കർഷകന്‍റെ മൃതദേഹം എട്ടാം ദിവസവും ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.വെടിവെപ്പില്‍ മരിച്ച ശുഭ്കരൻ സിംഗിൻ്റെ മൃതദേഹം എട്ട് ദിവസമായിട്ടും സംസ്കരിക്കാനോ പോസ്റ്റ്മോർട്ടം നടത്താനോ കുടുംബം തയ്യാറായിട്ടില്ല. യുവ കർഷകൻ്റെ ഘാതകർക്ക് എതിരെ നടപടി സ്വീകരിക്കാൻ പഞ്ചാബ് പോലീസ് തയ്യാറാകുന്നില്ല എന്നാണ് കുടുംബത്തിൻ്റെയും കർഷക സംഘടനകളുടെയും ആരോപണം. മരണം നടന്നു എട്ട് ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പഞ്ചാബ് പൊലീസിന് കഴിഞ്ഞിട്ടില്ല. ശുഭ്കരൻ സിംഗിൻ്റെ മരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കർഷക സംഘടനകൾ പഞ്ചാബ് സർക്കാരിന് നൽകിയ സമയം ഇന്ന് തീരുകയാണ്.

എഫ്.ഐ.ആർ പൊലീസ് ഇന്ന് രജിസ്റ്റർ ചെയ്തില്ല എങ്കിൽ ഒരുപക്ഷേ പഞ്ചാബ് സർക്കാരിന് എതിരെ കർഷകർ കൂടുതൽ കടുത്ത സമരത്തിലേക്ക് കടക്കും. ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തി വെച്ച കർഷകർ മാർച്ച് വീണ്ടും എപ്പോൾ തുടങ്ങുമെന്ന് ഇന്ന് തീരുമാനിക്കും. അടുത്ത മാസം ഡൽഹിയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച മഹാപഞ്ചായത്തിൻ്റെ ഒരുക്കങ്ങൾ ഇന്ന് ചേരുന്ന കർഷക സംഘടനാ നേതാക്കളുടെ യോഗം വിലയിരുത്തും. സംയുക്ത കിസാൻ മോർച്ച സമര സമിതിയുമായി ചർച്ച നടത്താൻ രൂപീകരിച്ച ആറംഗ സംഘം സമരസമിതി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇന്ന് ചേരുന്ന നേതാക്കളുടെ യോഗത്തിലും ഒരുപക്ഷേ ആറംഗ സംഘം പങ്കെടുത്തെക്കും.

TAGS :

Next Story